വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന് രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
ശ്രീനഗര്‍: സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സഞ്ചാരികള്‍. പരുക്കേറ്റ 12 പേരെ അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി. പക്ഷേ വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടടുത്ത് നിന്ന് വെടിവച്ചത് കൊണ്ടാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്.
പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബെയ്‌സരാന്‍ പുല്‍മേട്. ഇവിടേക്ക് കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ വരാന്‍ കഴിയൂ. മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പുല്‍മേട്ടിലേക്ക് എത്തിയ ഭീകരര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കും, കുതിര സവാരി നടത്തുന്നവര്‍ക്കും ഒക്കം നേരേ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി. ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ആക്രമണമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു. അമിത് ഷാ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ ആഭ്യന്തര മന്ത്രി നാളെ സന്ദര്‍ശനം നടത്തും. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘവും സൈന്യത്തിന്റെ വടക്കന്‍ മേഖല കമാന്‍ഡറും നാളെ പഹല്‍ഗാമിലെത്തും.
സൗദി സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി ചര്‍ച്ച ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത പാക് ഭീകരസംഘടനയായ ലഷ്‌കറി തോയിബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് ( ടി ആര്‍ എഫ് ) ഏറ്റെടുത്തു. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. കൊല്ലപ്പെട്ട 26 പേരില്‍ രണ്ട് വിദേശികളും രണ്ട് കശ്മീരികളും ഉള്‍പ്പെടുന്നു. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് അനന്ത്‌നാഗ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ തുറന്നു. ബന്ധപ്പെടാനുള്ള നമ്പര്‍: 596777669; 01932225870; വാട്‌സാപ്പ്: 9419051940
അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാര്‍ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ ഉള്ളത്. ടൂറിസ്റ്റുകള്‍ ആയി കര്‍ണാടകയില്‍ നിന്ന് 12 പേര്‍ ഉണ്ടായിരുന്നു. ഒരേ സംഘത്തില്‍ ഉള്ളവര്‍ അല്ല ഇവരെന്നാണ് റിപ്പോര്‍ട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആണ് മഞ്ജുനാഥ റാവു.
ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളില്‍ പരിശോധനയും ശക്തമാക്കി. സഞ്ചാരികളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.