'ആന്റോയുടെ ഭാഗത്ത് സത്യമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു, ഇപ്പോള്‍ അത് ബോധ്യപ്പെട്ടു'; മുട്ടില്‍ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനുമായി സൈബര്‍ സഖാക്കള്‍; ബിനീഷ് കോടിയേരി അടക്കുള്ള സഖാക്കള്‍ രംഗത്തെത്തിയത് ഒരേ ഫാക്ടറിയില്‍ വിരിഞ്ഞ ന്യായീകരണ കണ്ടന്റുകളുമായി

മുട്ടില്‍ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനുമായി സൈബര്‍ സഖാക്കള്‍

Update: 2025-11-18 12:59 GMT

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡിയെന്ന് അവകാശപ്പെടുന്ന ആന്റോ അഗസ്റ്റിനും പറഞ്ഞത് അനുസരിച്ച് ഇന്നലെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു ദിവസമാണ് കടന്നുപോയത്. അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കേണ്ടിയിരുന്നത് ഇന്നലെയായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്ന് മാത്രമല്ല, മെസിയെ മറയാക്കി നടത്തിയ വലിയ തട്ടിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകളും കേരളക്കര കണ്ടു. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉണ്ടായി.

മെസി വിവാദത്തില്‍ മാധ്യമങ്ങളെല്ലാം സ്‌പോണ്‍സറായി എത്തിയ ആന്റോ അഗസ്റ്റിനെതിരെ തിരഞ്ഞത് കനത്ത തിരിച്ചടിയായിരുന്നു. മാംഗോ ഫോണ്‍ തട്ടിപ്പും മുട്ടില്‍ മരംമുറി വിവാദങ്ങളുമെല്ലാം വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ വേഷം തട്ടി നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും പുറത്തുവന്നു. ഇതോടെ ചാനല്‍ മുതലാളിയെന്ന ഇമേജിന് കോട്ടം തട്ടിയതോടെ പിആര്‍ അഭ്യാസവുമയാണ് ആന്റോ അഗസ്റ്റിന്‍ രംഗത്തുവന്നത്. ഇതിനായി ചില യുട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് ആദ്യം അഭിമുഖം നല്‍കി. അടുത്ത ഘട്ടത്തില്‍ തന്നെ ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ നിരത്തിക്കൊള്ള രണ്ടര മണിക്കൂര്‍ അഭിമുഖം റിപ്പോര്‍ട്ടര്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴിയും നല്‍കി ആന്റോ.

ഈ അഭിമുഖം ക്യാപ്‌സ്യൂളാക്കി സ്വയം വെളുപ്പിക്കാന്‍ പി ആര്‍ അഭ്യാസവുമായാണ് റിപ്പോര്‍ട്ടര്‍ മുതലാളി രംഗത്തുവന്നത്. ഈ പി ആര്‍ ദൗത്യം ഏറ്റെടുത്തു വന്നതാകട്ടെ ഇടതു സൈബര്‍ ഹാന്‍ഡിലുകളും. ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനാണ് സൈബര്‍ സഖാക്കള്‍ രംഗത്തുവന്നത്. റിപ്പോര്‍ട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ അഭിമുഖം ഉയര്‍ത്തിപ്പിടിച്ചാണ് സിപിഎം അനുകൂല പേജുകളുടെ പിആര്‍ ക്യാമ്പയിന്‍ പൊടിപൊടിക്കുന്നത്.

ബിനീഷ് കോടിയേരി മുതല്‍ സിപിഎം അനുകൂല സൈബര്‍ ഹാന്‍ഡിലായ റെഡ് ഇന്ത്യന്‍സ് വരെ ആന്റോയെ വെള്ളപൂശാന്‍ രംഗത്തുവന്നു. ഇത്രയും നല്ലവനായ ഉണ്ണിയായിരുന്നു ആന്റോ എന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയാ കാമ്പയിന്‍. തദ്ദേശ തിരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിലാണ് ഇടതു സൈബറിടത്തിന്‍രെ പി ആര്‍ ക്വട്ടേഷന്‍ എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലരും ആശ്ചര്യം കൊള്ളുന്നു.

ആന്റോ എന്ന 35 വയസ്സുള്ള ഈ യുവാവിനെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, അഭിമുഖം കണ്ടപ്പോഴാണ് ആന്റോയുടെ ഭാഗത്തെ ശരി മനസ്സിലായതെന്നുമാണ് പോസ്റ്റുകളുടെ പൊതുവായ ഉള്ളടക്കം. നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ ആന്റോ സത്യസന്ധനാണൈന്ന് വരെ സൈബര്‍ സഖാക്കള്‍ പറയുന്നുണ്ട്. ഒരേ കുറിപ്പ് തന്നെ കോപ്പി പോസ്റ്റ് ചെയ്തിരിക്കുകയാണ് മിക്ക പോസ്റ്റുകളിലും എന്നതാണ് കൗതുകകരം. ഇത് കൃത്യമായ പി ആര്‍ വര്‍ക്കാണ് സൈബറിടത്തില്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ്.


 



അതേസമയം ഇത്തരം പോസ്റ്റുകള്‍ ഇടതുഹാന്‍ഡിലുകളില്‍ വന്നതില്‍ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. സമാനമായ അബദ്ധങ്ങള്‍ മുമ്പ് സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസങ്ങള്‍. 'ദി ബ്രേക്കിങ് പോയിന്റ്' എന്ന തലക്കെട്ടില്‍ ആര്‍.ജെ മാത്തുക്കുട്ടിയുമായി നടത്തിയ അഭിമുഖത്തിലാണ് കേരളത്തിലെ മറ്റു മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആന്റോ അഗസ്റ്റിന്‍ സംസാരിച്ചത്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ചില മാധ്യമങ്ങള്‍ തന്നെ സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആന്റോ ആഗസ്റ്റില്‍ ആരോപിച്ചിരുന്നു.

പിന്നാലെ 'വെറും 35 വയസുള്ള ഈ യുവാവിനെ തകര്‍ക്കാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്രയധികം ശ്രമിക്കുന്നുവെങ്കില്‍, അയാള്‍ ചില്ലറക്കാരനല്ലെന്നും അയാളുടെ ഭാഗത്ത് സത്യമുണ്ടെന്നും ബോധ്യപ്പെട്ടു,' എന്ന് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെ ഫേസ്ബുക്കില്‍ കുറിച്ചു. റെഡ് ഇന്ത്യന്‍, റെഡ് ആര്‍മി തുടങ്ങിയ ഇടത് ഹാന്‍ഡിലുകളും ഇടത് അനുകൂലികളും സമാനമായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാന്‍ ഇറങ്ങിയ ബിനീഷ് കോടിയേരിക്ക് കമന്റ് ബോക്‌സില്‍ കടുത്ത വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. ഈ പി ആര്‍ വര്‍ക്കെല്ലാം കണ്ട് ചില മാധ്യമപ്രവര്‍ത്തകരും തുറന്നെഴുത്തുമായി രംഗത്തുവന്നിട്ടുണ്ട്.

കെ സുനില്‍കുമാര്‍ എഴുതിയ കുറിപ്പ് ഇങ്ങനെ:

ആന്റോ അഗസ്റ്റിനുമായി മാത്തുക്കുട്ടി എന്ന ചെറുപ്പക്കാരന്‍ നടത്തിയ ഇന്റര്‍വ്യൂ കണ്ടിരിക്കാന്‍ രസകരമാണ്. ആന്റോ പണം മുടക്കി നടത്തിയതാണെന്ന് തോന്നുമെങ്കിലും ഉത്തമമായ മാധ്യമ താല്‍പര്യം മാത്രമാണ് അതിനുള്ളത് എന്ന് ഉറപ്പാണ്. എന്തായാലും അത്യന്തം വികാരഭരിതമാണെങ്കിലും നല്ലൊരു എന്റര്‍ടെയിനറാണ് രണ്ട് മണിക്കൂറിലധികം നീളുന്ന അഭിമുഖം.

നാടിനെയും നാട്ടുകാരെയും നന്നാക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ ആന്റോയും സഹോദരന്‍മാരും നടത്തിയ സംരംഭങ്ങളെ തകര്‍ത്തത് കേരളത്തിലെ നാനാതരം മാധ്യമങ്ങളും കോണ്‍ഗ്രസുകാരും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേര്‍ന്നാണ് എന്ന് അദ്ദേഹം സോദാഹരണം വ്യക്തമാക്കുന്നുണ്ട്. മനോരമ, മാതൃഭൂമി, മാധ്യമം, മീഡിയവണ്‍, ഏഷ്യാനെറ്റ് എല്ലാവരും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജനവും ജന്മഭൂമിയും ദേശാഭിമാനിയും കൈരളിയും നികേഷ് കുമാറിന്റെ പഴയ റിപ്പോര്‍ട്ടറും മാത്രമാണ് അദ്ദേഹത്തിന്റെ മഹത്തായ ലക്ഷ്യത്തെ പിന്തുണച്ചതെന്ന് കരുതാം. പിണറായി വിജയന്‍ സര്‍ക്കാരിനും അദ്ദേഹത്തിന്റെ നിരപരാധിത്വവും ഉദ്ദേശ ശുദ്ധിയും അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്.

ബിജെപിക്കും ബിഡിജെഎസും ആന്റോ സഹോദരന്മാരുടെ ദേശ സ്‌നേഹവും മാനവ സേവന താല്‍പര്യവും അറിയാമെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് അവര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്. പക്ഷെ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ താനാണ് മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയെന്ന് തെറ്റിദ്ധരിച്ചതിനാല്‍ ആലപ്പുഴക്കാരനായ തുഷാര്‍ വെള്ളാപ്പള്ളി ആ ദൗത്യം ഏറ്റെടുത്ത് രക്തസാക്ഷിത്വം ഏറ്റുവാങ്ങുകയായിരുന്നു. ആന്റോ തന്നെ പറയുന്നത് പോലെ വയനാട്ടുകാര്‍ക്ക് 'നന്നായി അറിയാവുന്ന' അദ്ദേഹമായിരുന്നു മത്സരിച്ചതെങ്കില്‍ രാഹുല്‍ തോറ്റ് തുന്നം പാടുമായിരുന്നു. ഇനിയും വരുന്ന തിരഞ്ഞെടപ്പുകളില്‍ അതിനുള്ള അവസരം നല്‍കാന്‍ പാര്‍ട്ടികളും മുന്നണികളും തയ്യാറാകണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

അഭിമുഖം കേട്ടപ്പോള്‍ തോന്നിയ ഒരു കാര്യം ആന്റോയുടെ വികസന- സേവന ത്വരയെ തുരങ്കം വെക്കാന്‍ ശ്രമിച്ച എം വി ശ്രേയാംസ് കുമാറിനെയും ആര്‍ജെഡിയെയും പുറത്താക്കി ആന്റോയെയും സഹോദരന്മാരെയും ഏതെങ്കിലും ഇടത് പാര്‍ട്ടിയിലെടുത്ത് വയനാടിനെയും കേരളത്തെയും ഒരുപക്ഷെ ഇന്ത്യയേയും രക്ഷിക്കാനുള്ള അവസരം ഉപയോഗിക്കാന്‍ ഇനിയും വൈകരുത് എന്നാണ്. രാജ്യത്തിനാകെ അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കണമെങ്കില്‍ ബിജെപിയില്‍ എടുക്കുന്നതായിരിക്കും നല്ലത്. മുങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നത് കൊണ്ട് രാജ്യത്തിന് പ്രയോജനപ്പെടില്ല.

സഹോദരന്മാര്‍ക്കെതിരായ എല്ലാ 'കള്ളക്കേസു'കളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കണം. വികസനത്തിനും ജനനന്മക്കുമായി ധീരമായി പോരാടുതിന് അത്തരം നിയമ തടസ്സങ്ങള്‍ ഉണ്ടായിക്കൂടാ. മാധ്യമ സ്വാതന്ത്ര്യത്തിനും രാഷ്ട്ര പുരോഗതിക്കുമായി പോരാടുന്ന റിപ്പോര്‍ട്ടര്‍ ചാനലിന് കേരളത്തിലെ ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്‍കണം. ആവശ്യമെങ്കില്‍ മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ച് പൂട്ടിക്കാന്‍ ശ്രമിക്കണം. ബിസിനസ് ഗ്രൂപ്പുകളും സര്‍ക്കാരുകളും റിപ്പോര്‍ട്ടറിന് മാത്രം പരസ്യങ്ങള്‍ നല്‍കി അകമഴിഞ്ഞ് പിന്തുണക്കണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളം റിപ്പോര്‍ട്ടറിനും അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കും ഒപ്പം നില്‍ക്കണം. അവരെ വെറുതെ വെയിലത്തും മഴയത്തും മഞ്ഞത്തും നിര്‍ത്തി അനാഥരാക്കരുത്.

Tags:    

Similar News