ചൈന നല്‍കിയ വ്യോമപ്രതിരോധ സംവിധാനത്തെ ആദ്യം ജാം ചെയ്തു; പിന്നാലെ ഇന്ത്യയുടെ കടന്നാക്രമണവും; 23 മിനിറ്റുകള്‍ക്കൊണ്ട് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടി; ആക്രമണത്തിലെ ഇന്ത്യന്‍ ആധിപത്യം അടിവരയിടുന്ന ഉപഗ്രഹ ചിത്രങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസും
ചൈന നല്‍കിയ വ്യോമപ്രതിരോധ സംവിധാനത്തിനെ ആദ്യം ജാം ചെയ്തു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടികള്‍ തടുക്കാനാകാതെ പാക്കിസ്ഥാന്‍ കുഴങ്ങിയത് ഇന്ത്യയുടെ തന്ത്രപരമായ നീക്കത്താല്‍. ചൈനയില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍ജ്ജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നിടത്താണ് ഇന്ത്യ വിജയിച്ചത്. ഈ ചൈനീസ് സാങ്കേതിക വിദ്യകളെ അനായാസം പൊളിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി പാക്കിസ്താന്‍ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളായിരുന്നു വിന്യസിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന പാക്കിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സംവിധാനങ്ങളെ നിശ്ചലമാക്കിയാണ് ആക്രമണം നടത്തിയത്.
പാകിസ്താനില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്താന്‍ ചൈനീസ് സംവിധാനത്തിന് കഴിയാതെ പോയി. വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്യുകയും അതിന്റെ മറവില്‍ 23 മിനിറ്റുകള്‍ക്കൊണ്ട് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമസേന കനത്ത നാശം വിതയ്ക്കുകയും ചെയ്തു. മേഖലയില്‍ വ്യോമ മേധാവിത്വം ആര്‍ക്കാണെന്ന് ഇന്ത്യ ഇതിലൂടെ വ്യക്തമാക്കി.
വിദേശ സാങ്കേതിക വിദ്യകളേക്കാള്‍ മികച്ചതാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് തുണയായി മാറിയത്. ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ചെറുക്കുന്നതിലും തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സഹായകരമായി. അതുകൊണ്ടാണ് പാകിസ്താന്‍ അയച്ച ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യ വിജയകരമായി നിര്‍വീര്യമാക്കിയത്.
മികച്ചവയെന്ന് കരുതി പാകിസ്താന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യകളുടെയും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുടെയും മുന്നില്‍ നിഷ്ഫ്രഭമായി തീര്‍ന്നു. പാകിസ്താനെതിരെ ഇന്ത്യ ഉപയോഗിച്ചതില്‍ കൂടുതലും ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളായിരുന്നുവെന്നതും ഇക്കാര്യത്തില്‍ മേധാവിത്വം നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക സംഘര്‍ഷം മാത്രമായിരുന്നില്ല. മറിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പരീക്ഷണ വേദികൂടിയായിരുന്നു. യുദ്ധസാഹചര്യങ്ങളില്‍ എത്രത്തോളം ഇന്ത്യന്‍ സാങ്കേതിക വിദ്യ ഫലപ്രദമാണെന്ന് വിലയിരുത്താനായി. മറ്റേത് വിദേശ സംവിധാനങ്ങളോടും കിടപിടിക്കുന്നവയാണ് ഇവയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുമായി.
അതേസമയം ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വ്യക്തമായ മേല്‍ക്കൈ ഇന്ത്യക്ക് നേടാനായെന്ന് ന്യൂയോര്‍ക്ക് ടൈംസും വ്യക്തമാക്കി. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളുമടക്കം ലക്ഷ്യമിട്ടതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യന്‍ ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങള്‍ക്ക് വ്യക്തമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നീണ്ടുന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള അരനൂറ്റാണ്ടിലെ ഏറ്റവും വിപുലമായ പോരാട്ടമായിരുന്നു. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സൗകര്യങ്ങള്‍ ആക്രമിക്കുകയും ചെയ്തപ്പോള്‍, അങ്ങോട്ടുമിങ്ങോട്ടും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായി അവകാശപ്പെട്ടു. ആക്രമണങ്ങള്‍ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാള്‍ വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പാകിസ്ഥാനെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 'ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തില്‍, ഇരുവശത്തുമുള്ള ആക്രമണങ്ങള്‍, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
പാകിസ്ഥാന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് 100 മൈലില്‍ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തില്‍ വ്യക്തമായ കേടുപാടുകള്‍ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു. പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്തിനും പാക് പ്രധാനമന്ത്രിയുടെ ഓഫീസിനും ഏകദേശം 15 മൈല്‍ പരിധിയിലടക്കം ഇന്ത്യക്ക് ആക്രമണം നടത്താനായതടക്കം ചൂണ്ടികാട്ടിയുള്ളതാണ് റിപ്പോര്‍ട്ട്. മെയ് 10 ന് റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിലെ റണ്‍വേ പ്രവര്‍ത്തനക്ഷമമല്ലെന്ന് പാകിസ്ഥാന്‍ ഒരു നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.