'ആസാദി' മുദ്രാവാക്യവുമായി പതാകകള്‍ വീശി ആയിരങ്ങള്‍ തെരുവില്‍; പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് റാവല്‍ക്കോട്ടില്‍ വന്‍ പ്രക്ഷോഭം; അടിച്ചമര്‍ത്താന്‍ പാക്ക് സൈന്യത്തിന്റെ ക്രൂരത; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും; നേതാക്കളെ തടങ്കലിലാക്കി; ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് പാക്ക് അധീന കശ്മീര്‍
ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് പാക്ക് അധീന കശ്മീര്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. പ്രധാന പട്ടണമായ റാവല്‍ക്കോട്ടില്‍, ആയിരക്കണക്കിന് സാധാരണക്കാര്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഈ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒന്നാണിത്. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രകടനക്കാര്‍, പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും 'ആസാദി' (സ്വാതന്ത്ര്യം) ആവശ്യപ്പെട്ട് പതാകകള്‍ വീശുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പാക് സൈന്യം പ്രക്ഷോഭകരെ അടിച്ചമര്‍ത്തി.
വര്‍ഷങ്ങളായുള്ള അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പാക് സൈന്യം ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം പാക് അധീന കശ്മീരിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി നേതാക്കളെ തടങ്കലിലാക്കിയിട്ടുണ്ട്.
മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സൈനിക ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍ എന്നിവയ്ക്കായുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാണ് പ്രക്ഷോഭകരുടെ പ്രധാന പരാതി. കൂടാതെ, പ്രാദേശിക പ്രകൃതിവിഭവങ്ങള്‍, പ്രത്യേകിച്ച് ജലവൈദ്യുതിയും ധാതുക്കളും, പഞ്ചാബ് പ്രവിശ്യയുടെയും സൈനിക സ്ഥാപനങ്ങളുടെയും പ്രയോജനത്തിനായി വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
അതേ സമയം സ്വാതന്ത്ര്യദിനം ആഘോഷം അക്രമാസക്തമായതോടെ പാകിസ്ഥാനില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. 8 വയസ്സുള്ള പെണ്‍കുട്ടിയടക്കമാണ് കൊല്ലപ്പെട്ടത് . അശ്രദ്ധമായി വെടിവച്ചതാണ് മരണകാരണം . സംഭവത്തില്‍ 60 ലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ക്കൊപ്പം, ആക്രമണങ്ങളും നടന്നു. കറാച്ചിയിലുടനീളം സമാനമായ ആഘോഷ വെടിവയ്പ്പ് സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കറാച്ചിയിലെ അസിസാബാദിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചത്. കോറാങ്കി മേഖലയില്‍ നടന്ന വെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും വെടിയേറ്റ് മരിച്ചു. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്.അതിനിടെ, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍നിന്നായി ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ആദ്യം, കറാച്ചിയില്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട മരണങ്ങള്‍ കൂടുതലാണ്. ജനുവരിയില്‍ മാത്രം അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 42 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. 233 പേര്‍ക്ക് പരിക്കേറ്റു, അതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.