ഇസ്ലാമാബാദിലെ തിരിച്ചടിക്ക് പിന്നാലെ ഡല്‍ഹിയില്‍ അതീവ ജാഗ്രത; ഇന്ത്യ ഗേറ്റിലടക്കം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി; രാജസ്ഥാനിലും ജാഗ്രത നിര്‍ദേശം; ജയ്‌സാല്‍മീറില്‍ രാവിലെ 6 വരെ ബ്ലാക്കൗട്ട്; പാക്കിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ; ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇസ്ലാമാബാദിലെ തിരിച്ചടിക്ക് പിന്നാലെ ഡല്‍ഹിയില്‍ അതീവ ജാഗ്രത

Update: 2025-05-09 11:03 GMT

ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇരട്ടി പ്രഹരം നല്‍കാന്‍ മുന്നൊരുക്കവുമായി ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാനാണ് തീരുമാനം. ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്നലെ രാത്രി പാകിസ്ഥാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്‍പതിലേറെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നും എല്ലാ ആക്രമണ ശ്രമവും ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തെന്നും സൈന്യം വ്യക്തമാക്കി. ഒരിടത്തും ആര്‍ക്കും ജീവഹാനി ഇല്ല. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിഞ്ഞ രാത്രി എന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ രാജ്യതലസ്ഥാനമായ ഡല്‍ഹി അതീവ ജാഗ്രതയിലാണ്. തലസ്ഥാന നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. ജമ്മു ഉള്‍പ്പെടെ അതിര്‍ത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങള്‍ ഷെല്ലാക്രമണത്തിന് വിധേയമായതിന് പിന്നാലെയാണിത്. യുദ്ധ സ്മാരകമായ ഇന്ത്യാ ഗേറ്റിലെത്തിയ സഞ്ചാരികളെയും അവിടുത്തെ കച്ചവടക്കാരെയും പ്രദേശത്തുള്ളവരെയുമെല്ലാം ഒഴിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. സ്ഥലത്തെ ഗതാഗതവും നിയന്ത്രിച്ചു.

രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുകയാണ്. ജയ്‌സാല്‍മീറില്‍ അഞ്ച് മണിയോടെ ചന്തകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളില്‍ യാത്ര കര്‍ശനമായി വിലക്കി. സൈനിക കേന്ദ്രങ്ങള്‍ക്ക് 5 കി.മീ. ചുറ്റളവിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. റോഡുകളില്‍ യാത്രകള്‍ വിലക്കുമെന്നും മുന്നറിയിപ്പ്. ഇന്നലെ പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലമാണ് ജയ്‌സാല്‍മീര്‍.

ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കരേസനാ മേധാവിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 1948-ലെ ടെറിട്ടോറിയല്‍ ആര്‍മി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിന്റെ ഉത്തരവ് മെയ് ആറിന് പുറത്തിറങ്ങി. 32 ബറ്റാലിയനുകളാണ് ടെറിട്ടോറിയല്‍ ആര്‍മിക്കുള്ളത്. ഇതില്‍ 14 ബറ്റാലിയനുകളില്‍ നിന്ന് ആവശ്യമെങ്കില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഓഫീസര്‍മാരെ വിനിയോഗിക്കാനാണ് അനുമതി. സതേണ്‍, ഇസ്റ്റേണ്‍, വെസ്റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിങ് കമാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാകും ഉദ്യോഗസ്ഥരെ സേവനത്തിനായി വിളിക്കുക.

ഡല്‍ഹി സര്‍ക്കാരിന്റെ സേവന വകുപ്പ് തങ്ങളുടെ ജീവനക്കാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവധിയില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും എന്ത് സാഹചര്യവും നേരിടുന്നതിനും തയ്യാറായിരിക്കുന്നതിനായി പ്രത്യേക അവലോകന യോഗം നടന്നതായും വിവരമുണ്ട്. ദ്രുത പ്രതികരണ സംവിധാനങ്ങളിലുണ്ടായിരുന്ന പോരായ്മകളെല്ലാം തിരിച്ചറിഞ്ഞ് ഉടനടി പരിഹരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സോണുകളിലെയും പ്രത്യേക കമ്മീഷണര്‍മാര്‍ 15 ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങള്‍ വിട്ടുപോകണമെന്ന് എല്ലാ ജനങ്ങള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കി. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ആരോഗ്യ, ദുരന്ത നിവാരണത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ മജിസ്ട്രേറ്റുകള്‍ അവരുടെ കീഴുദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.24 മണിക്കൂറും പൊലീസ് സേന സജീവമായിരിക്കും. അപകടസാദ്ധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും അധികസേനയെ വിന്യസിച്ചു. രാത്രി ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ സമയക്രമം മാറിയേക്കും. നിലവില്‍ ഉള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. യാത്രക്കാര്‍ ഷെഡ്യൂളുകള്‍ ശ്രദ്ധിക്കണമെന്നും എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റിയും പ്രത്യേക നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

ആഭ്യന്തര - അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. കൊച്ചി വിമാനത്താവളം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തില്‍ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘര്‍ഷത്തിനിടയില്‍ കുരുങ്ങിയവര്‍ക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവര്‍ക്കും ഫോണ്‍- ഇ-മെയില്‍- ഫാക്‌സ് എന്നിവ മുഖേന വിവരം കൈമാറാം. കേരളീയരെ സുക്ഷിതമായി തിരിച്ചെത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. അരി, ഗോതമ്പ്, പഞ്ചസാര, ഇന്ധനം എന്നിവ പൂഴ്ത്തിവെയ്ക്കുന്നത് തടയുകയാണ് ലക്ഷ്യം. വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ സാഹചര്യം കൃത്യമായി നിരീക്ഷിക്കണം എന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തി വെയ്പും ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത വേണം എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാവാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാവില്ലെന്നും അരിയും മറ്റ് അവശ്യ സാധനങ്ങളും വിലകൂട്ടി വില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ പരാതിപ്പെടണമെന്നും ഭഗവന്ത് മന്‍ പറഞ്ഞു. മൊത്തക്കച്ചവടക്കാര്‍ ഉടനടി കയ്യിലെ സ്റ്റോക്കിന്റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കണം എന്നാണ് ഛണ്ഡീഗഡില്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. മൂന്ന് ദിവസത്തിനകം കൃത്യം കണക്കുകള്‍ നല്‍കണം എന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News