പി പി ദിവ്യ ഒളിവില്‍ കഴിയുന്നത് പാലക്കയം തട്ടിലെ റിസോര്‍ട്ടിലോ? കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി കാത്ത് പൊലീസിന്റെ ഒളിച്ചുകളി; കേസ് അട്ടിമറിക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കുടുംബം; ദിവ്യക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

പി പി ദിവ്യ ഒളിവില്‍ കഴിയുന്നത് പാലക്കയം തട്ടിലെ റിസോര്‍ട്ടിലോ?

Update: 2024-10-22 16:35 GMT

കണ്ണൂര്‍: പ്രതിപക്ഷം ഒത്തുകളി ആരോപണം കടുപ്പിക്കുമ്പോഴും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായാണ് ദിവ്യയെ ചേര്‍ത്തിരിക്കുന്നത്. ദിവ്യയെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലിസിനു കഴിഞ്ഞില്ല.

ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്ന കാരണമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ പൊലിസ് അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് കൈമാറിയിരുന്നു. എന്നാല്‍, 24 ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി കോടതി പരിഗണിക്കുന്നതുവരെ കാത്തു നില്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

അതിനിടെ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.വി പ്രശാന്തിനെ രണ്ടു വട്ടം ചോദ്യം ചെയ്തു. യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കടുത്തവരുടെ മൊഴിയും രേഖപ്പെടുത്തി. എ.ഡി.എമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ പ്രസംഗം നടത്തിയത് റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യില്‍, രണ്ട് ക്യാമറാമാന്‍മാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. തലശേരിയിലെ കീഴ്‌ക്കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനമെന്ന് അറിയുന്നു. തലശേരിയിലെ പ്രമുഖ സി.പി.എം അഭിഭാഷകനായ പി. വിശ്വനാണ് ദിവ്യയ്ക്കായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, കേസ് അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിക്കാണ് നിലവില്‍ അന്വേഷണ ചുമതല. കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണ് ശ്രീജിത്ത് കോടെരിയെ അന്വേഷണ ചുമതല ഏല്‍പിച്ചതെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. നേരത്തെ സി.പി.എമ്മിന് അനുകൂലമായി പല കേസുകളും അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് വെള്ളര്‍വള്ളി ആരോപിച്ചു.

ഇക്കാര്യത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് കുടുംബാഗങ്ങള്‍ ഇക്കാര്യം പരാതിയായി പറഞ്ഞിട്ടുണ്ട്. പി.പി ദിവ്യയുമായി അടുത്ത പരിചയമുള്ള പൊലിസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് കാരണം കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് കുടുംബാഗങ്ങള്‍ പങ്കുവെച്ചത്. കണ്ണൂര്‍ ജില്ലയ്ക്കു പുറത്തുള്ള കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിക്കാനാണ് താല്‍പര്യമെന്ന് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍എം.വി ഗോവിന്ദനെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അതിനിടെ, നവീന്‍ ബാബുവിന്റെ ദുരുഹ മരണത്തില്‍ ആരോപണ വിധേയനായ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ സി.പി.എമ്മില്‍ അണിയറ നീക്കം തുടങ്ങി. അരുണ്‍ കെ വിജയന്റെ നിഷ്‌ക്രിയത്വം കാരണമാണ് എ.ഡി.എം ജീവനൊടുക്കിയതെന്ന ആരോപണം സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ എന്‍. ജി.ഒ യൂണിയന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കലക്ടര്‍ക്കെതിരെ പ്രതിപക്ഷ സംഘടനകളായ എന്‍. ജി.ഒ. അസോസിയേഷനും എന്‍.ജി.ഒ സംഘം ബഹിഷ്‌കരണ സമരത്തിലാണ്.

ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ സമവായ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ സംഘടനകള്‍ അയഞ്ഞിട്ടില്ല. എന്‍.ജി.ഒ യുണിയനുമായി നേരത്തെ സഹകരിച്ചു വരുന്നയാളാണ് നവീന്‍ബാബു. നേരത്തെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം കൂടിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തില്‍ നവീന്‍ ബാബുവിന് അനുകുലമായ വികാരം എന്‍. ജി.ഒ യുണിയനിലും ശക്തമാണ്. നവീന്‍ ബാബു മരിച്ച ദിവസം എന്‍.ജി.ഒ യുണിയന്‍ അംഗങ്ങള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമായി നവീന്‍ ബാബുവിന് ആദരാഞ്ജലികളെന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ മാറിയതില്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം രാഷ്ട്രീയവിവാദമായി ഇതിനകം മാറിയിട്ടുണ്ട്. സി.പി.എം - സി.പി.ഐ പോരിന് ഇടയാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നത്. തന്റെ ഭര്‍ത്താവിന്റെ സുഹൃത്തും രണ്ട് സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുവുമായ പെട്രോള്‍ പമ്പ് സംരഭകന്‍ കെ.വി പ്രശാന്തില്‍ നിന്നും ജീവനൊടുക്കിയ എ.ഡി.എം. നവീന്‍ ബാബു കൈക്കുലി വാങ്ങിയെന്നായിരുന്നു പി.പി ദിവ്യ യാത്രയയപ്പ് സമ്മേളനത്തില്‍ തുറന്നടിച്ചത്. താന്‍ പലവട്ടം ഫോണ്‍ ചെയ്തിട്ടും ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ നവീന്‍ ബാബു തയ്യാറാകാത്ത തിന്റെ ഈര്‍ഷ്യയാണ് ദിവ്യ പരസ്യ വിമര്‍ശനത്തിലൂടെ പ്രകടിപ്പിച്ചത്.

എന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ പറഞ്ഞിട്ടും അനുസരിക്കാത്ത എ.ഡി.എം കണ്ണുരിലെ സി.പി.ഐ നേതൃത്വം പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ എന്‍.ഒ.സി കൊടുത്തത് ദിവ്യയെ മാത്രമല്ല സി.പി.എം നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പെ തന്റെ സ്ഥലം മാറ്റ വിഷയത്തില്‍ സി.പി.എം സഹായിച്ചില്ലെന്നും പാര വെച്ച് അപേക്ഷ തടസപ്പെടുത്തിയെന്നും നവീന്‍ ബാബു അടുപ്പമുള്ളവരോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് സി.പി.ഐ നേതൃത്വമാണ് കാര്യങ്ങള്‍ നടത്തി തന്നതെന്നുള്ള തുറന്ന് പറച്ചിലാണ് ദിവ്യയെയും. സി.പി.എം നേതൃത്വത്തെയും പ്രകോപിപ്പിച്ചത്. ഇക്കാര്യം കണ്ണുരിലെ സി.പി.ഐ നേതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ സി.പി.എം രാഷ്ട്രീയ പ്രതിരോധത്തിലാവുകയും ചെയ്തു. നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യു മന്ത്രി രാജന്‍ തുറന്നു പറഞ്ഞത് നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സി.പി.എം സൈബര്‍ പോരാളികളുടെ മുനയൊടിക്കുകയും ചെയ്തിരുന്നു.



ദിവ്യക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യ്‌ക്കെതിരെ കേസെടുത്ത് ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനു മുന്‍പിലെ മതിലിലും ജില്ലാ പഞ്ചായത്ത് ഓഫിസിലെ കവാടത്തിലും സെന്‍ട്രല്‍ ഹാളിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലുമാണ് പി.പി ദിവ്യ (40) crime No: 1149/24 കുറ്റം: സത്യസന്ധനായ അപകീര്‍ത്തിപ്പെടുത്തി കൊല ചെയ്തു കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കുക എന്നെഴുതിയ ലുക്ക് ഔട്ട് നോട്ടീസും ബോര്‍ഡും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ചത്.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് പൊലിസുമായി സംഘത്തിനിടയാക്കി. ഇതിനു ശേഷം ടൗണ്‍ സ്റ്റേഷനു മുന്‍പില്‍ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് വെള്ളര്‍വള്ളി ഉദ്ഘാടനം ചെയ്തു. പി.പി ദിവ്യയെ അറസ്റ്റില്‍ നിന്നും സംരക്ഷിക്കുന്നത് സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കയം തട്ടിലെ റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ താമസിക്കുന്ന കാര്യം യൂത്ത് കോണ്‍ഗ്രസിനറിയാം. പൊലിസിന് ഈ കാര്യം അറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒത്തുകളിയുടെ ഭാഗമാണ്. കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരി യെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജിദ് സ്വാഗതം പറഞ്ഞു. പ്ര നില്‍ മതുക്കോത്ത്, മഹിതാ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അന്‍പതോളം പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടിസ് പ്രസിദ്ധീകരിക്കല്‍ സമരത്തില്‍ പങ്കെടുത്തു. പി.പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍. ജി.ഒ അസോസിയേഷനും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Tags:    

Similar News