'കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..'; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; 'ആണ്‍കുട്ടികള്‍ ഭരിക്കും'മെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; 'ആണ്‍ഫെസ്റ്റോ'യെന്നും വിമര്‍ശനം

'കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..'

Update: 2025-11-17 16:44 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം വനിതാസാന്നിധ്യമുള്ള തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. 50  ശതമാനം വനിതകള്‍ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പു നാടിന് ആഘോഷമായി മാറാറുണ്ട്. കാലങ്ങായി ഇടതുപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുവേ മുന്നില്‍ വരാറുള്ളത്. ഇക്കുറിയും നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് എല്‍ഡിഎഫ് രംഗത്തുള്ളത്. സ്ത്രീകളെ സ്വാധീനിക്കാന്‍ വേണ്ട പ്രഖ്യാപനങ്ങളെല്ലാം നടത്തുമ്പോഴും പ്രകടന പത്രിക പുറത്തിറക്കിയ വേദിയില്‍ ഒരു വനിതയുടെ സാന്നിധ്യം പോലുമില്ലാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.

ഇന്നാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഐ നേതാവ് സത്യന്‍ മൊകേരി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എംഎല്‍എ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയവരാണ് പങ്കെടുത്തത്. ഈ കൂട്ടത്തില്‍ ഒന്നും തന്നെ ഒരു വനിതയുടെ സാന്നിധ്യം ഉണ്ടായില്ല. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയത്.

ഇടതുപക്ഷത്തെ അനുകൂലിക്കുന്ന മാധ്യപ്രവര്‍ത്തകയായ കെ കെ ഷാഹിന എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയ ചിത്രം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ''LDF മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താല്പര്യമുണ്ട്'' - എന്നതായിരുന്നു പോസ്റ്റ്. ഇതോടെ പലരും നിരാശയും പരിഹാസവുമായി കമന്റുകളിട്ടു രംഗത്തുവന്നു. 'കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..'എന്നും, ഇതെന്റാ ആണ്‍ഫെസ്റ്റോയാണോ എന്നും 'ആണ്‍കുട്ടികള്‍ ഭരിക്കും' എന്നു പറഞ്ഞത് ഇവരാണല്ലോ എന്നുമാണ് വിമര്‍ശനം ഉയരുന്നത്.

മുസ്ലിംലീഗിലെ വേദികളില്‍ വനിതകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നവരാണ് സിപിഎമ്മുകാര്‍. അവരുടെ ഇരട്ടത്താപ്പും പാര്‍ട്ടിയിലെ പുരുഷ മേധാവിത്വവുമാണ് ഈ ചിത്രം പറയുന്നതെന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


 



അതേസമയം എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപിക്കുന്നതാണ് എല്‍ഡിഎഫിന്റെ പ്രകടനക പത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പടെ പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും എന്നീ കാര്യങ്ങളെല്ലാം പ്രകടനപത്രികയിലുണ്ട്.

തെരുവ് നായ ശല്യം പരിഹരിക്കാന്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തുടങ്ങും. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍ ഒരുക്കും. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കും.ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് ദേശീയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സില്‍ ഒന്നാമതെത്തിക്കും. മിനിമം മാര്‍ക്ക് നടപ്പിലാക്കാന്‍ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും. തീര ദേശങ്ങളില്‍ കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ വസിക്കുന്ന എല്ലാവര്‍ക്കും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പാക്കും.കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന് ലക്ഷം തൊഴില്‍ നല്‍കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

അതേസമയം ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ വിമര്‍ശനങ്ങളും പ്രകടനപത്രികയിലുണ്ട്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി അധികാരത്തില്‍വന്നതും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതുമെന്ന് പത്രികയില്‍ പറയുന്നു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോ ലിബറല്‍ നയങ്ങള്‍ക്കു തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ പൂര്‍വ്വാധികം ശക്തമായി ബിജെപി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

കേരളത്തിന്റെ മലയോരമേഖലയില്‍ ഏറ്റവും ഗൗരവമേറിയ പ്രശ്നം മനുഷ്യ -വന്യജീവി സംഘര്‍ഷമാണ്. ആ പ്രശ്നത്തില്‍ ഫലപ്രദമായ ഇടപെടലാണ് കേരള സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ ആ നിയമം നിര്‍മിച്ചെങ്കിലും അത് ഗവര്‍ണര്‍ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നും അതിനുള്ള പരിശ്രമം തുടരുമെന്നുംഎം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News