ജമ്മുവും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും; 50 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സേന ചെറുത്തു; 8 മിസൈലുകള്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി; ജമ്മുവിലും കുപ് വാരയിലും പഞ്ചാബിലും ബ്ലാക്ക് ഔട്ട്; എങ്ങും എയര്‍ സൈറണുകള്‍ മുഴങ്ങുന്ന ശബ്ദം
ജമ്മു-കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍- മിസൈല്‍ ആക്രമണം
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍- മിസൈല്‍ ആക്രമണം. പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും ലക്ഷ്യമാക്കി ഡ്രോണുകള്‍ തൊടുത്തുവിട്ടു. ഡ്രോണുകള്‍ വെടിവച്ചിട്ട് സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മുവിലാകെ ആകെ 50 ഡ്രോണുകള്‍ വെടിവച്ചിട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാന്‍ തൊടുത്തുവിട്ട 8 മിസൈലുകള്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഖ്‌നൂരിലും ജമ്മുവിലും കശ്മീരിലും വ്യോമാക്രമണ മുന്നറിയിപ്പുമായി എയര്‍ സൈറണുകള്‍ മുഴങ്ങി. വൈദ്യുതി വിളക്കുകള്‍ പൂര്‍ണമായി അണച്ചു. ജമ്മുവില്‍ സ്‌ഫോടന ശബ്ദങ്ങള്‍ക്ക് പിന്നാലെ എയര്‍ സൈറണുകള്‍ മുഴങ്ങി കേട്ടു. 300 കിലോമീറ്റര്‍ അകലെ കുപ് വാര പട്ടണത്തിലും സൈറണുകള്‍ കേട്ടു. ഇരുപട്ടണങ്ങളിലും വൈദ്യുതി വിളക്കുകള്‍ അണച്ചിരിക്കുകയാണ്. സെല്‍ഫോണുകളില്‍ നാട്ടുകാര്‍ എടുത്ത ദൃശ്യങ്ങളില്‍ ആകാശത്ത് ലൈറ്റുകള്‍ കാണാമായിരുന്നു. ഡ്രോണുകളെ ചെറുക്കുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു,
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്വാരയിലാണ് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതത്. പഞ്ചാബിലും വ്യോമാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയിലെ പതിനഞ്ച് ഇടങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ നിര്‍വീര്യമാക്കിയെന്നും തക്കതായ മറുപടി നല്‍കിയെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'മേയ് എട്ടിന് പുലര്‍ച്ചെ പാകിസ്ഥാന്‍ 15 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണത്തിന് ശ്രമം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തു. പാകിസ്ഥാന്‍ ആക്രമണത്തിന്റെ തെളിവിനായുള്ള അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെ പാകിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചു. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തില്‍ നിഷ്‌ക്രിയമായെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് അതേ തീവ്രതയില്‍ മറുപടി നല്‍കിയിട്ടുണ്ട്'- വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.