എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചര്‍ ആയി; പാക് യുദ്ധ വിമാനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ആയില്ല; പാക്കിസ്ഥാന് നഷ്ടമായത് എഫ് 16 ജെറ്റുകള്‍ അടക്കം ആറു വിമാനങ്ങള്‍; ജയം ഉറപ്പിച്ചത് റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ജയം വ്യോമസേന മേധാവി പറയുമ്പോള്‍

Update: 2025-08-09 07:56 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാക്കിസ്ഥാന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിങ്. പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കില്‍ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ സൈന്യം ആക്രമിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്‍ അവരുടെ ഡ്രോണുകള്‍ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ബെംഗളൂരുവിലെ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാക്കിസ്ഥാന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകര്‍ത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ബെംഗളൂരുവില്‍ നടന്ന എയര്‍ മാര്‍ഷല്‍ കത്ര വാര്‍ഷിക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അത്ഭുതകരമായ തലത്തില്‍ പ്രവര്‍ത്തിച്ചു. എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചര്‍ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെ അപ്രസക്തമാക്കി. അവരുടെ കൈവശമുള്ള ദീര്‍ഘദൂര ഗ്ലൈഡ് ബോംബുകളെ പോലും ഇത് പ്രതിരോധത്തിലാക്കി. അവയൊന്നും ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല,-സിംഗ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തില്‍ വ്യോമനിരീക്ഷണത്തിനായി രൂപകല്‍പ്പന ചെയ്ത എഇഡബ്ല്യു & സി/ഇഎല്‍ഐഎന്‍ടി വിമാനവും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു. ''ആക്രമിക്കപ്പെട്ട പ്രധാന വ്യോമതാവളങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദ് വ്യോമതാവളം. ഇവിടെ, ഒരു എഫ്-16 ഹാംഗര്‍ ഉണ്ട്. ഹാംഗറിന്റെ പകുതിയും ഇല്ലാതായി. അകത്ത് ചില വിമാനങ്ങള്‍ ഉണ്ടായിരുന്നു, അവയ്ക്ക് അവിടെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. ഇസ്രയേല്‍ നിര്‍മിതമായ ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചതായും അവ സംഘര്‍ഷവേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹമാസിനെ ഇല്ലാതാക്കാന്‍ ഗാസയ്ക്കെതിരായ സൈനികാക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തവേയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ മുന്‍പ് നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ വികസിപ്പിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി യുദ്ധക്കളങ്ങളില്‍ പരീക്ഷിച്ച് ഉറപ്പുവരുത്താറുണ്ട്. അവ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.

ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരിലുള്ള തിരിച്ചടി. തദ്ദേശനിര്‍മിത ആയുധങ്ങളെ കൂടാതെ ബാരാക് മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍സൈന്യം പ്രയോജനപ്പെടുത്തിയിരുന്നു. ഇസ്രേയല്‍ നിര്‍മിത ആയുധങ്ങളെ കൂടാതെ റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകളും സൈന്യം ഉപയോഗിച്ചിരുന്നു.

റഡാര്‍ സംവിധാനങ്ങളെ തകര്‍ക്കാനാണ് ഹാര്‍പി ഡ്രോണുകള്‍ സഹായിക്കുക. മാരക സ്ഫോടനശേഷിയുള്ള പോര്‍മുനകള്‍ വഹിക്കുന്ന ഇവ, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ നിലംപരിശാക്കും. ദീര്‍ഘദൂര ശേഷിയുള്ള ഭൂമിയില്‍നിന്ന് വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ബരാക് 8. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ഉള്‍പ്പെടെ വീഴ്ത്താന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 360 ഡിഗ്രി കവറേജും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഉന്നംവെക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. കരയിലോ കപ്പലിലോവെച്ച് ഇവ ഉപയോഗിക്കാം.

Tags:    

Similar News