ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ താന്‍ 23 വിദേശയാത്ര നടത്തിയെന്ന ആരോപണം വ്യാജം; വിദേശ യാത്ര നടത്തിയത് രണ്ടുതവണ മാത്രം; കെട്ടിച്ചമച്ച വാര്‍ത്തയ്ക്ക് മാപ്പ് പറയണമെന്ന് പി പി ദിവ്യയുടെ വീഡിയോ; നവീന്‍ ബാബു മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ താന്‍ 23 വിദേശയാത്ര നടത്തിയെന്ന ആരോപണം വ്യാജം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് താന്‍ 23 തവണ വിദേശ യാത്ര നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പി.പി ദിവ്യ സോഷ്യല്‍ മീഡിയ വീഡിയോയിലുടെ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ചില മുഖ്യധാര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തന്നെ വേട്ടയാടാന്‍ വേണ്ടി കെട്ടിചമച്ചതാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് രണ്ടേ രണ്ടുതവണ മാത്രമേ താന്‍ വിദേശ യാത്ര നടത്തിയിട്ടുള്ളു. ഈ കാര്യം തന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും. ഗള്‍ഫ് പ്രവാസി സംഘടനയായ കെ.എം.സി.സിയുടെയും പ്രവാസി വ്യവസായ സംഘടനയായ വെയ്ക്കിന്റെയും പരിപാടികളില്‍ പങ്കെടുക്കാനാണ് പോയത്. ഇതില്‍ കെ.എം.സി സി യുടെ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ വിദേശ യാത്ര നടത്തണമെങ്കില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. 23 വിദേശയാത്ര നടത്തിയെന്ന് ആരോപിക്കുന്നവര്‍ അതു തെളിയിക്കാനും തയ്യാറാകണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരികേണ്ടി വരും. സി.പി.എമ്മിന്റെ പ്രവര്‍ത്തകയായതു കൊണ്ടാണ് തനിക്കെതിരെ മാധ്യമവേട്ട നടക്കുന്നത്. കോണ്‍ഗ്രസിന്റെയോ ബി ജെ പി യുടെയോ പ്രവര്‍ത്തകയാണെങ്കില്‍ തനിക്കെതിരെ ഇത്തരത്തിലുള്ള കടന്നാക്രമണം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും പി പി ദിവ്യ പറഞ്ഞു.
വസ്തുതയുമായി ബന്ധമില്ലാത്ത വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയായ താന്‍ കേസില്‍ പ്രതിയാണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ഇവിടെ കോടതിയുണ്ട്. തന്റെ കേസില്‍ കോടതിയാണ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത്. നിയമസംവിധാനത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് ജീവിച്ചു പോകുന്നതെന്നും ദിവ്യ പറഞ്ഞു.
തനിക്കെതിരെ വാര്‍ത്ത ചമച്ചവര്‍ പരസ്യമായി മാപ്പുപറയണം ഇത്തരം വാര്‍ത്തകളില്‍ ഒരു പാടുപേര്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട.് സാധാരണക്കാരായ ആളുകള്‍ അറിയുന്നതിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അവരുടെ പിന്‍തുണ താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു. പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതു പ്രൊഫൈലുകള്‍ പി.പി ദിവ്യയുടെ വീഡിയോക്ക് വലിയ പ്രചാരണമാണ് നല്‍കുന്നത്.
ഇതിനിടെ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറി വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറാണ് കേസ് അന്വേഷണം പൂര്‍ത്തീകരിച്ചത്. ഒക്ടോബര്‍ 14 ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നുവന്ന പി.പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കുറ്റം. അതുകൊണ്ടുതന്നെ ഈ കേസില്‍ ദിവ്യ മാത്രമാണ് പ്രതി.
എഡി എം തസ്തികയില്‍ ജോലി ചെയ്യുന്ന നവീന്‍ ബാബു ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി 98, 500 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പ്രശാന്തനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുവായതിനാലാണ് വ്യാജ ആരോപണം ഉന്നയിച്ച പ്രശാന്തനെ കേസില്‍ പ്രതിയാക്കാതെ പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയതെന്ന ആരോപണം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ കൈകൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നില്ല.