നിവേദ്യ പാത്രം മോഷണം.... സ്വര്‍ണ്ണ ദണ്ഡ് കാണാതകല്‍... ക്യാമറയുള്ള കണ്ണടയുമായി ക്ഷേത്ര രഹസ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്തി.... വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ വെടിയും പൊട്ടി; ആയുധം നിലത്തേക്ക് പിടിച്ചു വൃത്തിയാക്കുന്നതിടെ വെടിയുതിര്‍ന്നത് ദുരന്തം ഒഴിവാക്കി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് പൊട്ടിയത് ഡ്യൂട്ടി മാറ്റത്തിനിടെ

Update: 2025-07-14 07:58 GMT

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ വെടിയൊച്ച. ആയുധം വൃത്തിയാക്കുന്നതിനിടെയാണ് പൊട്ടിയത്. ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും. ഇതിനിടെയാണ് അബദ്ധമുണ്ടായത്. ആയുധം താഴേക്ക് പിടിച്ചാണ് വൃത്തിയാക്കേണ്ടത്. ഈ പ്രോട്ടോകോള്‍ പാലിച്ചതു കൊണ്ട് അപകടമൊഴിവായി. നിലത്തേക്കാണ് വെടിയുതിര്‍ന്നത്. എങ്കിലും വെടിയൊച്ച ക്ഷേത്രത്തില്‍ ആശങ്കയുണ്ടാക്കി. സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് പോലീസ് അന്വേഷണം നടത്തും. ഈ അടുത്ത കാലത്ത് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉയരുന്നത്.

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഗുജറാത്ത് സ്വദേശി ഏറെ ചര്‍ച്ചായിരുന്നു. അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് വിട്ടയച്ചു. സംഘത്തില്‍ സുരേന്ദ്ര ഷായ്‌ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്.

കൗതുകത്തിന് വേണ്ടിയാണ് രഹസ്യ ക്യാമറയില്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്ര ഷായ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടു നടന്നുപോകുമ്പോഴാണ് സുരേന്ദ്ര ഷായുടെ കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കണ്ണട പരിശോധിച്ചു.

തുടര്‍ന്ന് ഇയാളെ ഫോര്‍ട്ട് പോലീസിന് കൈമാറി. വിശദമായ പരിശോധനയില്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന ക്യമറ വിദേശത്തു നിന്നാണ് ഇയാള്‍ വാങ്ങിയത്. പക്ഷേ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇത് ഏറെ വിവാദവുമായി. ഇതിനൊപ്പം അടുത്ത കാലത്ത് ക്ഷേത്രത്തില്‍ സ്വര്‍ണ്ണവും കളവ് പോയി. ഇത് പിന്നീട് കിട്ടുകയും ചെയ്തു. പ്‌ക്ഷേ ആരാണ് ഇതെടുത്തതെന്നും മണ്ണില്‍ ഉപേക്ഷിച്ചതെന്നും കണ്ടെത്താനുമായിട്ടില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ 13 പവന്റെ ദണ്ഡ് ക്ഷേത്രവളപ്പിലെ മണല്‍പ്പരപ്പില്‍നിന്ന് കണ്ടുകിട്ടുകയായിരുന്നു. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ദണ്ഡ് ലഭിച്ചത്.

മണലില്‍ പുതഞ്ഞ നിലയിലായിരുന്നു. ഏഴിനാണ് സുരക്ഷാമുറിയില്‍നിന്ന് ഇത് പുറത്തെടുത്തത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. മോഷണശ്രമമാണെന്ന് കരുതുന്നില്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിക്കുകയും ചെയ്തു. ശ്രീകോവിലിനുമുന്നിലെ വാതില്‍ സ്വര്‍ണം പൊതിയുന്നതിനായാണ് ദണ്ഡ് പുറത്തെടുത്തത്. കാഡ്മിയം കലര്‍ന്നതിനാല്‍ കാഴ്ചയില്‍ പിച്ചളയുടെ നിറമാണ്. പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലി ബുധനാഴ്ചയാണ് അവസാനിച്ചത്. ഇതിനുശേഷം സ്വര്‍ണം മുറിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്ഷേത്രം അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. കുറച്ചു കാലം മുമ്പ് ഉരുളിയും ക്ഷേത്രത്തിനുള്ളില്‍ നിന്നും മോഷണം പോയിരുന്നു. ഇതും കണ്ടെടുക്കാനായി എന്നതാണ് വസ്തുത.

Tags:    

Similar News