സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ; മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന; രാഹുലിനെ പുറത്താക്കി കോണ്‍ഗ്രസ് പിടിച്ചു നിന്ന അതേവഴി തേടാന്‍ എല്‍ഡിഎഫ്; എല്ലാം കുടുംബ കാര്യമെന്ന നിലപാടില്‍ ഗണേഷ് കുമാറും

സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ

Update: 2026-03-10 01:54 GMT

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കുമോ ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തലസ്ഥാനത്ത് സജീവം. തെരഞ്ഞെടുപ്പു കാലത്ത് റിസ്‌ക്കെടുക്കാതെ മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സിപിഐ ഉള്‍പ്പടെ ഉള്ളവര്‍ ഇക്കാര്യത്തില്‍ ഗണേഷിനെതിരാണ്.

വിഷയത്തില്‍ എന്തു നിലപാട് കൈക്കൊള്ളണം എന്നതില്‍ മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ഭാര്യ പരസ്യമായി ഉന്നയിച്ച പരാതിയില്‍ ന്യായീകരണത്തിനും സംരക്ഷണത്തിനും നില്‍ക്കാതെ ഗണേഷിനെ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കള്‍ അറിയിച്ചത്. മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചെന്ന് ഗണേഷിന്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതല്‍ ഗൗരവമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

മന്ത്രിയെ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന നിലപാടാണ് സി.പി.ഐ.ക്ക്. ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. രണ്ടു പ്രശ്നങ്ങളാണ് സര്‍ക്കാരിനും മുന്നണിക്കും തലവേദനയായിമാറുന്നത്. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിര്‍ത്തുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു.

രക്ഷിക്കണമെന്ന അപേക്ഷയുമായി അടിയന്തരസഹായ നമ്പറില്‍ മന്ത്രിയുടെ ഭാര്യ വിളിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് സംഘം ഒന്നും ചോദിക്കാതെ മടങ്ങിപ്പോയി. ഇതു രണ്ടും മന്ത്രിപദം ദുരുപയോഗം ചെയ്തതായും വീടിനുള്ളില്‍ ഒരു സ്ത്രീ അതിക്രമത്തിനിരയായി എന്നതുമായുള്ള വാദം ബലപ്പെടുത്തും. കേസുവന്നാല്‍, ഗണേഷ് നിര്‍ബന്ധമായും രാജിവെക്കേണ്ടിവരും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ പരാതിക്കാരി ആരാണെന്ന് അറിയുന്നതിനുമുന്‍പും പരാതി ലഭിക്കുന്നതിനുമുന്‍പും പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. രാഹുലിനെ പുറത്താക്കിയാണ് കോണ്‍ഗ്രസ് പിടിച്ചുനിന്നത്. അതേവഴി തേടാനാണ് എല്‍ഡിഎഫും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗണേശ് കുമാറിനെ ന്യായീകരിക്കാനോ സംരക്ഷിക്കനോ കഴിയാത്ത അവസ്ഥയിലായി സര്‍ക്കാര്‍. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്ന ആരോപണം ഉയര്‍ത്തിയതോടെ ആഭ്യന്തര വകുപ്പും കരിനിഴലിലായി.

ഇതിനിടെ കൊട്ടാരക്കരയില്‍ ഇന്നലെ മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത ഐ.ടി.പാര്‍ക്ക് നിര്‍മ്മാണ ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുക്കാതെ ഗണേശ് തലസ്ഥാനത്തേക്ക് മടങ്ങി. വട്ടുപിടിച്ച ആര്‍ക്കും പൊലീസിന്റെ 112ല്‍ വിളിക്കാമെന്ന് ഭാര്യയെപരിഹസിച്ചും പ്രണയങ്ങളെ ന്യായീകരിച്ചും ഗണേശ് കുമാര്‍ നടത്തിയ പ്രതികരണം വിഷയം ആളിക്കത്തിച്ചത്. ഇതോടെ, മന്ത്രിയെ വാളകത്തെ വീട്ടില്‍ വച്ച് അത്യന്തം മോശം സാഹചര്യത്തില്‍ കണ്ടതും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും ബിന്ദു മാദ്ധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്നാണ് സൂചന.അപ്രതീക്ഷിതമായി എത്തിയ ബിന്ദു ദൃശ്യങ്ങള്‍ പകര്‍ത്തി. ബലപ്രയോഗത്തിലൂടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ സ്റ്റാഫ് ശ്രമിച്ചു. സഹായിയായ ശാന്തനാണ് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പ്രദീപ് തടഞ്ഞുവയ്ക്കാന്‍ വാതിലടച്ചു. സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി വിട്ടു. മന്ത്രി മുറിയില്‍ കയറി വാതില്‍ അടച്ചു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി എന്ന് സെക്രട്ടറി മനോജ് പറഞ്ഞതായും ബിന്ദു വെളിപ്പെടുത്തി. ജീവന്‍ അപകടത്തിലാവുമെന്ന് തോന്നിയപ്പോള്‍, സഹോദര ഭാര്യയും മുന്‍ ഡി.ജി.പിയും തലസ്ഥാനത്തെ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖയെ ഫോണില്‍വിളിച്ച് വിവരമറിയിച്ചെന്ന് ബിന്ദു പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബിന്ദുമേനോന്‍ തന്നെ വിളിച്ചിരുന്നതായും പൊലീസ് സഹായം തേടാന്‍ താന്‍ നിര്‍ദ്ദേശിച്ചതായും ആര്‍.ശ്രീലേഖ സ്ഥിരീകരിച്ചു. ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം പൊലീസിന്റെ അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറായ 112ല്‍ വിളിച്ചു. പിങ്ക് പൊലീസ് സ്ഥലത്തെത്തിയിട്ടും കുടുംബപ്രശ്‌നമായതിനാല്‍ ഇടപെടാനാവില്ലെന്നും പൊലീസിന്റെ പരിധിയിലുള്ള വിഷയമല്ലെന്നും പറഞ്ഞ് തിരികെപ്പോവുകയായിരുന്നു. മന്ത്രിയുടെ സഹായികള്‍ പൊലീസിനെ തടയാനും ശ്രമിച്ചു.

Tags:    

Similar News