നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്‌സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍; വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി; മോചനത്തിനായി ഇറാന്‍ ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബം
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി
ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. വധശിക്ഷയ്ക്ക് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലാണ് അംഗീകാരം നല്‍കിയതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും ഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കി.
നേരത്തെ, യെമന്‍ പ്രസിഡന്റ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്നാണ് പുറത്തു വന്നത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ്. നിമിഷ കഴിയുന്ന ജയില്‍ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണ മേഖലയിലാണ്. അതേ സമയം ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്ന ഇറാന്‍ ചര്‍ച്ചകളില്‍ ഇടപെടാമെന്ന് അറിയിച്ചതോടെ മോചനത്തിനുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകള്‍ ഉണ്ടെന്ന് യെമനില്‍ കാര്യങ്ങള്‍ ഏകോപിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ പോലും ഇനിയും തുടങ്ങാത്തതിനാല്‍ മോചനം യാഥാര്‍ഥ്യം ആവണമെങ്കില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് സാമുവല്‍ ജെറോം പറഞ്ഞു. ദയാധനം അടക്കമുള്ള കാര്യങ്ങളില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ഒത്തുതീര്‍പ്പിലേക്കെത്താന്‍ തയ്യാറാവാഞ്ഞതോടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറെന്ന് ഇറാന്‍ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇറാന്റെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്താമെന്ന് വ്യക്തമാക്കിയത്. യെമനും ഇറാനും നല്ല ബന്ധത്തിലായതിനാല്‍ മാനുഷിക ഇടപെടല്‍ നടത്താനാകുമെന്നാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. യെമന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യത ഇറാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമോ എന്നാണ് കേരളവും പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യയുമായി സൗഹൃദം പുതുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനം.
പ്രസിഡന്റ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനില്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും കൈകോര്‍ത്ത് മകളെ രക്ഷിക്കാന്‍ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യര്‍ത്ഥിച്ചിരുന്നു. 2017ലാണ് നിമിഷപ്രിയ യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ജയിലിലാകുന്നത്.
തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ട് തവണ മകളെ ജയിലില്‍ ചെന്നു കാണാന്‍ സാധിച്ചു.
2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.