ബസിനുപിന്നാലെ കൈകാണിച്ച് ഓടിയെങ്കിലും നിര്‍ത്തിയില്ല; തടഞ്ഞ് നിര്‍ത്തിയാല്‍ കയറ്റാമെന്ന് കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ യാത്രക്കാരന്‍ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നത് 35 കിലോമീറ്റര്‍

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ യാത്രക്കാരന്‍ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നത് 35 കിലോമീറ്റര്‍

Update: 2026-02-18 01:59 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സില്‍ കയറിപ്പറ്റാനായി യാത്രക്കാരന്‍ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നത് 35 കിലോമീറ്റര്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ബസ് പിടിക്കാനാണ് യാത്രക്കാരന്‍ ബൈക്കിലും ടാക്‌സിയിലുമായി ബസിന് പിന്നാലെ പാഞ്ഞത്. ബസിനു തൊട്ടുപിന്നാലെ എത്തിയെങ്കിലും 'പിന്തുടര്‍ന്നിട്ട് കാര്യമില്ലെന്നും തടഞ്ഞുനിര്‍ത്തിയാല്‍ കയറ്റാമെന്നായിരുന്നു' ഫോണിലൂടെയുള്ള കണ്ടക്ടറുടെ മറുപടി. ഇതോടെയാണ് ടാക്‌സി എടുത്ത് ബസിന് പിന്നാലെ പാഞ്ഞത്.

ജോലിസംബന്ധമായ അഭിമുഖത്തിന് തിരുവനന്തപുരത്തു എത്തേണ്ട യാത്രക്കാരനാണ് മത്സരയോട്ടം നടത്തി ബസില്‍ കയറേണ്ടി വന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേക്കും യാത്രക്കാരന്‍ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ യാത്രക്കാരന് വേണ്ടി സെക്കന്‍ഡുകള്‍ പോലും വെയ്റ്റ് ചെയ്യാന്‍ കണ്ടക്ടര്‍ തയ്യാറാവാതെ ഇദ്ദേഹം കടുംപിടുത്തം നടത്തുകയായിരുന്നു. ജനുവരി 18-ന് നിലമ്പൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരനാണ് ഈ ദുരനുഭവം.

ഗതാഗതക്കുരുക്കില്‍പ്പെട്ടാണ് യാത്രക്കാരന്‍ സ്റ്റാന്‍ഡിലെത്താന്‍ അല്‍പ്പം വൈകിയത്. അഞ്ചുമിനിറ്റിനുള്ളില്‍ സ്റ്റാന്‍ഡില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ കണ്ടക്ടര്‍ തയ്യാറായില്ല. യാത്രക്കാരന്‍ എത്തിയില്ലെന്ന് രേഖപ്പെടുത്തി കണ്ടക്ടര്‍ വെല്ലടിച്ച് വണ്ടി വിട്ടു. ബസ്, സ്റ്റാന്‍ഡില്‍നിന്നും റോഡിലേക്ക് ഇറങ്ങുമ്പോള്‍ത്തന്നെ യാത്രക്കാരന്‍ മറ്റൊരാളുടെ ബൈക്കില്‍ സ്റ്റാന്‍ഡിലെത്തിയിരുന്നു. ബസിനുപിന്നാലെ യാത്രക്കാരന്‍ കൈകാണിച്ച് ഓടിയെങ്കിലും കണ്ടക്ടര്‍ കണ്ടഭാവം നടിച്ചില്ല. ബസിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ ഇത് കാണുകയും കണ്ടക്ടറോട് പറയുകയും ചെയ്‌തെങ്കിലും പിന്നാലെ വന്ന് വിളിക്കുന്നവര്‍ക്ക് ബസ് നിര്‍ത്താന്‍ ചട്ടമില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.

ഇതോടെ യാത്രക്കാരന്‍ ബൈക്കില്‍ ബസിന് പിന്നാലെ പാഞ്ഞു. പിന്നട് ടാക്‌സി പിടിച്ചു. മിന്നല്‍വേഗത്തില്‍ പാഞ്ഞ ബസിനെ മറികടക്കാന്‍ ടാക്‌സിഡ്രൈവര്‍ക്കും 20 കിലോമീറ്ററോളം മത്സരയോട്ടം നടത്തേണ്ടിവന്നു. സംഭവത്തില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ എ. സുലൈമാനെ സൂപ്പര്‍ക്ലാസ് സര്‍വീസുകളില്‍ ജോലിചെയ്യുന്നത് വിലക്കി കെ.എസ്.ആര്‍.ടി.സി. തടിയൂരി.

ബൈക്കില്‍നിന്നും ഇറങ്ങി ടാക്‌സിയില്‍ കയറി പിന്നാലെ പുറപ്പെടുമ്പോഴേക്കും ബസ് കണ്ണില്‍നിന്ന് മാഞ്ഞിരുന്നു. യാത്രക്കാരന്റെ അത്യാവശ്യം മനസ്സിലാക്കിയ ടാക്‌സിഡ്രൈവര്‍ 15 മിനിറ്റോളം പിന്തുടര്‍ന്നാണ് ബസിനെ മറികടക്കാനായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സ്‌ക്വാഡ് കണ്ടക്ടറുടെ ഭാഗത്ത് പിഴവുള്ളതായി കണ്ടെത്തി. യാത്രക്കാര്‍ക്കുവേണ്ടി കാത്തുകിടക്കേണ്ടതില്ലെന്നാണ് വ്യവസ്ഥയെങ്കിലും യാത്രക്കാരന്‍ തൊട്ടുപിന്നാലെ ഉണ്ടെന്നറിഞ്ഞപ്പോള്‍ ബസ് നിര്‍ത്തേണ്ടിയിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Tags:    

Similar News