'അടിച്ചു മോനെ..'; വര്‍ഷങ്ങൾ പഴക്കമുളള റിലയന്‍സ് ഓഹരി രേഖ കണ്ടെത്തി; കിട്ടിയത് 10 രൂപയുടെ 30 ഓഹരികൾ; അപ്രതീക്ഷിത നിധി കിട്ടിയത് വീട് വൃത്തിയാക്കുന്നതിനിടെ; നിലവിലെ വില അറിഞ്ഞ് യുവാവിന്റെ കിളി പറന്നു; മോനെ...അത് ഇങ്ങ് തന്നേയ്‌ക്കെന്ന് കമന്റുകൾ

Update: 2025-03-12 15:21 GMT

ചണ്ഡീഗഡ്: ഒരു ലോട്ടറി അടിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഇക്കാലത്ത് ഒരു ഭാഗ്യമാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലക്ക് വഴി കുറച്ച് പണം ലഭിക്കുന്നത് വലിയ കാര്യംതന്നെയാണ്. അപ്പോൾ ഒരു ലോട്ടറി അടിച്ച പോലെ റിലയന്‍സിന്റെ ഓഹരി കിട്ടിയാൽ എങ്ങനെയായിരിക്കും. അങ്ങനെയൊരു സംഭവമാണ് ചണ്ഡീഗഡിൽ സംഭവിച്ചിരിക്കുന്നത്. 37 വര്‍ഷം പഴക്കമുളള റിലയന്‍സ് ഓഹരിയാണ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ നിലവിലെ വില കൂടി അറിഞ്ഞപ്പോൾ യുവാവിന്റെ കിളി പറന്നു എന്നാണ് വിവരങ്ങൾ.

വീട് വൃത്തിയാക്കുന്നതിനിടെ ചണ്ഡീഗഡ് സ്വദേശിക്ക് അപ്രതീക്ഷിതമായി ഒരു നിധി ലഭിച്ചത്. 1988 ൽ വാങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളുടെ കടലാസുകളാണ് രത്തന്‍ ധില്ലണ് ലഭിച്ചത്. 10 രൂപയുടെ 30 ഓഹരികളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

ഈ ഓഹരി ഇപ്പോഴും പ്രാബല്യത്തിലുളളതാണോയെന്ന് ആരാഞ്ഞ് രത്തന്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. 37 വർഷം പഴക്കമുള്ള ഓഹരിയുടെ നിലവിലെ മൂല്യം ഏകദേശം 11 ലക്ഷം രൂപയാണെന്നാണ് കരുതുന്നത്. മൂന്ന് സ്റ്റോക്ക് വിഭജനങ്ങൾക്കും രണ്ട് ബോണസുകൾക്കും ശേഷം ഇത് 960 ഓഹരികളായി വളർന്നതായി ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഓഹരി എടുത്തയാള്‍ പക്ഷെ നിലവില്‍ ജീവിച്ചിരിപ്പില്ല.

മരിച്ചുപോയ ഓഹരി ഉടമയുമായുള്ള ബന്ധത്തിന്റെ തെളിവ് ഉൾപ്പെടെയുള്ള രേഖകളുമായി ആർ‌ഐ‌എല്ലുമായി ബന്ധപ്പെടാൻ മറ്റൊരു ഉപയോക്താവ് നിർദ്ദേശിച്ചു. രത്തന് ലോട്ടറിയടിച്ചു എന്നാണ് വേറൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. നിലവിലെ റീമാറ്റ് ഫോം ഡീമാറ്റിലേക്ക് മാറ്റണമെന്ന ഉപദേശമാണ് ഒരു ഉപയോക്താവ് നല്‍കിയത്. എന്തായാലും സോഷ്യൽ മീഡിയയിൽ സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.

Tags:    

Similar News