ഈദ് സന്ദേശത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതും നിര്‍ത്താതെയുള്ള ചുമയും വ്യക്തം; മസൂദ് അസര്‍ മരണക്കിടക്കയിലോ? ചുമച്ച് അവശനായി ഭീകരത്തലവന്‍; 21 മിനിറ്റ് ഓഡിയോയില്‍ ഒളിപ്പിച്ച രഹസ്യമെന്ത്? പിന്‍ഗാമിയാകാന്‍ ഇളയ സഹോദരന്‍ അബ്ദുള്‍ റൗഫ് അസര്‍ റെഡ്ഡി; പാകിസ്ഥാന്റെ 'ഭീകരസേവ' വീണ്ടും തെളിയുന്നു

Update: 2026-03-21 08:49 GMT

ഇസ്ലാമബാദ്: ഇന്ത്യയുടെ ഉറക്കം കെടുത്തിയ കൊടുംഭീകരന്‍, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരണത്തോട് മല്ലിടുകയാണെന്ന സൂചനകള്‍ ശക്തമാകുന്നു. ഈദിനോടനുബന്ധിച്ച് മസൂദ് അസര്‍ പുറത്തുവിട്ട 21 മിനിറ്റ് നീളുന്ന ഓഡിയോ സന്ദേശമാണ് ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. സന്ദേശത്തിലുടനീളം ശ്വാസമെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതും നിര്‍ത്താതെയുള്ള ചുമയും കേള്‍ക്കാം. സംസാരത്തിനിടയില്‍ പലപ്പോഴും വാക്കുകള്‍ കിട്ടാതെ തപ്പുന്ന ഭീകരത്തലവന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

മസൂദ് അസര്‍ പാകിസ്ഥാനിലില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആവര്‍ത്തിക്കുന്ന പാക് ഭരണകൂടത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന ഈ ഓഡിയോ സന്ദേശം. ആഗോള ഭീകരരെ പാകിസ്ഥാന്‍ ഇപ്പോഴും സുരക്ഷിതമായി താലോലിച്ചു വളര്‍ത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകൂടിയാണിത്. അന്താരാഷ്ട്ര സമ്മര്‍ദ്ദം ഭയന്ന് മസൂദ് അസര്‍ 'രോഗബാധിതനാണെന്ന' നാടകം പാക് ചാരസംഘടനയായ ഐഎസ്‌ഐ കളിക്കുകയാണോ എന്നും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. സൈനിക നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമായും ഇതിനെ ചിലര്‍ കാണുന്നു.

മസൂദ് അസര്‍ പൂര്‍ണ്ണമായും അവശനായാല്‍ ജെയ്ഷെ മുഹമ്മദിന്റെ കടിഞ്ഞാണ്‍ ഇളയ സഹോദരന്‍ അബ്ദുള്‍ റൗഫ് അസറിനായിരിക്കും കൈമാറുക. കാണ്ഡഹാര്‍ വിമാനം റാഞ്ചിയ സംഭവത്തിലടക്കം മാസ്റ്റര്‍ മൈന്‍ഡായിരുന്ന റൗഫ് അസര്‍, മസൂദിനേക്കാള്‍ അപകടകാരിയായാണ് വിലയിരുത്തപ്പെടുന്നത്. മസൂദിന്റെ പിന്‍ഗാമിയായി റൗഫിനെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ ഇതിനോടകം തന്നെ ജെയ്ഷെ കേന്ദ്രങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

മസൂദ് അസറിന്റെ ആരോഗ്യനില വഷളാകുന്നത് ജെയ്ഷെ മുഹമ്മദിനുള്ളില്‍ അധികാരത്തര്‍ക്കത്തിന് കാരണമായേക്കുമെന്നും സൂചനയുണ്ട്. ആഗോള ഭീകരനായി മുദ്രകുത്തപ്പെട്ട മസൂദ് അസറിന്റെ ഓരോ ചലനവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മരണക്കിടക്കയില്‍ വെച്ച് പുതിയ ആക്രമണങ്ങള്‍ക്ക് മസൂദ് ആഹ്വാനം നല്‍കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമബാദിലെ ഭീകര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഓരോ വിവരവും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിടുന്നത്.

Similar News