നിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട; കാര്യമായ പുരോഗതിയുണ്ടാകുമെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍; പുതിയ മധ്യസ്ഥനെ നിയോഗിച്ചത് നിര്‍ണായക നീക്കം; ആരാണ് മധ്യസ്ഥനെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍

നിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട

Update: 2025-10-16 17:27 GMT

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായും, കാര്യമായ പുരോഗതിയുണ്ടാകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരാണ് പുതിയ മധ്യസ്ഥനെന്ന് വെളിപ്പെടുത്തിയിട്ടില്ല. കെഎ പോള്‍ ആണോ പുതിയ മധ്യസ്ഥന്‍ എന്ന് ചോദ്യത്തിന് അദ്ദേഹം അല്ലെന്നും പുതിയ ആളാണെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നിമിഷപ്രിയയുടെ ജീവന് നിലവില്‍ ആശങ്കയില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും സുപ്രിംകോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റിയെങ്കിലും, അതിനിടയില്‍ പുതിയ സംഭവങ്ങള്‍ ഉണ്ടായാല്‍ കോടതി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കലും ചര്‍ച്ചകളെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും, കുടുംബം അതിന് തയ്യാറായിരുന്നില്ല.

2017 ജൂലൈ 25-നാണ് യെമനില്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ, സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയ യെമന്‍ പൗരനായ തലാല്‍ അബ്ദുല്‍മഹദിയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന്, നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബവും വിവിധ സംഘടനകളും കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ വിഷയത്തില്‍ നേരത്തെയും സുപ്രീം കോടതിയുടെ ശ്രദ്ധ പതിയുകയും, കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി രാജ്യം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറച്ച നിലപാടാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയത്. പുതിയ മധ്യസ്ഥനെ നിയോഗിച്ചത് വിഷയത്തില്‍ സമഗ്രമായ ഇടപെടലിനും, വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യെമനിലെ പ്രാദേശിക നിയമവ്യവസ്ഥയും, ശിക്ഷാ നടപടികളും വളരെ സങ്കീര്‍ണ്ണമായതിനാല്‍, ഈ കേസില്‍ മോചനം സാധ്യമാക്കാന്‍ സമയോചിതവും ഫലപ്രദവുമായ ഇടപെടലുകള്‍ അനിവാര്യമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ മധ്യസ്ഥന്റെ സാന്നിധ്യം, ബന്ധപ്പെട്ട യെമന്‍ അധികാരികളുമായി ആശയവിനിമയം നടത്താനും, നിയമപരമായ തടസ്സങ്ങള്‍ നീക്കാനും, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയിലെത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News