ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും റോഡ് സേഫ്റ്റി കമ്മീഷണറിലേക്ക്; ഡി.ജി.പി നിതിന്‍ അഗര്‍വാളിന് കേരള കേഡറില്‍ പുതിയ നിയമനം; താല്‍കാലിക ഡി.ജി.പി തസ്തികയുണ്ടാക്കി ചുമതല നല്‍കി

പൊലീസ് മേധാവി പദവിയിലേക്ക് നിതിന്‍ അഗര്‍വാളിനെ സര്‍ക്കാര്‍ നിയമിക്കില്ല

Update: 2024-10-22 17:07 GMT

തിരുവനന്തപുരം: മുന്‍ ബി.എസ്.എഫ് ഡയറക്ടറും കേരള കേഡറിലെ സീനിയര്‍ ഡി.ജി.പിയുമായ നിതിന്‍ അഗര്‍വാളിനെ റോഡ് സുരക്ഷ കമീഷണറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കേന്ദ്രം അംഗീകരിച്ച നാല് ഡി.ജി.പി തസ്തികകളിലും ആളുള്ളതിനാല്‍ താല്‍കാലിക ഡി.ജി.പി തസ്തികയുണ്ടാക്കിയാണ് നിതിന്‍ അഗവര്‍വാളിന് ചുമതല നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയറാണെങ്കിലും, സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് നിതിന്‍ അഗര്‍വാളിനെ സര്‍ക്കാര്‍ നിയമിക്കില്ല. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷത്തോളം കാലാവധി അവശേഷിക്കുന്നതിനാല്‍ അദ്ദേഹം തന്നെ തല്‍സ്ഥാനത്ത് തുടരും.

പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ കശ്മീരില്‍ വന്‍ തോതില്‍ ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ബി.എസ്.എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. സര്‍വീസ് പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കൂടെ ബാക്കിയിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ഒന്നാം പേരുകാരനായിരുന്നു ഇദ്ദേഹം. എന്നാല്‍ താന്‍ കേരള കേഡറിലേക്ക് തിരികെ വരുന്നില്ലെന്ന് ഇദ്ദേഹം തന്നെ നിലപാടെടുത്തതോടെയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായത്.

ബി.എസ്.എഫ് മേധാവിയായതിനാല്‍ നിതിന്‍ അഗര്‍വാള്‍ കേരള കേഡറിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന ധാരണയിലാണ് ഡി.ജി.പി പദവിയിലിരുന്ന് വിരമിച്ച അനില്‍കാന്ത്, ടോമിന്‍ തച്ചങ്കരി, ബി. സന്ധ്യ, എസ്. ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പകരം എ.ഡി.ജി.പിമാരായിരുന്ന പദ്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, സഞ്ജീവ് കുമാര്‍ പട്‌ജോഷി, ടി.കെ. വിനോദ് കുമാര്‍ എന്നിവരെ ഡി.ജി.പി പദവിയിലേക്ക് ഉയര്‍ത്തിയത്.

ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം അവധിയില്‍ പോയ നിതിന്‍ അഗര്‍വാള്‍ കേരള കേഡറിലേക്ക് തിരിച്ചെത്തിയിട്ട് ദിവസങ്ങളായെങ്കിലും നിയമന ഉത്തരവ് കൈമാറിയിരുന്നില്ല. സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. നിലവില്‍ നാല് ഡിജിപിമാര്‍ സംസ്ഥാനത്തുള്ളതിനാല്‍ അഞ്ചാമത് ഒരു ഡിജിപിയെ നിയമിക്കുന്നതായിരുന്നു വെല്ലുവിളി. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ച് ആറ് മാസത്തേക്ക് അഞ്ചാമത് ഒരു ഡിജിപി തസ്തിക കൂടി കേന്ദ്രം അനുവദിച്ചതോടെയാണ് നിതിന്‍ അഗര്‍വാളിന് നിയമനത്തിന് വഴി തുറന്നത്.

സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച നാല് ഡിജിപി തസ്തികകളില്‍ വിജിലന്‍സ് ഡയറക്ടറായ ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതോടെ ഒരു തസ്തിക ഒഴിവു വന്നിരുന്നു. ഈ ഒഴിവിലേക്ക് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് സ്ഥാനക്കയറ്റം നല്‍കി. ഇതിനിടെയാണ് നിതിന്‍ അഗര്‍വാള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പ്രതിസന്ധി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചതോടെയാണ് ആറ് മാസത്തേക്ക് ഒരു അധിക ഡിജിപി തസ്തിക അനുവദിച്ചത്.

ഡിസംബറില്‍ ഡിജിപി സഞ്ചീവ് കുമാര്‍ പട്‌ജോഷി വിരമിക്കുന്നതോടെ സംസ്ഥാനത്ത് വീണ്ടും നാല് ഡിജിപിമാരാവും. എന്നാല്‍ കേന്ദ്രം അനുവദിച്ച താല്‍ക്കാലിക തസ്തികയുടെ കാലാവധി നാലുമാസം കൂടിയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഒരു എഡിജിപിക്കു കൂടി സ്ഥാനകയറ്റം നല്‍കാനാകും. അങ്ങനെയെങ്കില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ജനുവരി ഒന്ന് മുതല്‍ ഡിജിപി തസ്തികയില്‍ സ്ഥാനക്കയറ്റം കിട്ടിയേക്കും.

താത്കാലിക തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കിയില്ലെങ്കില്‍ ഫയര്‍ഫോഴ്സ് മേധാവി കെ.പത്മകുമാര്‍ ഏപ്രിലില്‍ വിരമിക്കുമ്പോള്‍ മാത്രമേ മനോജ് എബ്രഹാമിന് സ്ഥാനകയറ്റ സാധ്യത ലഭിക്കൂ. ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് വിരിക്കുന്നത്. അപ്പോള്‍ പുതിയ പൊലീസ് മേധാവിയായി നിതിന്‍ അഗര്‍വാളാകും പരിഗണനാ പട്ടികയില്‍ ഒന്നാമന്‍. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖര്‍ രണ്ടാമനും, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മൂന്നാമനും, മനോജ് എബ്രഹാം നാലാമത്തെ സ്ഥാനത്തുമാകും ഉള്‍പ്പെടുക. കേന്ദ്രം വെട്ടിയില്ലെങ്കില്‍ ആദ്യത്തെ മൂന്ന് പേരില്‍ ഒരാള്‍ അടുത്ത ഡിജിപിയാവും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്ന് അറിയിച്ചാല്‍ മനോജ് എബ്രഹാം ആദ്യത്തെ മൂന്ന് പേരില്‍ ഒരാളാകും.

Tags:    

Similar News