സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനത്തില്‍ ഞെട്ടി പാക്കിസ്ഥാന്‍; ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താല്‍പ്പര്യം; 24 കോടി ജനങ്ങളുടെ ജീവനാഡിയെന്നും പാക്കിസ്ഥാന്‍; ലോകബാങ്ക് മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയില്ലെന്നും വാദം; ഇന്ത്യക്കെതിരായ നിയമനടപടിയുടെ സാധ്യത തേടി പാക്കിസ്ഥാന്‍

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനത്തില്‍ ഞെട്ടി പാക്കിസ്ഥാന്‍;

Update: 2025-04-24 14:38 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍ പങ്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ച് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതോടെ അപ്രതീക്ഷിത ആഘാതത്തിലാണ് പാക്കിസ്ഥാന്‍. ഇതിന് മറുപടിയെന്ന നിലയില്‍ ഷിംല കരാര്‍ റദ്ദാക്കിയ പാക്കിസ്ഥാന്‍ തീരുമാനം കൈക്കൊണ്ടു. ഈ തിരുമാനത്തിലേക്കെല്ലാം പാക്കിസ്ഥാന്‍ കടന്നത് ഇന്ത്യ തുടങ്ങിയ ജലയുദ്ധം തന്നെയാണ്. പാക്കിസ്ഥാന് ഭീകരത വേണോ അതോ ജലം വേണോ എന്നതാണ് ഇന്ത്യ മുന്നോട്ടുവെച്ച ചോദ്യം. ഇതിനോട് വൈകാരികമായാണ് പാക്കിസ്ഥാന്റെ പ്രതികരണവും.

ഇന്ത്യയുടെ നീക്കം പാകിസ്താനില്‍ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. പാകിസ്താനിലെ 24 കോടിയാളുകളുടെ ജീവനാഡിയാണ് സിന്ധുനദി. ഇന്ത്യന്‍ നീക്കത്തോട് വൈകാരികമായാണ് പാകിസ്താന്‍ പ്രതികരിച്ചത്. പാക് ജനതയെ തന്നെ നേരിട്ടു ബാധിക്കുന്നതാണ് ഈ നീക്കം. ഇന്ത്യ ഇത്രയും കടുത്ത നിലപാടിലേക്ക് പോകുമെന്ന് പാക്കിസ്ഥാന്‍ കരുതിയിരുന്നില്ല. മുന്‍പ് യുദ്ധകാലത്ത് പോലും ഈ കരാറില്‍ തൊടാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

അതുകൊണ്ടു തന്നെ ഇന്ത്യന്‍ നീക്കത്തില്‍ ആശങ്കയോടെയാണ് പാക്കിസ്ഥാന്റെ പ്രതികരണവും. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാകിസ്താന്‍ പറയുന്നു. ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താല്‍പ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താന്‍ നടപടികള്‍ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

'ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും'. പ്രസ്താവനയില്‍ പറയുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറില്‍ തീരുമാനമെടുത്തിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

1960 സെപ്തംബര്‍ 19 -ന് കറാച്ചിയില്‍ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റുവും പാകിസ്താന്‍ പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പുവച്ച 'സിന്ധു നദീജല ഉടമ്പടി' ആണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ നദീജലം പങ്കുവെക്കുന്നതിനുള്ള നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ. ഈ കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. 'ജലം എങ്ങനെ പങ്കുവയ്ക്കും' എന്നുള്ളതായിരുന്നു കൂടിയ വിവാദങ്ങള്‍ ഉണ്ടാക്കിയ വ്യവസ്ഥ.

പാകിസ്താനിലേക്ക് ഒഴുകുന്ന നദികള്‍ ആദ്യം ഇന്ത്യയില്‍ക്കൂടി ഒഴുകുന്നതിനാല്‍, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോല്‍പ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ കശ്മീര്‍ വിഷയത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന നിലപാടാണ് ഇന്ത്യയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചരിക്കുന്നത്.

പാകിസ്ഥാന്റെ ഭാഗത്തുനിന്നും അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങളില്‍ സഹികെട്ട് ഒടുവില്‍ 2016 -ല്‍ ഈ സിന്ധു നദീജല ഉടമ്പടിയുടെ ഒരു സമ്മേളനം റദ്ദാക്കിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ഇപ്രകാരമായിരുന്നു, 'ചോരയും വെള്ളവും കൂടി ഒന്നിച്ചൊഴുകിയാല്‍ ശരിയാവില്ല. അതിനും ശേഷമാണ് 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ആക്രമണം നടക്കുന്നതും. അന്ന് പ്രസ്താവനയില്‍ ഒതുക്കിയ കാര്യമാണ് ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News