സമ്പന്നരായ ക്രിപ്റ്റോ ഉടമകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സജീവം; ഒരു വര്‍ഷത്തിനുള്ളില്‍ തട്ടിയെടുത്തത് രണ്ട് ബില്യണ്‍ ഡോളറിലധികം; ഉത്തരകൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനത്തോളം തട്ടിപ്പു തുക; ഹാക്കിംഗിനായി വിപുലമായ തോതില്‍ വ്യാജ ഐടി ജീവനക്കാരെ നിയോഗിച്ചു ഉത്തരകൊറിയ
സമ്പന്നരായ ക്രിപ്റ്റോ ഉടമകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സജീവം
പ്യോംങ്യാംഗ്: സമ്പന്നരായ ക്രിപ്റ്റോ ഉടമകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 2 ബില്യണ്‍ ഡോളറിലധികമാണ് ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ഇപ്പോള്‍ ഉത്തരകൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏകദേശം 13 ശതമാനമാണ് ഈ തുക. ഹാക്കര്‍മാരുടെ കാര്യത്തില്‍ ഈ മോഷണങ്ങള്‍ ഒരു റെക്കോര്‍ഡാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഷണത്തിന് ക്രിപ്‌റ്റോകറന്‍സി കമ്പനികളെ ആക്രമിക്കുന്നതില്‍ ലാസര്‍ ഗ്രൂപ്പ് പോലുള്ള ഹാക്കിംഗ് ടീമുകള്‍ പ്രവര്‍ത്തിക്കുകയാണ്.
എന്നാല്‍ ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്കിലെ വിദഗ്ധര്‍ പറയുന്നത് ക്രിപ്റ്റോ സമ്പന്നരായ വ്യക്തികള്‍ പലപ്പോഴും മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇവര്‍ ഇത്തരത്തില്‍ വലിയ തോതില്‍ ഹാക്കിംഗ് നടത്താന്‍ കാരണമായി മാറുന്നതെന്നാണ്. ഹാക്കര്‍മാര്‍ മോഷ്ടിച്ച ഫണ്ടുകള്‍ ഉത്തരകൊറിയയുടെ ആണവായുധങ്ങള്‍ക്കും മിസൈല്‍ വികസന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിനായി ഉപയോഗിക്കുന്നു എന്നാണ് പാശ്ചാത്യ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
ഉത്തരകൊറിയ നടത്തുന്ന ഹാക്കിംഗുകളുടെ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാം എന്നാണ് പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നത്. പല മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതാണ് ഇതിന് കാരണമെന്നും കരുതപ്പെടുന്നു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചില കേസുകള്‍ പലര്‍ക്കും അറിയാമെങ്കിലും ഇതിനൊന്നും തന്നെ മതിയായ തെളിവുകളില്ല എന്നതാണ് പ്രധാന തടസം. ഉത്തരകൊറിയയുടെ യു.കെ എംബസിയെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണത്തിനാിയ സമീപിച്ചു എങ്കിലും അവര്‍ ഇനിയും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.
2025 ല്‍ ഇതു വരെ ഭരണകൂടം മോഷ്ടിച്ച ക്രിപ്‌റ്റോ അസറ്റുകളുടെ ആകെ മൂല്യം 6 ബില്യണ്‍ ഡോളറിലധികം വരുമെന്നാണ് ഗവേഷണ സ്ഥാപനമായ് എലിപ്റ്റിക് കണക്കാക്കുന്നത്. ഉത്തര കൊറിയ ജിഡിപി കണക്കുകള്‍ വെളിപ്പെടുത്താന്‍ ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ 2024 ല്‍ രാജ്യം 15.17 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നാണ് യുഎന്‍ കണക്കാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈബിറ്റില്‍ നിന്ന് 1.4 ബില്യണ്‍ ഡോളറാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.
കൂടാതെ ഇത്തരത്തില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ 30 ല്‍ അധികം വന്‍കിട തട്ടിപ്പുകള്‍ നടത്തിയെന്നാണ് പറയപ്പെടുന്നത്. ജൂലൈയില്‍ 9 ഉപയോക്താക്കളില്‍ നിന്ന് 14 മില്യണ്‍ ഡോളര്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ ഒരു വ്യക്തിയില്‍ നിന്ന് ് ലഭിച്ച ഏറ്റവും ഉയര്‍ന്ന ക്രിപ്‌റ്റോകറന്‍സി മോഷണം 100 മില്യണ്‍ ഡോളറാണ്. അധിക പണം സമ്പാദിക്കുന്നതിനും അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനുമായി വിപുലമായ തോതില്‍ വ്യാജ ഐടി ജീവനക്കാരെ ഉത്തരകൊറിയ നിയോഗിക്കുന്നതായിട്ടാണ് ആരോപണം ഉയരുന്നത്.