12 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്; ഭര്‍ത്താവിന് പിആര്‍ കിട്ടിയിട്ടും ഭാര്യക്ക് നിഷേധിച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ എത്തി യൂണിവേഴ്‌സറികളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ യുവതിയെ പുറത്താക്കാന്‍ ഹോം ഓഫീസ്
12 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്
ലണ്ടന്‍: ഉന്നത അക്കാദമിക യോഗ്യതകളുള്ള ഇന്ത്യന്‍ യുവതിയെ നാടുകടത്താന്‍ ഒരുങ്ങുകയാണ് ഹോം ഒഫീസ്. ഇന്ത്യയില്‍ ഉള്ള ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താന്‍ അവര്‍ അധിക ദിവസങ്ങള്‍ ചെലവഴിച്ചു എന്നതാണ് അതിന് കാരണമായി പറയുന്നത്. യൂണിവേഴ്സിറ്റി ഓക്സ്‌ഫോര്‍ഡുമായുള്ള പ്രതിബദ്ധതയുടെ പേരില്‍ മണികര്‍ണിക ദത്ത 37 വയസ്സുള്ള ചരിത്രകാരി ഒരു ഗവേഷണം നടത്തുകയുണ്ടായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ പുരാവസ്തു രേഖകള്‍ പഠിക്കുകയും ഒന്നിലധികം അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തത് അതിന്റെ ഭാഗമായിട്ടായിരുന്നു.
ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമങ്ങള്‍ അനുസരിച്ച്, യു കെയില്‍ 10 വര്‍ഷക്കാലം താമസിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കാന്‍ അപേക്ഷിക്കണമെങ്കില്‍ അപേക്ഷിക്കുന്നതിന് മുന്‍പുള്ള 10 വര്‍ഷ കാലയളവില്‍ പരമാവധി 548 ദിവസം മാത്രമെ ബ്രിട്ടന് പുറത്ത് താമസിക്കാന്‍ പാടുകയുള്ളു. എന്നാല്‍, ഗവേഷണാവശ്യങ്ങള്‍ക്കായി മണികര്‍ണിക ദത്തക്ക് 691 ദിവസം ബ്രിട്ടന് പുറത്ത് കഴിയേണ്ടതായി വന്നു. മറ്റു പല അക്കാദമിക്സിനും സമാനമായ പ്രശ്നം അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്.
യു കെയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതിനു പുറമെ, ബ്രിട്ടനില്‍ ഒരു കുടുംബ ജീവിതം ഇല്ലാത്തതിനാല്‍ ബ്രിട്ടനില്‍ തുടരാനും ഇവര്‍ക്കാവില്ലെന്നാണ് ഹോം ഓഫീസ് പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഭര്‍ത്താവുമൊത്ത് ഇവര്‍ തെക്കന്‍ ലണ്ടനിലാണ് താമസിക്കുന്നത് എന്നതാണ് വാസ്തവം. ഡുബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജില്‍ സ്‌കൂള്‍ ഓഫ് ഹിസ്റ്ററിയിലെ അസ്സിസ്റ്റന്റ് പ്രൊഫസറാണ് മണികര്‍ണിക ദത്ത. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്‌ഗോയില്‍ സീനിയര്‍ ലക്ചറര്‍ കൂടിയായ ഭര്‍ത്താവ് ഡോക്ടര്‍ സൗവിക് നാഹയ്ക്കൊപ്പമാണ് അവര്‍ താമസിക്കുന്നതും.
നാടുവിടണമെന്ന് ആവശ്യപ്പെട്ട് ഈമെയില്‍ സന്ദേശം ലഭിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് ദത്ത പറയുന്നത്. യു കെയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ ജോലി ചെയ്തിട്ടുള്ള താന്‍ കഴിഞ്ഞ 12 വര്‍ഷക്കാലമായി ബ്രിട്ടനില്‍ താമസിക്കുകയാണെന്നും അവര്‍ പറയുന്നു. മാസ്റ്റേഴ്സ് ഡിഗ്രിക്കായി ബ്രിട്ടനില്‍ എത്തിയതിനു ശേഷം ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് ഇവിടെയാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവര്‍ ഐ എല്‍ ആറിനായി അപേക്ഷിച്ചത്. ഇവര്‍ക്കൊപ്പം അപേക്ഷിച്ച ഭര്‍ത്താവിന് അനുമതി ലഭിച്ചപ്പോള്‍ മണികര്‍ണിക ദത്തയ്ക്ക് അത് നിഷേധിക്കുകയായിരുന്നു.