പഹല്‍ഗാം ഭീകരാക്രമണ ദിവസം മാത്രം കട തുറക്കാതിരുന്നത് സംശയാസ്പദം; കട ആരംഭിച്ചത് ആക്രമണത്തിന് 15 ദിവസം മുമ്പും; പ്രദേശവാസിയായ കടയുടമ എന്‍ഐഎ കസ്റ്റഡിയില്‍; ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലാക്കാക്കി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് വിവരം? രണ്ടുപാക് ചാരന്മാര്‍ പഞ്ചാബില്‍ പിടിയില്‍
പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം, കട തുറക്കാതിരുന്ന പ്രദേശവാസി എന്‍ഐഎ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം, കട തുറക്കാതിരുന്ന പ്രദേശവാസി എന്‍ഐഎ കസ്റ്റഡിയില്‍. ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പാണ് ഇയാള്‍ പഹല്‍ഗാമില്‍ കട ആരംഭിച്ചത്. ഇയാളെ എന്‍ഐഎയും മറ്റു കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം നൂറോളം പ്രദേശവാസികളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വ്യാപാരിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
അതേസമയം, ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടാകുമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിടുമെന്നായിരുന്നു വിവരം. ഇതിന്റെ ഭാഗമായി ശ്രീനഗറില്‍ പൊലീസിലെ ഉന്നതര്‍ ക്യാംപ് ചെയ്തിരുന്നു. ഡാച്ചിഗാമിലും നിഷാദിലും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കത്രശ്രീനഗര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് തടസപ്പെടുത്തുക ആയിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകള്‍ ഭീകരരുടെ വെടിയേറ്റു മരിച്ച ഏപ്രില്‍ 22 നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതിനിടെ, രണ്ട് പാക്ക് ചാരന്‍മാര്‍ പഞ്ചാബില്‍ പിടിയിലായി. പലക് ഷേര്‍ മാസി, സൂരജ് മാസി എന്നിവരാണ് അമൃത്സറില്‍ പിടിയിലായത്. കരസേന, വ്യോമസേന കേന്ദ്രങ്ങളുടെ നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് പൊലീസ്. രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് റേഞ്ചര്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനിലെ ബഹാവര്‍പുര്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത് ജാഗ്രത ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയില്‍ പലയിടത്തും പ്രകോപനം തുടരുകയാണ്.