വധശിക്ഷ റദ്ദാക്കല്‍ പോസ്റ്റ് കാന്തപുരം പിന്‍വലിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ എഎന്‍ഐ ആ ലിങ്ക് പിന്‍വലിച്ചത് ആശയക്കുഴപ്പമായി; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടില്‍ ഉറച്ച് ഗ്രാന്റ് മുഫ്തിയുടെ ഓഫീസ്; കാന്തപുരത്തെ ആശ്രയിച്ചു കൊണ്ടാണ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടത്തുന്നതെന്ന് അഡ്വ സുഭാഷ് ചന്ദ്രന്‍; യെമനില്‍ പ്രതീക്ഷിക്കുന്നത് ശുഭ വാര്‍ത്ത മാത്രം

Update: 2025-07-29 06:35 GMT

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വാദത്തില്‍ ഉറച്ച് കാന്തപുരം. വധ ശിക്ഷ പിന്‍വലിച്ചതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. എക്സിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് കാന്തപുരത്തിന്റെ ഓഫീസ് പിന്‍വലിച്ചുവെന്നും വാര്‍ത്തകളെത്തി. ഇതിനിടെയാണ് കാന്തപുരം വീണ്ടും നിലപാട് വ്യക്തമാക്കുന്നത്. വധശിക്ഷ പിന്‍വലിച്ചെന്നും പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെന്നും അറിയിച്ചു. വാര്‍ത്ത ഏജന്‍സിയുടെ പോസ്റ്റാണ് കാന്തപുരം എക്‌സില്‍ പങ്കുവച്ചത്. ഈ വാര്‍ത്ത പിന്നീട് വാര്‍ത്താ എജന്‍സി പിന്‍വലിക്കുകയായിരുന്നു. അല്ലാതെ പോസ്റ്റ് കാന്തപുരം പിന്‍വലിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. 'നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പിന്‍വലിക്കല്‍ വാര്‍ത്ത എത്തിയത്. ഇതില്‍ കാന്തപുരം വിശദീകരണം നല്‍കുന്നതിനൊപ്പം മുമ്പ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന വിവരത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എ പി അബൂബക്കര്‍ മുസലിയാറുടെ ഓഫീസ്. ഇത് സംബന്ധിച്ച് എക്സില്‍ പങ്കുവെച്ച വാര്‍ത്തകള്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഓഫീസ് വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്നും നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരത്തെ ആശ്രയിച്ചു കൊണ്ടാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടത്തുന്നതെന്നും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. തലാലിന്റെ കുടുംബം വധശിക്ഷയില്‍ നിന്ന് പുറകോട്ട് പോയി എന്ന വിവരമാണ് ലഭിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് കാന്തപുരത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. നേരത്തെ ജൂലായ് 16-ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ കേന്ദ്ര പ്രതിനിധികളൊന്നും പങ്കെടുത്തിട്ടില്ല. അപ്പോഴും ശുഭ വാര്‍ത്തകളാണ് കാന്തപുരം പുറത്തേക്ക വിടുന്നത്. യെമന്‍ സര്‍ക്കാരിനെ അടക്കം സ്വാധീനിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്ത പിന്‍വലിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കുന്നത് ചര്‍ച്ചകള്‍ തുടരുന്നുവെന്ന സന്ദേശം കൂടിയാണഅ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്.

അതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. യെമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ''അബ്ദുല്‍ റഹീമിന്റെ കേസില്‍ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ചര്‍ച്ച നടക്കേണ്ടതുണ്ട്. വധശിക്ഷ വേണ്ടെന്നു മാത്രമാണു തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരനു തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ-ഇതാണ് സുഭാഷ് ചന്ദ്രന്‍ വിശദീകരിക്കുന്നത്.

ഞങ്ങള്‍ ഞങ്ങളുടെ വഴിക്കാണു ചര്‍ച്ചകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമന്‍ പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ പുറത്തുപറയേണ്ടത് ഞങ്ങള്‍ അറിയിക്കുന്നുണ്ട്'' സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News