അറബ് രാഷ്ട്രങ്ങളില്‍ കാന്തപുരത്തിനുള്ള സൗഹൃദം തിരിച്ചറിഞ്ഞ് മോദി നയതന്ത്രം; സമസ്തയിലെ ഇ.കെ-എ.പി വിഭാഗ ലയന ചര്‍ച്ചകള്‍ക്ക് മുസ്ലിം ലീഗ് ശ്രമിക്കുമ്പോള്‍ ഡല്‍ഹിയില്‍ നടന്നത് നിര്‍ണ്ണായക നീക്കം; പിണറായിയോട് അടുത്തു നില്‍ക്കുന്ന കാന്തപുരത്തിന്റെ നീക്കങ്ങള്‍ ഇനി നിര്‍ണ്ണായകം; 'ദേശീയ മുസ്ലിം' വികാരം ചര്‍ച്ചയാക്കാന്‍ ബിജെപിയുടെ ചടുല നീക്കം
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം ഇനി വിദൂരമല്ലെന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍, ഡല്‍ഹിയില്‍ നടന്ന ഒരു കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തില്‍ പുതിയ കൊടുങ്കാറ്റ് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഊഷ്മളമായ ചര്‍ച്ചയില്‍ നിമിഷ പ്രിയയുടെ മോചനം തന്നെയായിരുന്നു പ്രധാന അജണ്ട. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ ചര്‍ച്ചയോടെ, കാന്തപുരം ബിജെപി പക്ഷത്തേക്ക് നീങ്ങുകയാണോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായിക്കഴിഞ്ഞു. അറബ് രാഷ്ട്രങ്ങളില്‍ കാന്തപുരത്തിനുള്ള അടുപ്പം മനസ്സിലാക്കിയാണ് ഈ നീക്കം. നയതന്ത്രതലത്തില്‍ കാന്തപുരത്തിന്റെ ബന്ധങ്ങളും ഇനി ഇന്ത്യ ഉപയോഗിക്കും.
നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യെമന്‍ സര്‍ക്കാരുമായി അജിത് ഡോവല്‍ നേരിട്ട് നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതും നിമിഷ പ്രിയയുടെ കാര്യത്തില്‍ ഉടന്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന സൂചനകളും കാന്തപുരത്തിന്റെ ഡല്‍ഹി നയതന്ത്രത്തിന് കരുത്തുപകരുന്നു. എന്നാല്‍ ഇതിനെക്കാള്‍ വിപ്ലവകരമായത് കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം നടത്തിയ പ്രസ്താവനയാണ്. ഇന്ത്യയില്‍ മുസ്ലിം സമുദായം സുരക്ഷിതരാണെന്നും തനിക്ക് യാതൊരുവിധ ആശങ്കകളുമില്ലെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. മുസ്ലിം വിരുദ്ധതയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുഖത്തേറ്റ അടിയായി കാന്തപുരത്തിന്റെ ഈ 'ക്ലീന്‍ ചിറ്റ്'.
ആര്‍ എസ് എസും ബിജെപിയും മുസ്ലീം വിഭാഗവുമായി അടുക്കാന്‍ കുറേ കാലമായി ശ്രമിക്കുന്നുണ്ട്. അതിന് പുതിയ സാധ്യതയാണ് കാന്തപുരത്തിന്റെ നിലപാട്. വഖഫ് ബോര്‍ഡ്, എസ്.ഐ.ആര്‍ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരുമായി അകല്‍ച്ചയിലുള്ള കാന്തപുരം വിഭാഗം, കേന്ദ്ര ഭരണകൂടവുമായി നേരിട്ട് കൈകോര്‍ക്കുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളെ ഒരേപോലെ അങ്കലാപ്പിലാക്കുന്നു. കാന്തപുരത്തെ 'ദേശീയ മുസ്ലിം' മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കത്തിന് അദ്ദേഹം വഴങ്ങിക്കൊടുത്തു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ കോഴിക്കോട്ടെ മര്‍ക്കസ് ആസ്ഥാനത്ത് എത്തുമെന്ന സൂചനകള്‍ ഈ പുതിയ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും തനിക്ക് പരാതികളില്ലെന്നും കാന്തപുരം വ്യക്തമാക്കിയതോടെ, കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വലിയ വിള്ളലുകള്‍ വീഴുമെന്ന് ഉറപ്പായി. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് അജിത് ഡോവലും കാന്തപുരവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഈ പുതിയ രാഷ്ട്രീയ ചങ്ങാത്തം കേരളത്തിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ തല്‍കാലം മാറ്റി മറിക്കില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ഇല്ല. എന്നാല്‍ ദീര്‍ഘകാലാ അടിസ്ഥാനത്തില്‍ ഇത് കേരളത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി പറയുന്നത്. ഉത്തരേന്ത്യയിലെ മുസ്ലീങ്ങളെ കൂടുതല്‍ അടുപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കാന്തപുരം വ്യക്തമാക്കുമ്പോഴും, മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് പുനഃസ്ഥാപിക്കല്‍, വഖഫ് വിഷയങ്ങളിലെ ആശങ്കകള്‍, അലിഗഡ് മലപ്പുറം സെന്ററിന്റെ വികസനം തുടങ്ങിയവ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമസ്തയിലെ ഇ.കെ - എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് മുസ്ലിം ലീഗ് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ നീക്കം ലീഗിന്റെ രാഷ്ട്രീയ അടിത്തറ ഭദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. പിണറായി വിജയന്‍ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എ.പി വിഭാഗത്തെ യുഡിഎഫ് ചേരിയിലേക്ക് എത്തിക്കുക എന്നതാണ് ലീഗിന്റെ കണക്കുകൂട്ടല്‍.
കേരളത്തിലെ മുസ്ലിം സമുദായത്തിനുള്ളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളുടെ ഭാഗം കൂടിയാണിത്. കടുത്ത സലഫി,വഹാബി ആശയങ്ങളോട് വിയോജിക്കുന്ന സുന്നി വിഭാഗങ്ങളുമായി, പ്രത്യേകിച്ച് സൂഫി പാരമ്പര്യമുള്ള എ.പി വിഭാഗവുമായി, ആശയവിനിമയം നടത്തുകയെന്നത് ബിജെപിയുടെ ദേശീയ നയമാണ്. കാന്തപുരത്തെ പ്രശംസിക്കുന്നതിലൂടെ കേരളത്തിലെ ഒരു വലിയ വിഭാഗം വിശ്വാസികളിലേക്ക് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ മോദി ലക്ഷ്യമിടുന്നു.
