വെടിവച്ച ശേഷം അവർ ചിരിച്ചു; മുഖത്ത് ഒരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല; പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു; മതം എന്താണെന്ന് ചോദിച്ചു; ഒന്നും കണ്ണിൽ നിന്നും മായുന്നില്ല; ഭീകര ദൃശ്യങ്ങൾ നേരിൽ കണ്ട നടുക്കത്തിൽ ആളുകൾ; പുറത്തുവരുന്നത് കരളലിയിപ്പിക്കും വിവരങ്ങൾ; പഹൽഗാമിലെ ഭീകരാക്രമണം വേദനയാകുമ്പോൾ!

Update: 2025-04-24 17:12 GMT

അഹമ്മദാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കുകയാണ്. ഒന്നും അറിയാത്ത 26 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇപ്പോഴിതാ, കരളലിയിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭീകരവാദികൾ തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം ചിരിക്കുകയായിരുന്നു എന്ന് ഭീകരാക്രമണത്തിൽ മരിച്ച ശൈലേഷ് കലാത്തിയയുടെ ഭാര്യ വെളിപ്പെടുത്തുന്നു.

വെടിവെച്ച ശേഷം അവരുടെ മുഖത്ത് യാതൊരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം അവര്‍ ചിരിക്കുകയായിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കലാത്തിയ ഉൾപ്പെടെ മൂന്ന് ഗുജറാത്തികൾ ഉണ്ടായിരുന്നു. യതീഷ് പർമർ, മകൻ സ്മിത് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിക്കുകയും ചെയ്തു.

ഒരു ഭീകരവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭര്‍ത്താവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം വെടിവച്ചു. അദ്ദേഹത്തെ പോലെ മറ്റ് ഹിന്ദുക്കളായ പുരുഷന്മാരെ അവരവരുടെ കുട്ടികളുടെയും ഭാര്യയുടെയും മുന്നിൽ വച്ച് വെടിവച്ചു. ഒരു ദയയും ഇല്ലാതെ വെടിവച്ച ശേഷം അയാൾ ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുന്നതുവരെ അവിടെ തന്നെ നിന്നു. പിതാവ് ഒരു ഹിന്ദുവായതിനാലാണ് തന്റെയും അമ്മയുടെയും മുന്നിൽ ഒരു തീവ്രവാദി അദ്ദേഹത്തെ വെടിവച്ചു കൊന്നതെന്ന് മകൻ നക്ഷ് പറഞ്ഞു.

"വെടിയൊച്ച കേട്ടയുടനെ, എല്ലാ വിനോദസഞ്ചാരികളും പഹൽഗാമിൽ അഭയം തേടി ഓടാൻ തുടങ്ങി. രണ്ട് തീവ്രവാദികൾ ഞങ്ങളെ കണ്ടെത്തി, ഞങ്ങളുടെ മതം എന്താണെന്ന് പറയാൻ ആവശ്യപ്പെട്ടു. അവർ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു, ഹിന്ദുക്കളും മുസ്ലീങ്ങളും. തുടർന്ന്, എന്റെ അച്ഛൻ ഉൾപ്പെടെ എല്ലാ ഹിന്ദു പുരുഷന്മാരെയും അവർ വെടിവച്ചു കൊന്ന്, ഓടിപ്പോയി," എന്നും നക്ഷ് പറയുന്നു.

ആക്രമണ സമയത്ത്, ആ പ്രദേശത്ത് ഏകദേശം 20 മുതൽ 30 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഞാനും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മാറ്റിയ ശേഷം, തീവ്രവാദികൾ അവരോട് 'കൽമ' ചൊല്ലാൻ ആവശ്യപ്പെട്ടു. അത് ചൊല്ലിയ മുസ്ലീങ്ങളെ വെറുതെ വിട്ടു. പക്ഷേ, ചൊല്ലാൻ കഴിയാത്തവരെ അവര്‍ വെടിവച്ചു കൊന്നുവെന്നും കൊല്ലപ്പെട്ട സ്മിത് പർമറിന്റെ മാതൃസഹോദരൻ സാർത്ഥക് നതാനി പറഞ്ഞു. കാലത്തിയയുടെ മകൻ നക്ഷ് സൂറത്തിൽ വെച്ച് പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു.

അതിനിടെ, ഇന്നലെയാണ് അട്ടാരിയിലെ സംയോജിത ചെക്ക്‌പോസ്റ്റ് അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് മെയ് ഒന്നിന് മുമ്പ് ആ വഴി തിരികെ വരാമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണമെന്ന് നിർദേശിക്കുകയും ചെയ്ത കേന്ദ്രം, പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചു.

ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥരും മടങ്ങിപ്പോകണം. ഇസ്‌ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55ൽ നിന്ന് 30 ആയി കുറയ്ക്കാനും തീരുമാനിച്ചു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു.‌ പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ഇന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇന്ത്യയിലുള്ള ‌‌‌പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

മെഡിക്കൽ വിസയിലുള്ള പാക് പൗരന്മാരുടെ വിസാ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News