പി വി അന്‍വറിന് ജാമ്യം; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി; പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവെക്കണം; ജാമ്യത്തുകയായ 50000 രൂപ കെട്ടിവെക്കണം; എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്നും ജാമ്യ വ്യവസ്ഥ

പി വി അന്‍വറിന് ജാമ്യം

Update: 2025-01-06 11:37 GMT

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ റിമാന്‍ഡിലായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ജാമ്യം. നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്നും എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജറാകണമെന്നുമാണ് ജാമ്യ വ്യവസ്ഥയായി കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. അത് കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെക്കണം.

പോലീസിന്റെ കസ്റ്റഡി അപേക്ഷയെ തള്ളിയാണ് കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിന് ജാമ്യം അനുവദിച്ച വിധിയെ സ്വാഗതം ചെയ്ത് സഹോദരന്‍ മുഹമ്മദ് റാഫി അടക്കമുള്ളവര്‍ രംഗത്തെത്തി. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു.

അതേസമയം അന്‍വറിന്റെ ജയില്‍വാസം രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലിലാണ് അന്‍വര്‍ അനുകൂലികള്‍. അന്‍വറിനെ അറസ്റ്റു ചെയ്തതതിനെ എതിര്‍ത്ത് യുഡിഎഫ് നേതക്കള്‍ രംഗത്തുവന്നിരുന്നി. ഇതോടെ യുഡിഎഫ് പ്രവേശന ചര്‍ച്ച സജീവമാക്കാനാണ് നീക്കം. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

അന്‍വറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാന്‍ നീക്കം നടന്നുവെന്നും ജയിലില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്നും പിവി അന്‍വറിന് വേണ്ടി ഹാജരായി അഭിഭാഷകന്‍ വാദിച്ചു. അതേസമയം, കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണസംഘത്തിന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും എത്ര നേരവും ഹാജരാകാമെന്നും ജനുവരി 17ന് നിയമസഭ തുടങ്ങുകയാണെന്നും അതില്‍ പങ്കെടുക്കുന്നത് തടയാന്‍ ആണ് നീക്കമെന്നും പിവി അന്‍വര്‍ വാദിച്ചു.

ചേലക്കര കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായതാണ്. ആനയുടെ ആക്രമണത്തില്‍ ആള്‍ മരിച്ചത് ആസൂത്രിതമാണോ എന്ന് അന്‍വര്‍ ചോദിച്ചു. ജനപ്രതിനിധിക്ക് പ്രതിഷേധിക്കാന്‍ അവകാശം ഇല്ലേ?. സമരത്തില്‍ നിലമ്പൂരുകാര്‍ മാത്രം പങ്കെടുക്കാവൂ എന്നുണ്ടോ?. തനിക്കെതിരായ കേസുകള്‍ കെട്ടി ചമ്മച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അന്‍വര്‍ വാദിച്ചു.

അറസ്റ്റ് നിര്‍ബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളതെന്നും എന്തിന് തിരക്കിട്ട് കോടതിയില്‍ ഹാജരാക്കിയെന്നും അന്‍വറിന്റെ അഭിഭാഷകന്‍ വാദിച്ചു. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ താന്‍ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും മറ്റു പ്രതികളെ തിരിച്ചറിയാനാണ് തന്നെ കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതെന്നും ഇതു പോലെ അറസ്റ്റ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ പൊതുപ്രവര്‍ത്തനം നടക്കില്ലെന്നും അന്‍വര്‍ വാദിച്ചു. ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാമെന്നും ജാമ്യം നല്‍കണമെന്നും അന്‍വര്‍ വാദിച്ചു.

എല്ലാ ജില്ലകളിലും വന്യമൃഗശല്യം ഉണ്ട്. അതിലെ ഇരകളാണ് സമരത്തിന് വന്നതെന്നും അതിന് പിന്നില്‍ ആസൂത്രണം ഇല്ലെന്നും കസ്റ്റഡിയില്‍ ഉള്ളവരുടെ പേര് പോലും മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റു പ്രതികളെ കണ്ടെത്താന്‍ തന്നെ കസ്റ്റഡിയില്‍ വേണം എന്ന് പറയുന്നത് തമാശയാണെന്നും പിവി അന്‍വര്‍ വാദിച്ചു.

വീട്ടില്‍ നിന്നാണ് തന്നെ രാത്രി അറസ്റ്റ് ചെയ്തത്. താന്‍ ഒളിവില്‍ അല്ല, ജനപ്രതിനിധിയാണ്. നാശനഷ്ടങ്ങളുടെ കണക്ക് ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ല. ഉച്ചയ്ക്ക് 12.45ന് കസ്റ്റഡിയില്‍ എടുത്തവരുടെ പേര് വൈകിട്ട് 4.46ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഇല്ലെന്നും സമരം സമാധാനപരമായിരുന്നെന്ന് അന്‍വര്‍ വാദിച്ചു.

അന്‍വര്‍ മാത്രമാണ് തിരിച്ചറിയാന്‍ കഴിയുന്നയാളായി ഉണ്ടായിരുന്നതെന്ന് പ്രൊസിക്യൂഷന്‍ മറുപടി നല്‍കി. പരിക്ക് പറ്റിയ പൊലീസുകാര്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതാണ് പേര് ഇല്ലാത്തതിന് കാരണം. ഉച്ചയ്ക്ക് 12 മണി മുതല്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ പേര് എഫ്ഐആറില്‍ ഇല്ലാത്തത് എന്തെന്ന് കോടതി ചോദിച്ചു. നാലു മണിക്കൂര്‍ നേരം ഉണ്ടായിട്ടും എന്താണ് പേര് ഇല്ലാത്തത് എന്താണെന്നും കോടതി ചോദിച്ചു.

അന്‍വറിന്റെ നേതൃത്വത്തിലാണ് 40 പ്രവര്‍ത്തകര്‍ വന്നത്. പൊതു മുതല്‍ നശിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. ഇവര്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകളാണെന്നും അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതായാണ് അന്‍വറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags:    

Similar News