വിഴിഞ്ഞത്ത് നിന്നും സീ ഫുഡ് കഴിച്ച് മടക്കം; നിലമേലില്‍ രണ്ടു മരണം; ഭക്ഷണശാലയ്‌ക്കെതിരെ ബന്ധുക്കള്‍; അലര്‍ജിയോ വിഷബാധയോ? ഷാജിയുടേയും ഭാര്യാ മാതവിന്റേയും മരണത്തില്‍ വ്യക്തതയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം വരണം; വിഴിഞ്ഞത്തെ 'അസ്മാക്' പൂട്ടിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് 'സീ ഫുഡ്' വിഭവങ്ങള്‍ കഴിച്ച കുടുംബത്തിലെ രണ്ടുപേര്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരണമടഞ്ഞ വാര്‍ത്തയുടെ ഞെട്ടലിലാണ് നാട്. കൊല്ലം നിലമേല്‍ സ്വദേശികളായ ഷാജി (48), ഭാര്യാമാതാവ് റഷീദാ ബീവി (58) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഷാജിയുടെ ഭാര്യ സജിമോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ ഭക്ഷ്യവിഷബാധ ആരോപിക്കുമ്പോള്‍, മീന്‍ കഴിച്ചതുമൂലമുണ്ടായ കടുത്ത അലര്‍ജിയാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനകള്‍.
കഴിഞ്ഞദിവസം വൈകുന്നേരം വിഴിഞ്ഞത്തെ 'അസ്മാക്' എന്ന ഭക്ഷണശാലയില്‍ നിന്നാണ് ഷാജിയും കുടുംബവും ആഹാരം കഴിച്ചത്. മീന്‍ മുട്ട, കൊഞ്ച്, കണവാ തോരന്‍ തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിഞ്ഞ് നിലമേലിലേക്ക് മടങ്ങുന്ന വഴിയില്‍ തന്നെ ഇവര്‍ക്ക് കടുത്ത ഛര്‍ദിയും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. നിലമേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഷീദാ ബീവി അവിടെ വെച്ചും, നില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഷാജി ചികിത്സയ്ക്കിടെയുമാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഷാജിയെ നേരത്തെയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി പറയപ്പെടുന്നു. മീന്‍ വിഭവങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ 'അനാഫിലാക്‌സിസ്' (കടുത്ത അലര്‍ജി) ആണോ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍, ഭക്ഷണം കഴിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അസ്വസ്ഥതകള്‍ തുടങ്ങിയത് ഭക്ഷ്യവിഷബാധയാണെന്ന ആരോപണത്തിന് ബലം നല്‍കുന്നു.
സംഭവത്തെത്തുടര്‍ന്ന് വിഴിഞ്ഞം പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിക്കുകയും ഭക്ഷണസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധയാണോ അലര്‍ജിയാണോ എന്ന് കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു കുടുംബത്തിന്റെ സന്തോഷയാത്ര ഇത്തരത്തില്‍ കണ്ണീരില്‍ അവസാനിച്ചത് പ്രദേശത്തെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
