സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയെ നേരിടുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ കാന്തപുരം നിയോഗിച്ച ഇസ്ലാമിക പണ്ഡിതന്‍ ഷെയ്ഖ് അബൂബക്കര്‍ അഹമ്മദിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം. കാന്തപുരത്തിന്റെ ആവശ്യപ്രകാരം ഷെയ്ഖ് അബൂബക്കര്‍ അഹമ്മദ്, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹ്ദിയുടെ സഹാദരന്‍ അടക്കം കുടുംബാംഗങ്ങളുമായി സംസാരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.
ജൂലൈ 16 ന് നിശ്ചയിച്ച നിമിഷപ്രയയയുടെ വധശിക്ഷ മാറ്റി വച്ചതായി ജയ്‌സ്വാള്‍ സ്ഥിരീകരിച്ചു. ' കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുവരുന്നു. ഞങ്ങള്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ കുടുംബത്തെ പിന്തുണയ്ക്കാനായി നിയോഗിക്കുകയും ചെയ്തു. പ്രാദേശിക അധികാരികളുമായി കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.'
' എതിര്‍ കക്ഷിയുമായി സംസാരിച്ച് പരസ്പര ധാരണയില്‍ എത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിന് കൂടുതല്‍ സമയം തേടുന്നതിനായുള്ള തീവ്രശ്രമവും അതില്‍ ഉള്‍പ്പെടുന്നു. ജൂലൈ 16 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ യെമനിലെ പ്രാദേശിക അധികൃതര്‍ മാറ്റിവച്ചിട്ടുണ്ട്.'
' നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി ഈ വിഷയം തുടര്‍ച്ചയായി പിന്തുടരുകയും സാധ്യമായ സഹായം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍, ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങളുടെ സര്‍ക്കാരുമായും ബന്ധപ്പെട്ടുവരുന്നു'- രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അതേസമയം, സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്കു തടസ്സമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഓഫിസ് വ്യക്തമാക്കി. ദയാധനത്തിനാണു മിക്ക ഇന്ത്യന്‍ മാധ്യമങ്ങളും പ്രാധാന്യം നല്‍കിയതെന്നും വാസ്തവത്തില്‍ തലാലിന്റെ കുടുംബത്തില്‍ നിന്നു മാപ്പു ലഭിക്കുകയാണു പ്രധാനമെന്നും യെമനില്‍ മധ്യസ്ഥശ്രമങ്ങള്‍ക്കു നേരത്തേ തന്നെ രംഗത്തുള്ള മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.
തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അവഹേളിച്ചുള്ള ചില വാര്‍ത്തകള്‍ യെമനില്‍ പ്രചരിച്ചതു തിരിച്ചടിയായെന്നു സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയും കുറ്റപ്പെടുത്തി. തലാലിന്റെ കുടുംബത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ സൂചിപ്പിക്കുന്നു.
നിമിഷപ്രിയ കേസില്‍ ചിലരുടെ പ്രതികരണം കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെയായിരുന്നുവെന്നു മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം കുറ്റപ്പെടുത്തി. കുടുംബവുമായി ഒരാഴ്ചയ്ക്കുള്ളില്‍ ആരുംതന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന വാദവും ആവര്‍ത്തിച്ചു. തലാലിന്റെ കുടുംബത്തില്‍ നിന്നു മാപ്പ് നേടിയെടുക്കുന്നതിനാണു തന്റെ ശ്രമം. 2017 മുതല്‍ നിമിഷയുടെ മോചനശ്രമങ്ങളുമായി താന്‍ രംഗത്തുണ്ട്.
അമ്മ പ്രേമകുമാരിയുടെയും മകള്‍ മിഷേലിന്റെയും മുഖമാണു മനസ്സില്‍. സാമുവല്‍ ജെറോം നിമിഷയുടെ വിഷയത്തില്‍ പ്രസിദ്ധിനേടാനും പണമുണ്ടാക്കാനുമാണു ശ്രമിക്കുന്നതെന്ന ആരോപണം 'ദൈവത്തിനു നിരക്കാത്തതാണെ'ന്നു നിമിഷയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ജെറോമിനൊപ്പം പ്രേമകുമാരി യെമനിലാണ്. സാമുവല്‍ ഏറെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹത്തെ തെറ്റിദ്ധരിക്കരുതെന്നും പ്രേമകുമാരി അഭ്യര്‍ഥിച്ചു.