കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ വിവാദ ഡോക്യുമെന്ററി ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു; 'നണ്‍സ് വേഴ്സസ് ദി വത്തിക്കാന്‍' തുറന്നുകാട്ടുന്നത് സഭയിലെ ലൈംഗിക പീഡനവും മോശം പ്രവണതകളെ കുറിച്ചും; വേട്ടക്കാരെ സഭ സംരക്ഷിക്കുന്നെന്ന വിമര്‍ശനം

കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ വിവാദ ഡോക്യുമെന്ററി ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു

Update: 2025-09-11 08:58 GMT

ടൊറന്റോ: കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ ഡോക്യുമെന്ററിയായ 'നണ്‍സ് വേഴ്സസ് ദി വത്തിക്കാന്‍' വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഇത് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വളരെ കാലമായി ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകളെ അവഗണിക്കുകയും വേട്ടകാരെ സഭ സംരക്ഷിക്കുകയും ചെയ്തു എന്നാണ് ഈ ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാലത്ത് നിരവധി കന്യാസ്ത്രീകള്‍ ഇക്കാര്യത്തില്‍ നല്‍കിയ പരാതികള്‍ അവഗണിക്കപ്പെടുകയായിരുന്നു എന്നാണ് ഡോക്യുമെന്ററി പറയുന്നത്. എമ്മി പുരസ്‌ക്കാര ജേതാവ് ലോറീന ലൂസിയാനോയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതിന്റെ ഇതിവൃത്തം പ്രധാനമായും ഗ്ലോറിയ ബ്രാന്‍സിയാനിയെയും മിര്‍ജാം കോവാക്കിനെയും ചുറ്റിപ്പറ്റിയാണ്.

ലൈംഗിക, ആത്മീയ, ശാരീരിക പീഡനത്തിന് കാനോനിക്കല്‍ വിചാരണ കാത്തിരിക്കുന്ന മുന്‍ ജെസ്യൂട്ട് പുരോഹിതനായ മാര്‍ക്കോ റുപ്നിക്കിന്റെ ഇരകളാക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഡസന്‍ കണക്കിന് ആളുകളില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. അവിഹിത ബന്ധങ്ങളുടെ പേരില്‍ 2020-ല്‍ റുപ്നിക്കിനെ സഭയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ റുപ്നിക് പശ്ചാത്തപിച്ചതിന് ശേഷം അതേ മാസം തന്നെ ഇയാളെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ മാത്രമേ പുറത്താക്കല്‍ നടപടി പിന്‍വലിക്കാന്‍ കഴിയൂ എന്ന് ഡോക്യുമെന്ററിയില്‍ ഒരു വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടുന്നു. വത്തിക്കാനിലെ പല ചിത്രങ്ങളും വരച്ച പ്രശസ്ത കലാകാരനുമായിരുന്നു റുപ്നിക്. ഡോക്യുമെന്ററിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മൈക്കലാഞ്ചലോ എന്നാണ് അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ റുപ്നിക്ക് ഈ സ്വാധീനം ഉപയോഗിച്ചു എന്നാണ് ആരോപണം. സ്ലോവേനിയയില്‍ റുപ്നിക് സഹസ്ഥാപകനായ ഇഗ്നേഷ്യസ് ലയോള സമൂഹത്തിന്റെ ഭാഗമായിരുന്ന കന്യാസ്ത്രീയായ ബ്രാന്‍സിയാനി, 90 കളുടെ തുടക്കത്തില്‍ റുപ്നിക്ക് തന്നെ ലൈംഗികമായും മാനസികമായും ദുരുപയോഗം ചെയ്തു എന്നാണ് വിവരിക്കുന്നത്. താനുമായുള്ള ലൈംഗികബന്ധം ദൈവികതയെ സ്പര്‍ശിക്കുന്നത് പോലെയാണെന്നാണ് ഇയാള്‍ കന്യാസ്ത്രീയോട് പറഞ്ഞത്.

ബ്രാന്‍സിയാനി പറയുന്നതനുസരിച്ച്, പീഡനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ലയോളയുടെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഇവാങ്ക ഹോസ്റ്റ അവരെ ശിക്ഷിക്കുകയായിരുന്നു എന്നാണ്. റോമിലെ ഫാദര്‍ ടോമാസ് സ്പിഡ്ലിക്ക് അവരെ മതജീവിതത്തില്‍ നിന്ന് പുറത്താക്കി എന്നും തനിക്ക് വേണ്ടി വേണ്ടി രാജി കത്ത് പോലും എഴുതി എന്നുമാണ്. ആത്മഹത്യയെ കുറിച്ച് പോലും താന്‍ ചിന്തിച്ചു എന്നാണ് ബ്രാന്‍സിയാനി പറയുന്നത്.

കത്തോലിക്കാ സഭയിലുടനീളം സമാനമായ പീഡനങ്ങള്‍ അനുഭവിച്ച കന്യാസ്ത്രീകളില്‍ ബ്രാന്‍സിയാനിയും ഉള്‍പ്പെടുന്നു. പുരോഹിതന്മാരാല്‍ ദുരുപയോഗം ചെയ്യപ്പെട്ട സര്‍വൈവേഴ്‌സ് നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍ ബാര്‍ബറ ഡോറിസും ഇതില്‍ ഉള്‍പ്പെടുന്നു. 1994-95 കാലഘട്ടത്തില്‍ നടത്തിയ ഒരു പഠനത്തിലും ഇത്തരം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. 2021-ല്‍, വത്തിക്കാന്റെ കാനന്‍ നിയമസംഹിതയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. മുതിര്‍ന്നവരെ ദുരുപയോഗം ചെയ്തതിന് കുറ്റാരോപിതരായ പുരോഹിതന്മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇതിലൂടെ കഴിഞ്ഞു.

Tags:    

Similar News