ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി; കേസ് റദ്ദാക്കാനുള്ള സഹായങ്ങളും തേടി; 'ജാമ്യം കിട്ടുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം'; രാജീവിന് നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായി കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍

Update: 2025-08-16 08:52 GMT

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. രാജീവ് ചന്ദ്രശേഖറിന്റെ ഡല്‍ഹിയിലുള്ള വീട്ടിലേക്കാണ് സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സഹോദരനൊപ്പം എത്തിയത്.

ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് കാണാന്‍ കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ എത്തുന്നത്. കേസിന്റെ മുമ്പോട്ടുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് സൂചനകള്‍. കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുമ്പോട്ടു പോകുമെന്നാണ് വിവരം. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരേ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഇതില്‍ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകള്‍ കൂടിക്കാഴ്ച നടത്തിയത്.

രാജീവ് ചന്ദ്രശേഖറിന് നന്ദി പറഞ്ഞ് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കുടുംബം. 'ജാമ്യം കിട്ടുന്നതിന് അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം' എന്നായിരുന്നു കന്യാസ്ത്രീകളുടെ സഹോദരന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖരനെ അന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോയത് എന്നും കന്യാസ്ത്രീകളുടെ കുടുംബം വ്യക്തമാക്കി. കോടതിയിലിരിക്കുന്ന കേസില്‍ അദ്ദേഹത്തിന് മറ്റൊന്നും ചെയ്യാനില്ലെങ്കിലും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.

കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒമ്പത് നാള്‍ നീണ്ട ജയില്‍ വാസത്തിനൊടുവിലായിരുന്നു ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. എന്നാല്‍ എഫ്‌ഐആറില്‍ ഗുരുതര വകുപ്പുകളായിരുന്നു ചേര്‍ത്തിരുന്നത്.

Tags:    

Similar News