'നിമിഷയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ; മകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം; എന്റെ അവസാനത്തെ അപേക്ഷയാണിത്'; കേണപേക്ഷിച്ച് അമ്മ പ്രേമകുമാരി; സാധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രവാഗ്ദാനത്തില്‍ പ്രതീക്ഷ

'നിമിഷയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ

Update: 2025-01-01 00:54 GMT

തിരുവനന്തപുരം: നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന അപേക്ഷയുമായി മാതാവ്. യെമന്‍ പ്രസഡിന്റ് വധശിക്ഷ ശരിവെച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് അമ്മ പ്രേമകുമാരിയുള്ളത്. ഈ സാഹചര്യത്തിലാണ് മകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നു നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷിച്ത്.

കഴിഞ്ഞ ഏപ്രില്‍ 20നു യെമനിലേക്കുപോയ അവര്‍ അവിടെനിന്നുള്ള വിഡിയോ സന്ദേശത്തിലാണ് ഈ അപേക്ഷ മുന്നോട്ടുവച്ചത്. 'നിമിഷയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഇന്നലെ ഞാനറിഞ്ഞത്. ആ ജീവന്‍ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്. കേന്ദ്രസര്‍ക്കാരടക്കം എല്ലാവരും കൈകോര്‍ത്ത് ശ്രമിക്കണം. ആക്ഷന്‍ കൗണ്‍സിലിലെ ഓരോ മക്കളും നിമിഷയുടെ മോചനത്തിനായി ഇത്രയും കാലം സഹായിച്ചു. അവളുടെ ജീവന്‍ രക്ഷിക്കാനായി കഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും നന്ദി പ്രേമകുമാരി പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് അവിടെ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ശേഷം പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ആശ്വാസധനം സ്വീകരിച്ചു നിമിഷയുടെ മോചനത്തിനു തലാലിന്റെ കുടുംബം സമ്മതിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തിനകം കാര്യങ്ങളില്‍ വ്യക്തത വരും.

അതേസമയം രണ്ടു ഘട്ടമായി 40 ലക്ഷത്തോളം രൂപ യെമനിലേക്കു കൈമാറിയെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗം സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്. നിമിഷയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ച സാഹചര്യത്തില്‍ സാമുവല്‍ ജെറോം അടക്കം ആരുടെ സഹായം സ്വീകരിച്ചും നിമിഷയുടെ ജീവന്‍ രക്ഷിക്കുകതന്നെയാണു കൗണ്‍സിലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണു യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചത്. നിമിഷയുടെ ദയാഹര്‍ജി അനുവദിക്കാതെയുള്ള ഈ നടപടിയോടെ ഒരുമാസത്തിനകം വധശിക്ഷ നടപ്പാകുമെന്നതാണു സ്ഥിതി. നിമിഷയുടെ മോചനം സാധ്യമാകാന്‍ ഇനി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആശ്വാസധനം സ്വീകരിച്ചു മാപ്പു നല്‍കണം. അതിനുള്ള ചര്‍ച്ചകളാണു നടക്കാനുള്ളത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷ വാര്‍ത്ത സ്ഥിരീകരിച്ച മന്ത്രാലയം മോചനത്തിനായി കുടുംബാംഗങ്ങള്‍ എല്ലാ വഴികളും തേടുന്നുണ്ടെന്നും ഇതിന് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും പറഞ്ഞു. യെമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിമിതമായ ഉദ്യോഗസ്ഥ സഹായം മാത്രമേ അവിടെ ക്രമീകരിക്കാന്‍ സാധിക്കൂ.

നേരത്തേ, വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലും ഇതേ നിലപാട് അറിയിച്ചിരുന്നു. വധശിക്ഷ നടപ്പാക്കല്‍ യൈമന്‍ പ്രസിഡന്റിന്റെ തീരുമാനത്തിലിരിക്കുകയാണെന്നും നിമിഷപ്രിയക്ക് നിയമസഹായമെത്തിക്കുന്നത് ഉള്‍പ്പെടെ ചെയ്തുവരുന്നുണ്ടെന്നും ജൂലായ് 26-ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ദയാധനം നല്‍കല്‍ കൊല്ലപ്പെട്ട യൈമന്‍ പൗരന്റെയും നിമിഷപ്രിയയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നുമാണ് ഡീന്‍ കുര്യാക്കോസ് എം.പി.യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് അന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ദയാധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുംമറ്റുമായി യൈമനിലേക്ക് പോകാന്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. ഇന്ത്യക്ക് നയതന്ത്രബന്ധമില്ലാത്ത യൈമനിലേക്ക് അമ്മ പോകുന്നതിനോട് കേന്ദ്രം ഹൈക്കോടതിയില്‍ എതിര്‍പ്പറിയിച്ചിരുന്നു.

തുടര്‍ന്ന് സ്വന്തം നിലയ്ക്കാണ് പോകുന്നതെന്ന് എഴുതിനല്‍കാന്‍ പ്രേമകുമാരിയോട് ആവശ്യപ്പെട്ടശേഷമാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പിന്നീട് യൈമനിലേക്ക് പോയ പ്രേമകുമാരി അഞ്ചുമാസമായി അവിടെയാണുള്ളത്. യൈമനി പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്.

Tags:    

Similar News