ഉപകരണങ്ങള്‍ എല്ലാം ആക്രിക്ക് കൊടുക്കാറായി; കാലഹരണപ്പെട്ടതോടെ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഡാറ്റാ ചോര്‍ച്ചയും സേവനങ്ങളില്‍ കാലതാമസവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; നവീകരണ പദ്ധതിക്കായി ഐ.ടി മിഷന്‍ ആവശ്യപ്പെട്ട 81 കോടി കൊടുക്കുമോ?
ഉപകരണങ്ങള്‍, ആക്രി, കാലഹരണപ്പെടല്‍, കളക്ടററ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്തംഭനം, നവീകരണ പദ്ധതി, ഐടി മിഷന്‍, പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കാലഹരണപ്പെട്ട ഉപകരണങ്ങള്‍ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള 4,800 സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് കേരള ഐ.ടി മിഷന്‍. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഡാറ്റാ ശേഖരത്തിന്റെ സുരക്ഷയില്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. സ്റ്റോറേജ് പരിധി കഴിഞ്ഞതുള്‍പ്പെടെയുളള ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള നവീകരണ പദ്ധതിക്ക് 81 കോടിയോളം രൂപ ചെലവു വരുമെന്നും ഐ.ടി മിഷന്‍ റിപ്പോര്‍ട്ടു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പാണ് പദ്ധതി നടപ്പാക്കേണ്ടത്. ദിവസേന ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്താതിരുന്നതാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമാകുന്നത്.
സര്‍ക്കാര്‍ ഗവേണന്‍സ് സംവിധാനത്തിന്റെ വേഗതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന കണ്ടെത്തലാണ് കേരള ഐ.ടി മിഷന്‍ കഴിഞ്ഞ ദിവസം നടത്തിയത്. സെക്രട്ടറിയേറ്റ് ഒഴികെയുള്ള 4,800 സര്‍ക്കാര്‍ ഓഫീസുകളെ സംസ്ഥാന ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുന്ന കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്കിലെ (കെ- സ്വാന്‍) ഭൂരിഭാഗം ഉപകരണങ്ങളും കാലഹരണപ്പെട്ടെന്നും അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നുമാണ് ഐ.ടി മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 14 ജില്ലാ കളക്ടറേറ്റുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പെടെയുള്ള 4,800 സര്‍ക്കാര്‍ ഓഫീസുകളിലെ ഉപകരണങ്ങളാണ് കാലഹരണപ്പെട്ടത്. ഇവ മാറ്റിസ്ഥാപിച്ച് നവീകരണ പദ്ധതി നടപ്പാക്കാന്‍ 81 കോടിരൂപ ആവശ്യമാണെന്നും ഐ.ടി മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2008 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്നതാണ് കെസ്വാന്‍ നെറ്റ്വര്‍ക്ക്. കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളെ പരസ്പരം ബന്ധിപ്പിച്ച് ഇ- ഗവേണന്‍സ് സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍, ഈ ശൃംഖലയുടെ ഭാഗമായി ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്വിച്ചുകള്‍, സെര്‍വറുകള്‍, കേബിളുകള്‍ തുടങ്ങിയവയില്‍ ഭൂരിഭാഗവും നിര്‍മ്മാതാക്കള്‍ സാങ്കേതിക പിന്തുണ അവസാനിപ്പിച്ച (എന്‍ഡ് ഓഫ് ലൈഫ്) വിഭാഗത്തില്‍പ്പെട്ടവയാണ്. ഇത്തരം ഉപകരണങ്ങള്‍ക്ക് പുതിയ സുരക്ഷാ അപ്‌ഡേറ്റുകളോ പരിഷ്‌കാരങ്ങളോ ലഭിക്കില്ല. ഇത് ഡാറ്റാ സുരക്ഷയെ ഗുരുതരമായി ബാധിക്കും. സ്റ്റോറേജ് പരിധി കഴിഞ്ഞ ഉപകരണങ്ങളും പല സ്ഥലത്തുമുണ്ട്. എത്ര മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ (ബാന്‍ഡ്വിഡ്ത്ത്) ലഭിച്ചാലും ഈ കാലഹരണപ്പെട്ട ഉപകരണങ്ങള്‍ കാരണം അതിന്റെ പൂര്‍ണ്ണമായ വേഗതയോ കാര്യക്ഷമതയോ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ക്ക് ലഭിക്കില്ല.
ഇത് ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വൈകാന്‍ കാരണമാകും. കൂടാതെ, ഡാറ്റാ സുരക്ഷയും ഉറപ്പാക്കാനാകില്ല. അതിനാല്‍ ഡാറ്റാ ചോര്‍ച്ചയുണ്ടാകുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളതെന്ന് ഐ.ടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഐടി മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരം, കാലഹരണപ്പെട്ട എല്ലാ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കും. അതോടൊപ്പം, നെറ്റ്വര്‍ക്കിന്റെ പരിപാലനത്തിനും ആവശ്യമായ ബാന്‍ഡ്വിഡ്ത്ത് നല്‍കാനും പുതിയ ഏജന്‍സിയെ കണ്ടെത്താനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമായി ഐടി മിഷന്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും.
നേരത്തെ, കെ- സ്വാന്‍ ശൃംഖലയെ പൂര്‍ണ്ണമായി കെ- ഫോണുമായി സംയോജിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഇത്രയധികം ഉപകരണങ്ങള്‍ മാറ്റേണ്ടിവരുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെ- സ്വാന്‍ നെറ്റ്വര്‍ക്കിന് ആവശ്യമായ ബാന്‍ഡ്വിഡ്ത്ത് മാത്രം കെ- ഫോണ്‍ വഴി നല്‍കാമെന്നാണ് നിലവിലെ തീരുമാനം. നിലവില്‍ ബി.എസ്.എന്‍.എല്‍ ആണ് കെ- സ്വാന് ബാന്‍ഡ്വിഡ്ത്ത് നല്‍കുന്നത്. നിലവിലെ പരിപാലന ചുമതലയുള്ള റെയില്‍ടെല്ലിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഐടി മിഷന്‍ ലക്ഷ്യമിടുന്നത്. ഇല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരും.