'വിഷമമുണ്ട്, നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; പറഞ്ഞത് ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള്‍ ധീരനിലപാടിനെ അഭിനന്ദിക്കാന്‍ പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര്‍ രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ്‍ പോലും എടുത്തില്ല'; ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍

'വിഷമമുണ്ട്, നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല;

Update: 2024-10-31 02:45 GMT

കണ്ണൂര്‍: കണ്ണൂര്‍ എംഡിഎമ്മിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. എ.ഡി.എമ്മിനെതിരേ അഴിമതിയാരോപിച്ചു നടത്തിയ സ്ഥിരം കണ്ണൂര്‍ രാഷ്ട്രീയ ശൈലിയാണ് അവര്‍ക്ക് വിനയായി മാറിയത്. തനിക്ക് അടുപ്പക്കാരനായ വ്യക്തിക്ക് പെട്രോള്‍ പമ്പ് നല്‍കാന്‍ എന്‍.ഒ.സി താന്‍ ആവശ്യപ്പെട്ട് നല്‍കാതിരുന്നതില്‍ എഡിഎമ്മിനോടുള്ള ചൊരുക്കു തീര്‍ക്കുകയായിരുന്നു ദിവ്യ.

ഇങ്ങനെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഇടയാക്കിയ സംഭവവും അതിന് ശേഷം നവീന്‍ബാബുവിന്റെ ആത്മഹത്യക്ക് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ചും ദിവ്യ പോലീസിനോട് തുറന്നു പറഞ്ഞു. രണ്ട് ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്നാണ് ദിവ്യ പോലീസിന് മൊഴി നല്‍കിയത്. എഡിഎമ്മിനുള്ള യാത്രയയപ്പ് യോഗത്തിനു ശേഷം അഭിനന്ദിച്ച് കളക്ടറേറ്റിലെ ജീവനക്കാരടക്കം ഒട്ടേറെപ്പേര്‍ രാത്രി ഫോണ്‍വിളികളും സന്ദേശങ്ങളുമായി എത്തിയിരുന്നു എന്നാണ് ദിവ്യ പറയുന്നത്.

അഴിമതിക്കെതിരേ ധീരമായ നിലപാടെടുത്തെന്നും പലരും പറഞ്ഞിരുന്നതായി ദിവ്യ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. എന്നാല്‍, രാവിലെ എ.ഡി.എം. മരിച്ചതോടെ അവരൊക്കെ നേരെ എതിരായി. ചിലര്‍ രാക്ഷസിയെന്നു വിളിച്ച് ആക്ഷേപിച്ചു. മറ്റു ചിലര്‍ ഫോണ്‍ബന്ധം വിച്ഛേദിച്ചു. ഇങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍ നേരിട്ടതായി ദിവ്യ മൊഴി നല്‍കി. സൈബറിടത്തില്‍ അടക്കം ദിവ്യക്കെതിരെ വിമര്‍ശനം ശക്തമാകവേയാണ് ദിവ്യ ഇക്കാര്യങ്ങല്‍ പറഞ്ഞത്.

അതേസമയം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അന്വേഷണസംഘം ചോദ്യംചെയ്തത് മൂന്നുമണിക്കൂറോളമായിരുന്നു. ചോദ്യങ്ങള്‍ക്ക് ആദ്യമൊക്കെ ധൈര്യപൂര്‍വം മറുപടി നല്‍കിയെങ്കിലും പിന്നീട് പല ചോദ്യങ്ങളുടെ മുന്നിലും അവര്‍ പതറി എന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അതില്‍ വിഷമമുണ്ട് എന്നാണ് ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനുള്ളില്‍ കാണാമെന്നു പറഞ്ഞത് ഭീഷണിയുടെ സ്വരത്തിലായിരുന്നില്ല. ചില തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നാണ് ദിവ്യ വാദിച്ചത്. എന്നാല്‍, അതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവില്ലെന്നായിരുന്നു ഇവരുടെ വാദം.

പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കാന്‍ എ.ഡി.എം. പണം വാങ്ങിച്ചു. അക്കാര്യം പ്രശാന്തന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എമ്മിനോട് ചോദിച്ചത്. എന്നാല്‍, പണം വാങ്ങിയെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കുന്നതില്‍ വലിയ താത്പര്യം എടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. കളക്ടറെ വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. യോഗാധ്യക്ഷയുടെ സമ്മതപ്രകാരമാണ് സംസാരിച്ചത്. ചാനല്‍ വീഡിയോ ഗ്രാഫറെ വിളിച്ചു എന്നീ കാര്യങ്ങള്‍ സമ്മതിച്ചു.

അതേസമയം ജാമ്യഹര്‍ജിയില്‍ ദിവ്യ മറുവാദങ്ങളാണ് ഉയര്‍ത്തിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി ഇനി പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടും. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീന്‍ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പി.പി. ദിവ്യ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകനും നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പോലീസ് അന്വേഷിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മൊഴിയെടുക്കണം. പരാതിക്കാരനായ പ്രശാന്തന്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ടില്‍ അതിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് ക്വാര്‍ട്ടേഴ്സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു.

എ.ഡി.എം. നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കഴിഞ്ഞദിവസമാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ദിവ്യ പോലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.

Tags:    

Similar News