വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് 'നുംഖോര്‍'; കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം വമ്പന്‍ മാഫിയ; പരിവാഹന്‍ വെബ് സൈറ്റില്‍ അടക്കം കൃത്രിമം; 2014ല്‍ നിര്‍മിച്ച ഒരു വാഹനം 2005ല്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍; അടിമുടി ദുരൂഹം; ഇഡി എത്തും; ഒപ്പം ജി എസ് ടി വകുപ്പും; ഓപ്പറേഷന്‍ നുംഖൂറിന് മാനങ്ങള്‍ പലത്
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് രാജ്യത്തെത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയ്ക്കു നല്‍കിയിരിക്കുന്ന പേരാണ് 'ഓപ്പറേഷന്‍ നുംഖോര്‍'. ഞെട്ടിക്കുന്ന പല വിവരങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വരും. ജി എസ് ടി വകുപ്പും അന്വേഷിക്കും. കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുന്നത് നടന്മാര്‍ക്ക് അടക്കം വൈല്ലുവിളിയാകും. വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് 'നുംഖോര്‍'. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് സംസ്ഥാനത്തു പരിശോധനകള്‍ നടന്നുവരുന്നത്.
ഇന്ത്യന്‍ നിയമമനുസരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 10 മുതല്‍ 15 വരെ നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളതായാണു കണ്ടെത്തിയിട്ടുള്ളത്. പരിശോധനയുടെ ഭാഗമായി കാണുന്ന അനധികൃത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണു കസ്റ്റംസിന്റെ നീക്കം. ഇതിനൊപ്പമാണ് ഇഡിയും പരിശോധനയ്ക്ക് എത്തുന്നത്. രേഖകള്‍ ഉടന്‍ ഇഡിയ്ക്ക് കസ്റ്റംസ് കൈമാറും. ജിഎസ്ടി തട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജി എസ് ടി വകുപ്പ് അന്വേഷണത്തിന് എത്തുന്നത്.
ഫിറ്റ്നസ്, ഇന്‍ഷ്വറന്‍സ് എന്നിവയൊന്നുമില്ലാതെയാണു വാഹനങ്ങള്‍ ഓടുന്നത്. പുറത്തുനിന്ന് വാഹനങ്ങള്‍ എത്തിച്ചാല്‍ ഒരുമാസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നാണു നിയമം. എന്നാല്‍ എട്ടു മാസമായിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാതെ വിദേശനമ്പറുകളില്‍ കേരളത്തില്‍ ഓടുന്നുണ്ട്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ അതിര്‍ത്തി കടത്തി കൊണ്ടുവന്നു വില്‍ക്കുന്ന, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്നു വാങ്ങി ഇന്ത്യയിലെത്തിക്കുന്നതാണ് ഇവരുടെ രീതി. ഭൂട്ടാനില്‍വച്ച് വാഹനങ്ങള്‍ അഴിച്ച് വണ്ടികളിലാക്കി വനാതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ച് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ് രീതി. അല്ലെങ്കില്‍ വലിയ കണ്ടെയ്നറുകളിലാക്കി ഇന്ത്യയിലെത്തിക്കും. ഭൂട്ടാന്‍ സ്വദേശികള്‍ക്കു കാറുമായി ഇന്ത്യയിലേക്കു വരാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്തും വാഹനമെത്തിക്കാറുണ്ട്. ഭൂട്ടാനില്‍നിന്ന് വാഹനം കൊണ്ടുവന്നശേഷം കൃത്രിമ രേഖകള്‍ ഉപയോഗിച്ചു രജിസ്ട്രേഷന്‍ നടത്തും.
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എംബസികള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍, അമേരിക്കന്‍ എംബസികള്‍ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിര്‍മിക്കുന്നു. പരിവാഹന്‍ വെബ്സൈറ്റിലും ഇവര്‍ കൃത്രിമം നടത്തുന്നുണ്ട്. വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നുണ്ടെന്നാണു വിവരം. ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഡിആര്‍ഐയും മറ്റ് ഏജന്‍സികളും ഇവ പിടികൂടിയ സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ പറഞ്ഞു.
പരിവാഹന്‍ വെബ്‌സൈറ്റ് രേഖകളിലും കൃത്രിമം നടത്തിയിട്ടുണ്ട്. 2014ല്‍ നിര്‍മിച്ച ഒരു വാഹനം 2005ല്‍ രജിസ്റ്റര്‍ ചെയ്തതായാണു സൈറ്റില്‍ കാണിക്കുന്നത്. സൈറ്റ് ഹാക്ക് ചെയ്തോ മറ്റേതെങ്കിലും രീതിയിലോ തട്ടിപ്പുസംഘം കൃത്രിമം നടത്തിയതാകാം. നിയമവിരുദ്ധമായാണു വാഹനങ്ങളുടെ വില്പന നടത്തുന്നത്.