ഓപ്പറേഷന്‍ നുംഖോറില്‍ തന്റെ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന പ്രചാരണം തെറ്റ്; കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത് ഒരുവാഹനം മാത്രം; സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്നാണ് അവര്‍ക്ക് സ്ഥിരീകരിക്കേണ്ടത്; വിശദീകരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍
വിശദീകരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍
കൊച്ചി: 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ കസ്റ്റംസ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന റെയ്ഡില്‍ തന്റെ ആറ് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു എന്ന പ്രചാരണം തെറ്റാണെന്ന് നടന്‍ അമിത് ചക്കാലയ്ക്കല്‍. തന്റേ ഗാരേജില്‍ പണിക്ക് കൊണ്ടുവന്ന വാഹനങ്ങളാണ് അവയെന്നും, ഭൂട്ടാനില്‍ നിന്ന് കടത്തിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഒരു വാഹനം മാത്രമാണ് ഇന്നലെ കസ്റ്റംസ് കൊണ്ടുപോയതെന്ന് അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന, 1999 മോഡല്‍ ലാന്‍ഡ് ക്രൂസര്‍ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനാണ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ആവശ്യപ്പെട്ടത്.
15 വര്‍ഷം മുന്‍പുള്ള ഉടമസ്ഥാവകാശ രേഖകളും ഇതിന്റെ വില്‍പ്പന സംബന്ധിച്ച വിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. താന്‍ ഈ വാഹനം സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്ന് സ്ഥിരീകരിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും, ഇതിനാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വാഹനത്തെക്കുറിച്ച് 15 വര്‍ഷം മുന്‍പ് ചെയ്ത ഒരു വ്‌ലോഗും ഇതിന്റെ ഭാഗമായി കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
കസ്റ്റംസ് ആകെ ഏഴ് വാഹനങ്ങളാണ് ഇന്നലെ പിടിച്ചെടുത്തതെന്നും ഇതില്‍ നാലെണ്ണം അമിത് ചക്കാലയ്ക്കലിന്റെ വീടിന്റെ പരിസരത്ത് നിന്ന് പിടിച്ചെടുത്തതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ ലെക്‌സസ് കാര്‍ ഒരു ജ്വല്ലറി ഗ്രൂപ്പിന്റേതാണെന്നും അത് തന്റെ ഗാരേജിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള വാഹനങ്ങള്‍ ഗാരേജില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്നതാണെന്നും അവയുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ കെയര്‍ഓഫിലാണ് അവ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും, അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസ്റ്റംസ് അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റംസിന്റെ അന്വേഷണത്തോട് താന്‍ സഹകരിക്കാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും അമിത് ചക്കാലയ്്ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ടി.ടിജുവിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. രേഖകള്‍ സമര്‍പ്പിക്കാത്ത പക്ഷം വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. ഈ റെയ്ഡില്‍ സിനിമാ മേഖലയില്‍ നിന്ന് നടന്മാരായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരും കസ്റ്റംസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.