കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നു

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ?

Update: 2025-08-01 15:07 GMT

ഛത്തീസ്ഗഡ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ? ബിലാസ്പൂരിലെ എന്‍ഐഎ കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന വാദമാണ് പ്രോസിക്യൂഷന്‍ മുഖ്യമായി ഉന്നയിച്ചത്. രേഖകള്‍ ഉദ്ധരിച്ച് ശക്തമായ എതിര്‍വാദം ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ലെന്നാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ അറിയിച്ചത്. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു എന്ന തരത്തിലാണ് മലയാള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട് പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂലമാണെന്നും മറിച്ചുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തി വസ്തുതകള്‍ വളച്ചൊടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിന്റെ ഫലമാണെന്നും സ്ഥലത്തുളള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

അനൂപിന്റെ വാക്കുകള്‍:

കേസിനെ വഴിതെറ്റിക്കാനും കൂടുതല്‍ സങ്കീര്‍ണമാക്കാനും മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത്തരം നടപടികള്‍ അപലപനീയമാണ്. പ്രോസിക്യൂഷന്‍ സാങ്കേതികപരമായി സ്വീകരിക്കേണ്ട നടപടികളും കമന്റും മാത്രമേ കേസില്‍ പറഞ്ഞിട്ടുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. തികച്ചും സാങ്കേതികപരമായ പ്രതികരണങ്ങളെ വളച്ചൊടിച്ച് കൂടുതല്‍ തെറ്റിദ്ധാരണ പടര്‍ത്താനാണ് ശ്രമം നടക്കുന്നത്.

കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സമയത്തും സമാനമായ രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. കോടതിയുടെ അധികാരപരിധിക്ക് പുറത്താണ് എന്ന കാരണത്താല്‍ ജാമ്യ അപേക്ഷ പരിഗണിക്കാതിരുന്നപ്പോള്‍ അതിനെയും വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. പ്രോസിക്യൂഷനെ പഴിചാരാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരും പ്രോസിക്യൂഷനും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ ഒപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരായി പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്.

ഇന്ന് കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ മുന്നോട്ടുവച്ച വാദഗതികളെ ഒന്നുംതന്നെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നത് മാത്രമല്ല, പല വാദഗതികളെയും അനുകൂലിക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വേണോ എന്ന കോടതിയുടെ ചോദ്യത്തിന് 'അത് വേണ്ട' എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി. അതുകൊണ്ടുതന്നെ പൂര്‍ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെ മനപ്പൂര്‍വ്വം പ്രതിസ്ഥാനത്ത് നിര്‍ത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള ഗൂഢശ്രമമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് സര്‍ക്കാരും കേരള ബിജെപിയും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും എന്ന് നിലപാട് നേരത്തെ സ്വീകരിച്ചതാണ്. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുമുണ്ട്.

കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായതോടെ വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് എന്‍ഐഎ കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ജാമ്യ ഹര്‍ജി നല്‍കിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയില്‍ തുടരുകയാണ്. വിശദമായ കേസ് ഡയറി നാളെയായിരിക്കും ഹാജരാക്കുക. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന സെഷന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.

നാളെയും ജാമ്യം ലഭിക്കാത്ത വന്നാല്‍, രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവരും. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകള്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കില്‍ക്കൂടി, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള എംപിമാരോട് പറഞ്ഞിരുന്നു.

അമിത്ഷായുടെ വാക്കുകള്‍ കാറ്റില്‍ പറത്തിയെന്ന് പാംപ്ലാനി

അതസമയം, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും പ്രീതി മേരിക്കും ജാമ്യം ലഭിക്കാത്തതിനെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിമര്‍ശിച്ചു. അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഇന്നു ഛത്തീസ്ഗഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. തീവ്രവാദ സംഘടകള്‍ക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

'ജാമ്യം നിഷേധിക്കപ്പെട്ടു എന്നത് ദുഃഖകരമാണ്. അമിത് ഷാ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അമിത് ഷായുടെ വാക്കുകള്‍ കാറ്റില്‍പറത്തിയിരിക്കുന്നു. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ ഞങ്ങള്‍ എന്ത് ചെയ്യും. നീതി നിഷേധം നടന്നാല്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വരും.'' മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

''നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വിളിച്ചു കൂവിയാല്‍ അത് അങ്ങനെ ആകില്ല. ചില തീവ്രവാദ സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ദുര്‍വ്യാഖ്യാനമാണ് നടക്കുന്നത്. ആരാണ് ഈ വ്യാഖ്യാനം നല്‍കിയത്. ആള്‍ക്കൂട്ട വിചാരണയിലൂടെ ഇത് നടക്കുന്നത് അപകടകരമായ അവസ്ഥയാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കപ്പെടണം. ആരും ഇവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ വക്താക്കളല്ല.'' മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

Tags:    

Similar News