പിതാവിന്റെ പാതയില്‍ പത്താം വയസില്‍ സംഗീതലോകത്ത്; ചേട്ടനും അനുജനും ആദ്യ ഗുരു; ശുദ്ധ സംഗീതത്തില്‍ മികവുറ്റ യുവതലമുറയെ വളര്‍ത്തിയെടുത്ത സംഗീത പ്രതിഭ; പാട്ടിന്റെ പാലാഴി തീര്‍ത്ത സംഗീത കുടുംബത്തിന് വീണ്ടുമൊരു നാഴികക്കല്ല്; ഡോ. കെ.ഓമനക്കുട്ടി ടീച്ചറെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുമ്പോള്‍!

Update: 2025-01-25 17:34 GMT

പാട്ടിന്റെ പാലാഴി തീർത്ത കുടുംബത്തിന് വീണ്ടുമൊരു നാഴികക്കല്ല്. ഡോ. കെ.ഓമനക്കുട്ടി ടീച്ചറെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുകയാണ്. സംഗീത കുടുംബത്തിൽ നിന്നും ഉയർന്നുവന്ന അത്ഭുത പ്രതിഭ കൂടിയാണ് ഓമനക്കുട്ടി ടീച്ചർ . സ്വരരാഗ ശ്രുതിലയമായ കുടുംബാന്തരീക്ഷത്തിൽ വളർന്നു വന്നു. സംഗീതജ്ഞരായ മാതാപിതാക്കളിലൂടെ അതെ കഴിവ് ടീച്ചറിനും കിട്ടി. പാട്ടിലൂടെ രാജ്യപ്രശസ്തിനേടിയ ആങ്ങളമാര്‍, അപ്പോൾ തന്നെ ആലോചിച്ചാൽ മതി ഓമനക്കൂട്ടി സംഗീത രംഗത്ത് എന്തെങ്കിലും ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

സംഗീതത്തില്‍ മികവുറ്റ യുവതലമുറയെ വളര്‍ത്തിയെടുത്തും സംഗീത പഠനത്തിന് കാലത്തിന്റെ പരിമിതികളും സൗകര്യങ്ങളും കണക്കിലെടുത്ത് പുതിയ രീതി രൂപപ്പെടുത്തിയും സംഗീത ലോകത്തെ ടീച്ചര്‍ പദവി എതിരാളികളില്ലാതെ അലങ്കരിക്കുന്ന ഓമനക്കുട്ടി ടീച്ചറെ പത്മശ്രീ നല്‍കി ഇപ്പോൾ ആദരിച്ചിരിക്കുകയാണ് രാജ്യം.

മലബാര്‍ ഗോപാലന്‍ നായരുടേയും കെ.കമലാക്ഷി അമ്മയുടേയും മകളായി 1943 മെയ് 24ന് ഹരിപ്പാട്ടായിരുന്നു ടീച്ചർ ജനിച്ചത്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്നിവര്‍ക്കൊപ്പം കച്ചേരിയില്‍ പങ്കെടുത്തിരുന്ന പാട്ടുകാരനും ഹാര്‍മോണിസ്റ്റും ആയിരുന്നു അച്ഛന്‍. തിരുവിതാംകൂര്‍ സ്വാതി തിരുനാള്‍ സംഗീത നാടക അക്കാഡമിയില്‍ നിന്ന് അദ്യ ബാച്ചില്‍ പഠിച്ചിറങ്ങിയ ആളാണ് അമ്മ. ഗുരുകുല സമ്പ്രദായത്തില്‍ പഠനം നടത്താന്‍ നിരവധി പേര്‍ എത്തിയിരുന്നതിനാല്‍ ഹരിപ്പാട്ടെ വീട് സംഗീത മയമായി മാറുകയായിരുന്നു.

ചേട്ടനായ പ്രശസ്ത സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണനും അനുജനായ പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ പോലെ അച്ഛനായിരുന്നു ഓമനക്കുട്ടിയുടേയും ആദ്യ ഗുരു. പത്താം വയസ്സില്‍ ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ വെച്ചാണ് അവർ അരങ്ങേറ്റം കുറിച്ചത്. ഒടുവിൽ കണ്ടത് പാട്ടിലൂടെ അത്ഭുതങ്ങൾ തീർത്ത ടീച്ചർ ആയിരുന്നു.

സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസത്തോടൊപ്പം സംഗീത പഠനവും തുടര്‍ന്നു. ശെമ്മാം കുടി ശ്രീനിവാസ അയ്യര്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, ജി.എന്‍.ബാല സുബ്രമണ്യം കുമാരസ്വാമി തുടങ്ങി പ്രശസ്ത ഗുരുക്കന്‍മാരുടെ ശിഷത്വം ലഭിച്ചത് അനുഗ്രഹമായി. സുവോളജിയില്‍ ബിരുദമെടുത്ത ശേഷം സംഗീത കോളേജില്‍ നിന്ന് ഗാന പ്രവീണും പിന്നീട് തിരുവനന്തപുരം ഗവ വനിതാ കോളേജില്‍ നിന്ന് സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദവും നേടുകയായിരുന്നു.

Tags:    

Similar News