'മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം; എന്നും പാര്‍ട്ടി കുടുംബം, പാര്‍ട്ടി തീരുമാനം അനുസരിക്കും'; നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ വി എ അരുണ്‍ കുമാര്‍; എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും വി എസിന്റെ മകന്‍

Update: 2026-02-18 07:03 GMT

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍. ഞങ്ങളുടേത് പാര്‍ട്ടി കുടുംബം ആണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി പറയുന്നതേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം ഇതുവരെ തന്നോട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല. സുരേഷ് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരപരമായ കാര്യമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. മത്സര സാധ്യത തള്ളാതെയാണ് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് തന്റെത് ഒരു പാര്‍ട്ടി കുടുംബം എന്നും അദ്ദേഹം മറുപടി നല്‍കി. പത്മവിഭൂഷണ്‍ സ്വീകരിക്കാത്തത് കുടുംബത്തിന്റെ തീരുമാനം. മലമ്പുഴ അച്ഛനും തനിക്കും വൈകാരികമായി ബന്ധമുള്ള ഇടം. മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് ആണ് ചെയ്യുക ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പിഎ ആയിരുന്ന എ. സുരേഷ് മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അരുണ്‍ കുമാറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തിരിന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരൊക്കെ അസംതൃപ്തരാണ് എന്നും സുരേഷ് വേദിയില്‍ വച്ച് പറഞ്ഞു. വിഎസിന് വിധിച്ചത് ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആണ്. അതേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു.

Tags:    

Similar News