എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞു കോടതി; ജനുവരി 15ാം തീയ്യതി വരെ അറസ്റ്റ് പാടില്ലെന്ന് പോലീസിന് കോടതിയുടെ നിര്‍ദേശം
എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറന്‍ എന്‍.എം വിജയന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. 15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം. 15ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബാലകൃഷ്ണനും അപ്പച്ചനും പുറമെ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥന്‍, മരിച്ചു പോയ പി.വി ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വിജയന്റെ കത്തിന്റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയന്റേതാണ് എന്ന് ഉറപ്പിക്കാന്‍ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയില്‍ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതിചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആത്മഹത്യാപ്രേരണ കേസില്‍ പ്രതികളായതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇത്രയധികം നേതാക്കള്‍ ഒന്നിച്ച് അതി ഗുരുതരമായ കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നത് വയനാട്ടില്‍ ആദ്യമായാണ്. നിലവില്‍ നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആണ്. ജാമ്യം ലഭിക്കാതെ വന്നാല്‍ നേതാക്കള്‍ റിമാന്‍ഡില്‍ പോകേണ്ടിവരും. അറസ്റ്റ് ഉണ്ടായാല്‍ തന്നെ വയനാട്ടില്‍ അത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല കോണ്‍ഗ്രസിന് പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥ വരും.
അതേസമയം കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്. കെ എല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ കൈയ്യക്ഷര ഫോറന്‍സിക് പരിശോധന അടക്കം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ചുമതല നല്‍കുന്നത്. നിയമസഭ ചേരാത്തതിനാല്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാന്‍ നിയമ പ്രശ്നമൊന്നും ക്രൈംബ്രാഞ്ച് തിരിച്ചറിയുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് വന്നാലുടന്‍ ഇടപെടലുകള്‍ തുടങ്ങും.
വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എല്‍ എ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്.
ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകേസ് എടുത്തത്. ഈ കത്തിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാണ്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എന്‍ എം വിജയന്‍ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.