ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു: പുന്നപ്ര സ്വദേശിയായ 52കാരി അനുഭവിച്ചത് നരകയാതന; വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവില്‍ ഡോ. ജെ. ഷാഹിദയ്ക്കും നഴ്‌സ് പി എസ് ധന്യയ്ക്കും സസ്പെന്‍ഷന്‍
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്സ് പി.എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്.
സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്.
ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവര്‍ഷം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റില്‍ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ആര്‍.ഐ. സ്‌കാനിലൂടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. 2021 മേയ് മാസത്തില്‍ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. കെ.സി. വേണുഗോപാല്‍ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.