വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് വിമുക്ത ഭടനായ മകന്‍; നേരിട്ടു കാണാനുള്ള അമ്മയുടെ ആഗ്രഹം അറിയിച്ചതോടെ വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക; സര്‍പ്രൈസ് സന്ദര്‍ശനത്തില്‍ ഞെട്ടി വീട്ടുകാര്‍; കൊന്തയും മധുരവും നല്‍കി സ്വീകരിച്ച് കൊച്ചുത്രേസ്യയും കുടുംബവും
വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി വീട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുമാരന്‍കുളം കൊച്ചുത്രേസ്യയും കുടുംബവും. ത്രേസ്യയുടെ വിമുക്ത ഭടനായ മകന്‍ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിര്‍ത്തിയിരുന്നു. തന്നോട് സംസാരിച്ച പ്രിയങ്കയോട് തന്റെ അമ്മയ്ക്ക് നേരിട്ടു കാണാനുള്ള ആഗ്രഹം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം പറഞ്ഞതോടെ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാല്‍ കാലിനു സുഖമില്ലാത്തതിനാല്‍ വഴിയിലേക്ക് ഇറങ്ങി വന്ന് കാണാന്‍ കഴിയില്ലെന്നും മകന്‍ പറഞ്ഞതോടെയാണ് പ്രിയങ്ക ത്രേസ്യയെ കാണാന്‍ വിട്ടിലെത്തിയത്.
പ്രധാന പാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വീട്ടിലേക്ക് കയറിയ പ്രിയങ്ക, അകത്തെ മുറിയിലെത്തി സോഫയില്‍ ഇരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്റെ മൊബൈല്‍ നമ്പര്‍ കൈമാറിയ ശേഷം വയനാട്ടില്‍ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്‌നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള വീട്ടിലെ താമസക്കാരാണ് ഇവര്‍.
വീട്ടിലെത്തിയ അതിഥിയെ കൊന്തയും മധുരവും നല്‍കിയാണ് കൊച്ചുത്രേസ്യയും കുടുംബവും സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരിലൊരാളായി കുടുംബത്തിന്റെ സ്നേഹം പ്രിയങ്ക ഏറ്റുവാങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഇന്ന് രാത്രി താമസിക്കുന്ന സപ്ത റിസോര്‍ട്ട് എത്തുന്നതിന് തൊട്ടുമുന്‍പാണ് കൊച്ചുത്രേസ്യയുടെ വീട്. പ്രിയങ്കയെ കാണണമെന്നത് കൊച്ചുത്രേസ്യയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. അപ്രതീക്ഷിതമായി പ്രിയങ്കയെ കണ്ടപ്പോള്‍ കൊച്ചുത്രേസ്യ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് പ്രിയങ്ക മടങ്ങിയത്. ജീവിതത്തില്‍ ലഭിച്ച ഭാഗ്യമാണ് പ്രിയങ്കയെ കണ്ടതെന്ന് കൊച്ചുത്രേസ്യ പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കത്തിനിറങ്ങുകയാണ് പ്രിയങ്ക ഗാന്ധി വദ്ര. പത്രികാ സമര്‍പ്പണത്തിനും പ്രചാരണത്തിനുമായാണ് അവര്‍ ഇന്ന് വയനാട്ടിലെത്തിയത്. അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട് വദ്ര, മകന്‍ രെഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് എത്തിച്ചേരാനായില്ല.
അദ്ദേഹം നാളെ വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നാളെയെത്തും. നാളെ റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തന്നെ തുടരും. നാളെയാണ് പത്രിക സമര്‍പ്പിക്കുക. ഇത് വലിയ ആഘോഷമാക്കി മാറ്റാനാണ് നേതാക്കളും അണികളും തയ്യാറെടുക്കുന്നത്.