കണ്ടാല്‍ ചുള്ളന്‍, കേട്ടാല്‍ മിടുക്കന്‍; സമാധി വിവാദത്തില്‍ കലിതുളളി നില്‍ക്കുന്നവരെ സാന്ത്വനിപ്പിക്കുന്ന സമവായ ഭാഷ; കല്ലറ പൊളിക്കാതെ തരമില്ലെന്ന കടിഞ്ഞാണ്‍ വിടാത്ത സമീപനം; ആരാണീ പുതിയ പയ്യന്‍സ്; തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് മരണമല്ല, സമാധിയാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കുടുംബം. പിന്തുണയുമായി ചില ഹൈന്ദവ സംഘടനകള്‍. പരാതിയുമായി നാട്ടുകാര്‍. എല്ലാവരും കലി തുള്ളി നില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷം. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ സമചിത്തതയോടെയും വിവേകത്തോടെയും പരിഹരിക്കേണ്ട സമയം. ദുരൂഹമായ സമാധി പീഠം സന്ദര്‍ശിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയായി എത്തിയത് തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ആയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ആല്‍ഫ്രഡ്.
കല്ലറ പൊളിച്ച് പ്രകോപനം സൃഷ്ടിക്കാതെ ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ച് സമവായത്തിന്റെ പാത സ്വീകരിക്കാനാണ് സബ് കളക്ടര്‍ തുനിഞ്ഞത്.നിയമപരമായി മുന്നോട്ടുപോകും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കല്ലറ പൊളിക്കാതിരുന്നത്, മതപരമായ വിഷയം ഉണ്ടാക്കാന്‍ ജില്ല ഭരണകൂടം ശ്രമിക്കുന്നില്ല, സംഭവത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത് എന്നിങ്ങനെ സമവായത്തിന്റെ സ്വരം ഉയര്‍ത്തുമ്പോഴും കല്ലറ പൊളിക്കാതെ തരമില്ല എന്ന ഉറച്ച സന്ദേശം കുടുംബത്തിന് നല്‍കുകയും ചെയ്യുന്നു. ഹൈക്കോടതിയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട് ശരിവച്ചിരിക്കുകയാണ്.
എന്തായാലും സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് മാധ്യമങ്ങളോട് സംസാരിക്കുന്ന ശൈലിയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന് ആരാധകര്‍ ഏറിയിരിക്കുകയാണ്. ആല്‍ഫ്രഡിന്റെ സോഷ്യല്‍ മീഡിയ ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്. കെ വാസുകി, ദിവ്യ എസ് അയ്യര്‍, മെറിന്‍ ജോസഫ്, യതീഷ് ചന്ദ്ര തുടങ്ങിയ ഐ എ എസ്, ഐപിഎസ് ഉദ്യോഗസ്ഥരും മുമ്പ് സോഷ്യല്‍ മീഡിയയുടെ പ്രിയ താരങ്ങളായിരുന്നു. ആ പട്ടികയിലേക്ക് ഇപ്പോള്‍ ഒ വി ആല്‍ഫ്രഡും എത്തുകയാണ്.
ആരാണ് ഒ വി ആല്‍ഫ്രഡ് ഐ എ എസ്?
2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഒ വി ആല്‍ഫ്രഡ്. കണ്ണൂര്‍ സ്വദേശിയും ബി.എസ്.സി. ബിരുദധാരിയുമാണ്. 2024 സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടര്‍ & സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയി ചുമതലയേറ്റത്. പാലക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ ആയിരുന്നു.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 2017ല്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി.
2022 ല്‍ മൂന്നാം ശ്രമത്തില്‍ 57 ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് പാസായത്. ആദ്യത്തേതില്‍ മെയിന്‍സ് ജയിക്കാനായില്ലെങ്കലും കട്ട് ഓഫിനു തൊട്ടടുത്തെത്തിയിരുന്നു. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ലഭിച്ച ആല്‍ഫ്രഡ് ഗാസിയാബാദിലെ നാഷണല്‍ പോസ്റ്റല്‍ അക്കാദമിയിലാണ് പരിശീലനം നടത്തിയത്.
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആല്‍ഫ്രഡ് ഡല്‍ഹിയില്‍ ഒരു വര്‍ഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കുന്നത്. 6-7 മണിക്കൂര്‍ പഠനത്തിനൊപ്പം സിനിമ കാണാനും ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാനുമൊക്കെ സമയം കണ്ടെത്തിയ ആല്‍ഫ്രഡ് ഇപ്പോഴും കാര്യങ്ങള്‍ ഉഷാറോടെ പഠിക്കുന്നു. ഏന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് ഈ സബ് കളക്ടര്‍.