കിറ്റക്‌സ് വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം; കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്; സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പ്രതികരണം; ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്; കേരളത്തില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന സാബു ജേക്കബിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്

കിറ്റക്‌സ് വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം

Update: 2025-06-08 11:49 GMT

കൊച്ചി: കിറ്റെകസ് കേരളം വിടുന്നുവെന്ന സാബു എം ജേക്കബിന്റെ പ്രഖ്യാപനത്തില്‍ മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. കേരളത്തില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന സാബുവിന്റെ വാക്കുകള്‍ക്കാണ് രാജീവ് മറുപടിയുമായി രംഗത്തുവന്നത്. വിദേശ നിക്ഷേപത്തില്‍ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ പ്രതികരണം. വ്യവസായിയുടേത് അല്ലെന്നും രാജീവ് പറഞ്ഞു.

കിറ്റക്‌സ് വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം. മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്നായിരുന്നു മന്ത്രി പരിഹസിച്ചത്. കിറ്റക്‌സ് ഇത്രയും വളര്‍ന്നത് കേരളത്തില്‍ നിന്ന് കൊണ്ടാണ്. അത് തന്നെ ഒരു നേട്ടമല്ലേ? ദാവോസില്‍ നടന്ന പരിപാടിയില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപത്തില്‍ 100 ശതമാനം വളര്‍ച്ച നേടിയ സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ആന്ധ്രയെക്കാള്‍ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ എച്ച്‌സിഎല്‍ നാളെ കേരളത്തില്‍ വലിയ ക്യാമ്പ് തുറക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് എറണാകുളത്തെ കിറ്റക്‌സ് പ്ലാന്റില്‍ എത്തിയതെന്ന് ആന്ധ്രാ ടെക്‌സ്‌റ്റൈല്‍ മന്ത്രി സവിത പ്രതികരിച്ചു. സന്ദര്‍ശനത്തില്‍ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇനി വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയില്‍ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.

ലോകത്തെ ട്രേഡ് സംവിധാനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ആന്ധ്രമുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചര്‍ച്ച നടത്തും. കേരളത്തില്‍ തുടര്‍ നിക്ഷേപം നടത്താന്‍ താത്പര്യമില്ലെന്നും സാബു പറഞ്ഞിരുന്നു. തെലങ്കാനയിലെ പോലെ ആന്ധ്രയിലും വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. വ്യവസായ മേഖല വളര്‍ത്തിയെടുക്കാനുള്ള ആന്ധ്രസര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ക്ഷണം ലഭിച്ചത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ പിന്നിലുള്ള ആന്ധ്രയെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലോത്തിങ് നിര്‍മാതാക്കളായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കേരളത്തിലെ ബിസിനസിന്റെ വലിയൊരു ഭാഗം സാബു എം.ജേക്കബ് തെലങ്കാനയിലേക്ക് പറിച്ചുനട്ടിരുന്നു. 3,500 കോടി രൂപ നിക്ഷേപത്തില്‍ ഹൈദരാബാദലും വാറങ്കലിലുമാണ് കിറ്റക്‌സ് ഗ്രൂപ്പ് പുതിയ കമ്പനികള്‍ സ്ഥാപിച്ചത്. വാറങ്കലിലെ കമ്പനി ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

250 ഏക്കര്‍ വീതമുള്ളതാണ് 2 കമ്പനികളും. 12,000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഹൈദരാബാദിലേത് 2026 ഡിസംബറിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെ 14,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചേക്കും. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഇപ്പോള്‍ 11,000 ജീവനക്കാരാണ് ഉള്ളത്. 2021ലാണ് തന്റെ ബിസിനസിന്റെ വലിയ ഭാഗം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് സാബു പ്രഖ്യാപിക്കുന്നത്. തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലേക്കും കിറ്റക്‌സ് വ്യാപിപ്പിക്കുമ്പോള്‍ കിറ്റക്‌സ് പൂര്‍ണമായും കേരളം വിടുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags:    

Similar News