'അച്ഛാ ആറ്റില്‍ പോയി കുളിച്ചോട്ടെ', 'സൂക്ഷിക്കണേ മോനെ' എന്ന് സുഭാഷ്; ടര്‍ഫിലെ കളി കഴിഞ്ഞപ്പോള്‍ ശ്രീശരണിനെ ആറ്റില്‍ കുളിക്കാന്‍ അനുവദിച്ച നിമിഷമോര്‍ത്ത് വിലപിച്ച് പിതാവ്; കൂടെയുള്ളവര്‍ തടഞ്ഞിട്ടും ആറ്റില്‍ ഇറങ്ങിയത് ശ്രീശരണും ഏബലും; സഹപാഠികളുടെ മരണത്തില്‍ മനംനൊന്ത് ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സഹപാഠികളുടെ മരണത്തില്‍ മനംനൊന്ത് ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Update: 2025-01-19 17:16 GMT

പത്തനംതിട്ട: ആറ്റില്‍ പോയി കുളിക്കാന്‍ മകന്‍ ശ്രീശരണിന് അനുവാദം നല്‍കിയതിന് ഇപ്പോള്‍ സ്വയം ശപിക്കുകയാണ് പിതാവ് സുഭാഷ്. ഓമല്ലൂരിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന മുള്ളനിക്കാട്ടെ ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുമൊത്ത് ആറ്റില്‍ പോയി കുളിച്ചോട്ടെ എന്ന് ശ്രീശരണ്‍ പിതാവ് സുഭാഷിനെ വിളിച്ചു ചോദിച്ചത്. സൂക്ഷിക്കണേ എന്ന് മാത്രമാണ് സുഭാഷ് പറഞ്ഞത്.

മകനെ ആറ്റില്‍ കുളിക്കാന്‍ വിട്ട ആ നിമിഷം ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് സുഭാഷ്. മകന് വിഷമം ആകരുതെന്ന് കരുതിയാണ് കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാന്‍ അനുവദിച്ചത്. അത് ഒരിക്കലും മടങ്ങി വരാത്ത യാത്രയാകുമെന്ന് സുഭാഷ് കരുതിയില്ല. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രാവിലെ ട്യൂഷന്‍ കഴിഞ്ഞു ഉച്ചയ്ക്ക് മടങ്ങി വരുന്നതായിരുന്നു ശ്രീശരണിന്റെ പതിവ്. ഇന്നലെ അതുണ്ടായില്ല.

അച്ചന്‍കോവിലാറ്റില്‍ ഓമല്ലൂര്‍ മുള്ളനിക്കാട് കോയിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളില്‍ പഠിക്കുന്ന ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ ഇലവുംതിട്ട ഇലക്ട്രിസിറ്റി എ.ഇ. ഓഫീസിലെ ലൈന്‍മാന്‍ ഇ.എസ്. സുഭാഷിന്റെ മകന്‍ ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാം പുറത്ത് വീട്ടില്‍ ബിനോയി തോമസിന്റെ മകന്‍ ഏബല്‍ ബി. തോമസ് (16) എന്നിവരാണ് മരിച്ചത്.

ഞായര്‍ വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. മുള്ളനിക്കാടുള്ള ടര്‍ഫില്‍ കളിച്ചതിന് ശേഷം അഞ്ചംഗ സംഘം കുളിക്കാനായിട്ടാണ് കോയിക്കല്‍ കടവില്‍ എത്തിയത്. അടിയൊഴുക്കും കയവും ഉള്ള ഭാഗത്താണ് ഇവര്‍ എത്തിയത്. കൂട്ടത്തില്‍ മൂന്നു പേര്‍ കടവില്‍ ഇറങ്ങിയ ശേഷം കയമാണെന്ന് പറഞ്ഞ് തിരിച്ചു കയറുകയായിരുന്നു. കൂട്ടുകാരുടെ വിലക്ക് വക വയ്ക്കാതെയാണ് ശ്രീശരണും ഏബലും ആറ്റില്‍ ഇറങ്ങിയതെന്ന് പറയുന്നു. ഇവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. രണ്ടു പേരും കയത്തില്‍ താഴ്ന്നു പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പത്തനംതിട്ടയില്‍ നിന്ന് ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തു വന്നു. സ്‌കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലില്‍ ഇവര്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് തന്നെ മൃതദേഹവും ലഭിച്ചു. ഏബലിന്റെ മാതാവ് ബിജി. സഹോദരന്‍: ഏലിയാസ്. ശ്രീശരണിന്റെ മാതാവ് സ്മിത. സഹോദരി ശ്രീശരണ്യ. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Similar News