'വിറച്ചിട്ട് സംസാരിക്കാന്‍ പറ്റുന്നില്ല, സ്വര്‍ഗത്തില്‍ പോയി വന്നപോലുണ്ട്; ഒരുമാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്; എവിടെ നിന്നുള്ളയാളാണ് എന്നറിയില്ല'; സന്തോഷം കൊണ്ട് അത്ഭുതപരതന്ത്രനായി ബംപര്‍ ടിക്കറ്റ് വിറ്റ ഏജന്റ്

'വിറച്ചിട്ട് സംസാരിക്കാന്‍ പറ്റുന്നില്ല, സ്വര്‍ഗത്തില്‍ പോയി വന്നപോലുണ്ട്;

Update: 2024-10-09 11:44 GMT

സുല്‍ത്താന്‍ ബത്തേരി: ഓണം ബംപര്‍ വിജയിച്ചത് ആരാണെന്ന കാര്യം ഇനിയും അറിവായിട്ടില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അതേസമയം ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി കടയിലേക്ക് ആളുകളുടെ തിരക്കാണ്. ചാനലുകള്‍ അടക്കം കൂട്ടത്തോടെ എത്തുന്നുണ്ട്. എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. അതേസമയം ലോട്ടറി അടിച്ച വിവരം അറിഞ്ഞ് ആകെ സന്തോഷത്താലുള്ള വിറലിയാണ് നാഗരാജ്.

'വിറച്ചിട്ട് സംസാരിക്കാന്‍ പറ്റുന്നില്ല സാറേ'... ഇതായിരുന്നു നാഗരാജിന്റെ പ്രതികരണം. വലിയ സന്തോഷമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മൈസൂര്‍ സ്വദേശിയാണ് നാഗരാജ്. ഇദ്ദേഹവും സഹോദരന്‍ മഞ്ജുനാഥും ചേര്‍ന്നാണ് ബത്തേരിയില്‍ കട നടത്തുന്നത്. ആരാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നറിയില്ലെന്ന് നാഗരാജ് പറഞ്ഞു.

ഒരുമാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്. എവിടെനിന്നുള്ളയാളാണ് എന്നറിയില്ല. ഉദുമല്‍പേട്ട, ഗൂഡല്ലൂര്‍, മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ളവരെല്ലാം വരുന്ന സ്ഥലമാണ് സുല്‍ത്താന്‍ ബത്തേരി. രണ്ടുമാസം മുന്‍പ് വിന്‍ വിന്‍ ലോട്ടറിയിലൂടെ 77 ലക്ഷം സമ്മാനം അടിച്ചിരുന്നു. പതിനഞ്ച് വര്‍ഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. അതില്‍ അഞ്ചുവര്‍ഷം മുന്‍പാണ് കടയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പനമരത്തെ ജിനീഷ് എന്ന ഏജന്റില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് നാഗരാജിന്റെ സഹോദരന്‍ മഞ്ജുനാഥ് പറഞ്ഞു. ബോര്‍ഡില്‍ വെച്ചിരുന്ന ടിക്കറ്റാണ് ഇത്. സ്വര്‍ഗത്തിനുള്ളില്‍പ്പോയി പുറത്തുവന്നതുപോലെയുണ്ട്. വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. 80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു.

Tags:    

Similar News