കര്‍ഷകര്‍ക്കുള്ള സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല; സബ്സിഡി അനുവദിക്കാന്‍ തീരുമാനിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍; സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ള് മാത്രം; മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌ക്കാരം വാങ്ങിയ മാതൃകാ കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തം

Update: 2026-02-15 10:50 GMT

കണ്ണൂര്‍: സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ളുമാത്രമാണെന്ന് തെളിയിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായകണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ മാതൃകാ കര്‍ഷകന്‍ ദാരുണമായി ജീവനൊടുക്കി. ഇടവരമ്പ് സ്വദേശിയായ കര്‍ഷകനായ . ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു.

നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്.

ഏലിയാസ് അമ്പാട്ടിനു 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരന്‍ വര്‍ക്കി പറഞ്ഞു. 12 ഏക്കര്‍ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഏലിയാസ് 35 വര്‍ഷമായി പച്ചക്കറി കര്‍ഷകനാണ്. 12 ഏക്കറിലായിരുന്നു പാവല്‍, വാഴ, പയര്‍, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നത്. വിളയുടെ വിലക്കുറവും കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതും സഹോദരനെ പ്രതിസന്ധിയിലാക്കിയെന്ന് സഹോദരന്‍ പറഞ്ഞു.

അടുത്തിടെ വിളവെടുപ്പ് മോശമായതിനെ തുടര്‍ന്ന് കൃഷി തുടരാന്‍ ഏലിയാസ് ബുദ്ധിമുട്ടി. എങ്കിലും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ സബ്സിഡി കൂടി ലഭിക്കാന്‍ വൈകിയതോടെ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായി. സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ ആരോപിച്ചു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി അനുവദിക്കാനുള്ള തീരുമാനമുണ്ടായതെന്നും ആ 114000 രൂപ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ആത്മഹത്യ ചെയ്യില്ലായിരുന്നു വെന്നും

ബന്ധുക്കള്‍ പറഞ്ഞു. നാടിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഏലിയാ സെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവിധ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പാ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്നും ഇവര്‍ പറയുന്നു.

ഏലിയാസിന്റെ മരണം മലയോര പ്രദേശമായ ചെറുപുഴ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന രണ്ടാം പിണറായി സര്‍ക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിനിടെ കനത്ത തിരിച്ചടിയായിരിക്കുകയാണ് കര്‍ഷക ആത്മഹത്യ.

Similar News