തന്റെ മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; പൂച്ചയ്ക്ക് നല്ല ഭക്ഷണം, ചികിത്സ, ഭദ്രതയുള്ള വാസസ്ഥലവും നല്‍കുന്നയാള്‍ക്ക് സ്വന്തം ആസ്തിയും സമ്പാദ്യവും മുഴുവന്‍ നല്‍കാന്‍ തയ്യാറായി 82-കാരന്‍; ചൈനയിലെ ഗ്വാങ്ഡോങില്‍ താമസിക്കുന്ന ലോങിന്റേതാണ് തീരുമാനം
വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവര്‍ക്ക് എന്നും വീട്ടിലെ ഒരു അംഗത്തിന്റെ സ്ഥാനമാണ് നല്‍കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കാണ് പലപ്പോഴും കൂട്ടായി വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടാകാറ്. അവരുടെ ഏകാന്ത വാസത്തിന് എന്നും തണലായി ഇക്കൂട്ടര്‍ ഉണ്ടായിരിക്കും. ഇപ്പോഴിതാ തന്റെ വളര്‍ത്ത് പൂച്ചയെ നോക്കാന്‍ എത്തുന്നയാള്‍ക്ക് തന്റെ സമ്പാദ്യം മുഴുവന്‍ നല്‍കാം എന്ന് പറഞ്ഞിരിക്കുകയാണ് ഒരു 82 കാരന്‍. ചൈനയിലെ ഗ്വാങ്ഡോങില്‍ താമസിക്കുന്ന ലോങിന്റേതാണ് ഈ തീരുമാനം. തന്റെ മരണമെന്ന ശേഷവും ജീവിച്ചിരിക്കുന്ന തന്റെ പൂച്ചക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനായി സ്വന്തം ആസ്തിയും സമ്പാദ്യവും മുഴുവന്‍ ആ പൂച്ചയെ നോക്കുന്ന വ്യക്തിക്ക് സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇരുവര്‍ക്കും കുട്ടികളില്ലായിരുന്നു. ജീവിതത്തില്‍ ആകെ കൂട്ടായുള്ളത് തെരുവോരത്തുനിന്നും കിട്ടിയ പൂച്ചകളായിരുന്നു. നാല് പൂച്ചകളെ എടുത്ത് പരിപാലിച്ചു. അതില്‍ ഒന്നു മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഷിയാന്‍ബ എന്നാണ് ഈ പൂച്ചയുടെ പേര്. അതിനാല്‍ തന്നെ അതിന്റെ അന്ത്യം വരുന്നതുവരെ പരിപാലിക്കാന്‍ തയ്യാറുള്ള ഒരു വിശ്വസ്തനെ താന്‍ തേടുകയാണെന്ന് ലോങ് ഗ്വാങ്‌ഡോങ് റേഡിയോയ്ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൂച്ചയ്ക്ക് നല്ല ഭക്ഷണം, ചികിത്സ, ഭദ്രതയുള്ള വാസസ്ഥലം എന്നിങ്ങനെയെല്ലാം ഉറപ്പുനല്‍കുന്ന ഒരാളെ കണ്ടെത്താനാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ലോങിന്റെ ആഗ്രഹം നടന്നാല്‍ ആ വ്യക്തിക്ക് അപ്പാര്‍ട്ട്‌മെന്റും സാമ്പത്തിക ശേഖരവും കൈമാറാനാണ് നീക്കം.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയിലെ വളര്‍ത്തുമൃഗങ്ങളുടെ വിപണി കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി വളര്‍ന്നിരിക്കുകയാണ്. 2024-ല്‍ ചെലവ് ഏകദേശം 42 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 3.5 ലക്ഷം കോടി രൂപ). ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്.
നഗരപ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നത് വര്‍ധിച്ചു വരികയാണ്. ചൈനയിലെ നഗരങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം ഉടന്‍ തന്നെ ചെറിയ കുട്ടികളേക്കാള്‍ കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവതലമുറക്കാര്‍ പ്രത്യേകിച്ച് 1990-കളിലും 2000-കളിലും ജനിച്ചവര്‍, വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി പരിഗണിച്ച് ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഗ്രൂമിങ്, അനുബന്ധ ഉപകരണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കായി ധാരാളം പണം ചെലവഴിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഷാങ്ഹായിലെ ഒരു വയോധിക, വാര്‍ധക്യത്തില്‍ തന്റെ മക്കള്‍ തന്നെ സന്ദര്‍ശിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല എന്ന കാരണം പറഞ്ഞ്, തന്റെ 2.8 ദശലക്ഷം ഡോളറിന്റെ മുഴുവന്‍ സ്വത്തും വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.