'യൂണിഫോം അഴിച്ചുവെച്ചാല്‍ മേല് നൊന്തവന്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആഗതമായി; കാക്കിയെന്നാല്‍ ഏത് മനുഷ്യന്റെയും തലയടിച്ചു പൊട്ടിക്കാന്‍ ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്ന തെമ്മാടികള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ...'; പൊലീസുകാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതിനെ ന്യായികരിച്ച് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍; ന്യൂഇയര്‍ സമയത്തെ സിപിഒയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് വിമര്‍ശനം

Update: 2026-02-15 09:15 GMT

തിരുവനന്തപുരം: ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ച സംഭവം പൊലീസ് സേനയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ ആക്രമണത്തെ ന്യായികരിച്ച് ഇടത് സൈബര്‍ ഇടങ്ങള്‍. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ സിപിഒ മിഥുന്‍ റോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തതിലാണ് പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം വര്‍ധിക്കുന്നത്. അതേസമയം, ന്യൂഇയര്‍ പരിപാടിക്കിടെ മിഥുന്‍ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ ആക്രമണത്തെ ന്യായികരിക്കുന്നത്.

അകാരണമായി ആക്രമിക്കുന്ന പൊലീസിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പല ഇടത് പേജുകളും പങ്കുവെക്കുന്നത്. മിഥുന്‍ റോയ്ക്കെതിരെ വിവിധ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികളും വിവാദങ്ങളും ഇടത് പേജുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നുണ്ട്. യൂണിഫോം അഴിച്ചുവെച്ചാല്‍ മേല് നൊന്തവന്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആഗതമായെന്നാണ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാക്കിയെന്നാല്‍ ഏത് മനുഷ്യന്റെയും തലയടിച്ചു പൊട്ടിക്കാന്‍ ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്ന തെമ്മാടികള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ... എന്നാണ് കുറിപ്പില്‍ പറയുന്നത്.

കമ്മീഷണര്‍ സിനിമയിലെ രംഗം റീല്‍സായും സ്റ്റാറ്റസിലും പങ്കുവെച്ചുകൊണ്ടാണ് പൊലീസുകാരില്‍ പലരും പ്രതിഷേധം അറിയിക്കുന്നത്. താഴ്ന്ന നിലയിലുള്ള പൊലീസുകാര അധികാരമുള്ളവര്‍ ആക്രമിച്ചാലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നോവില്ലെന്ന് സുരേഷ് ഗോപിയുടെ നായക കഥാപാത്രം പറയുന്ന പ്രശസ്തമായ രംഗമാണ് ഇവര്‍ പങ്കുവെക്കുന്നത്. പൊലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഈ റീല്‍സ് പങ്കുവെച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് ഇപ്പോള്‍ വിവാദമാകുന്ന സംഭവം നടക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, 'ഇപ്പോള്‍ പേടിയാണോ അടിക്കണോ' എന്നിങ്ങനെ മിഥുന് പിന്നാലെ നടന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്‌ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം.

ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഈ സംഭവത്തിലുള്ള പ്രതികാരമാണ് ശനിയാഴ്ച മാളില്‍ നടന്നത് എന്ന് കരുതപ്പെടുന്നു. ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം. ഷോപ്പിംഗ് മാളില്‍ വെച്ച് തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്ന മിഥുന്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുജിത്ത്, രേവന്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ പരാതി സ്വീകരിക്കാനും കേസെടുക്കാനും പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധ കേരളത്തിന് അപമാനമെന്നും പോലീസുദ്യോഗസ്ഥര്‍ക്കൊപ്പമെന്നും കേരള പോലീസ് അസോസിയേഷന്‍ പ്രതികരിച്ചു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ ഗുരുതര പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിച്ചുമൊക്കെ രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്.

ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു

Similar News