കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു; ആദ്യ ശ്രമത്തില്‍ തന്നെ മാതാപിതാക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേട്ടം; ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഊര്‍ജമായത് അച്ഛനും അമ്മയും നല്‍കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമെന്ന് പ്രതികരണം; ആ കുടുംബത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന് നരുവാമൂട് ഗ്രാമം

Update: 2026-03-06 12:49 GMT

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍, ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ എസ് ശ്രീജ. സാമ്പത്തിക പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തോട് പൊരുതി നേടിയ വിജയമാണ് ശ്രീജയുടേത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാര്‍ത്ത കേട്ടത്. സാമ്പത്തിക പരിമിതികളോ കുടുംബ സാഹചര്യങ്ങളോ തന്റെ സ്വപ്നങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ശ്രീജ 57-ാം റാങ്ക് കരസ്ഥമാക്കിയത്. നിര്‍മ്മാണത്തൊഴിലാളിയായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും പൂര്‍ണ്ണ പിന്തുണയോടെ, ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരാനാണ് ശ്രീജയുടെ ആഗ്രഹം.

കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സര്‍വീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്റെ കരുത്തെന്നും, പ്രത്യേകിച്ച് ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓര്‍ക്കുന്നു.

മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവില്‍ സര്‍വീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) ആണ് ലക്ഷ്യം. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അച്ഛനും അമ്മയും നല്‍കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമാണ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ തുണയായതെന്ന ശ്രീജ പറയുന്നു.

'ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചര്‍ച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോര്‍ച്യൂണ്‍ അക്കാഡമിയില്‍ ഞായറാഴ്ച പരീക്ഷ എഴുതാന്‍ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിന്‍ പരീക്ഷയിലു ഒത്തിരി സഹായിച്ചു'- ശ്രീജ പറയുന്നു.

മെന്റേര്‍സ് നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം പാലിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. നല്ല മാര്‍ക്ക് നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെന്‍ഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നല്‍കിയെന്നും ശ്രീജ പറഞ്ഞു. പഠിത്തകാര്യത്തില്‍ എന്ത് ആവശ്യപ്പെട്ടാലും ദാരിദ്രങ്ങള്‍ക്കിടയിലും അതിന് യെസ് എന്ന് മാത്രം പറയുന്ന രക്ഷിതാക്കളാണ് തന്റെ ഊര്‍ജം. അമ്മയാണ് തന്നെ ഒപ്പം ഇരുത്തി ചെറുപ്പത്തില്‍ പഠിപ്പിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

കൂലിപ്പണിക്കാരനായ ശ്രീജയുടെ അച്ഛന്‍ ചിട്ടി പിടിച്ചും വായ്പയടുത്തുമൊക്കെയാണ് മകളുടെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഏറെ കഷ്ടതകളുണ്ടായിരുന്നെങ്കിലും മകളുടെ പഠനാവശ്യങ്ങള്‍ക്ക് പണം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തുവെന്ന് അമ്മ പറഞ്ഞു. വൈകാരികമായാണ് ശ്രീജയുടെ അച്ഛന്‍ ജയകുമാര്‍ പ്രതികരിച്ചത്. കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിച്ച് കൂലിപ്പണിയെടുത്താണ് മകളെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

''കൂലിപ്പണിയാണ്, സൈക്കിളിലാണ് യാത്ര. രാവിലെ മുതല്‍ സൈക്കിളില്‍ പോകും. ആറ്റിങ്ങല് വരെ പോകും, എന്ത് ജോലിയും ചെയ്യും. ഭാര്യയാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള ധൈര്യം നല്‍കിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജിലാണ് മകള്‍ പഠിച്ചത്. മാസവസാനം മെസ് ബില്ലടക്കാനൊക്കെ വലിയ ടൈറ്റ് ആവും. ഭാര്യ കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുത്തും ബന്ധുക്കള്‍ സഹായിച്ചുമാണ് പൈസയടച്ചത്. ഗള്‍ഫില്‍ ഏഴുകൊല്ലം ജോലി ചെയ്തു സഹോദരിമാരെയൊക്കെ കല്ല്യാണം കയ്ച്ചയച്ചു. ബാക്കി പൈസ കൂട്ടിവെച്ചാണ് വീടുണ്ടാക്കിയത്.

രണ്ടാമത് ഗള്‍ഫില്‍ പോവാന്‍ ആയില്ല. കെട്ടുതാലി ഉള്‍പ്പെടെ പണയം വെച്ചു. കാര്‍ഷിക ലോണ്‍ എടുത്തു.വര്‍ഷം തോറും അത് പുതുക്കിവെക്കും. ഈ സമയത്തൊക്ക ഭാര്യ കുടുംബശ്രീന്നൊക്കെ പൈസയാണ് സഹായം. അതിനിടെ പഠിക്കാന്‍ കെട്ടിവെയ്ക്കാന്‍ 10000 രൂപ ആവശ്യം വന്നു. പലിശയ്ക്ക് പണമെടുത്തു. ശനിയാഴ്ച പൈസകിട്ടി. ഞായറാഴ്ചയും പണിക്ക് പോയി. അതിനിടെ തിങ്കളാഴ്ച കട്ടര്‍ മിഷന്‍ കൊണ്ട് കൈ മുറിഞ്ഞു. എന്നിട്ടും ഞങ്ങള് വിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News