തിരൂര്‍ക്കാട് സ്വദേശിയെ വിവാഹം കഴിച്ച പാക് യുവതി മലപ്പുറത്ത് എത്തിയത് ഏതാനും ദിവസം മുന്‍പ്; വിസാ വിലക്ക് വന്നത് അറിഞ്ഞയുടന്‍ ഭാര്യയെ സൗദിയിലേക്ക് മടക്കി മലയാളി; സൗദിയില്‍ സ്ഥിര താമസമാക്കിയ യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയത് സന്ദര്‍ശക വിസയില്‍; കേരളീയരെ വിവാഹം കഴിച്ചവര്‍ക്ക് ദീര്‍ഘകാല വിസയുണ്ടെങ്കില്‍ ഇവിടെ തുടരാം; പാക് പൗരന്മാരെ തേടി പോലീസും
തിരുവനന്തപുരം: കേരളത്തിലുള്ള പാക് വിസക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയി. തിരൂര്‍ക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനും ദിവസം മുന്‍പാണെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യുവതി സ്വമേധയാ തിരിച്ചുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ സൗദിയില്‍ സ്ഥിരതാമസക്കാരാണ്. കേരളീയരെ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാക്കിസ്താന്‍ പൗരര്‍ക്ക് കേരളം വിടേണ്ടിവരില്ല. പോലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ചികില്‍സയ്ക്കായി എത്തിവരും മടങ്ങേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ചികില്‍സ തേടി അമ്പതോളം പേര്‍ കേരളത്തില്‍ പാക്കിസ്ഥാനികളായെത്തിയവര്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ വിശദ പരിശോധനയിലൂടെയാണ് വസ്തുതകളിലേക്ക് പോലീസ് എത്തിയത്.
താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാക്കിസ്താന്‍കാര്‍ ചൊവ്വാഴ്ചയ്ക്കുമുന്‍പ് രാജ്യംവിടണം. ഇത്തരത്തില്‍ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേര്‍ മടങ്ങി. ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. അവര്‍ പലരും വിവാഹിതരായി കുടുംഹത്തോടെ കഴിയുന്നവരാണ്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്. ഇതിനിടെയാണ് സൗദിയില്‍നിന്നെത്തിയ പാക് യുവതി തിരിച്ചുപോയത് പോലീസ് തന്നെ മനസ്സിലാക്കിയത്. പാകിസ്താന്‍ പൗരന്മാരെ ഉടന്‍ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്താന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. എല്ലാം സംസ്ഥാനങ്ങളിലുമുള്ള പാക്കിസ്താന്‍ പൗരന്മാരെ കണ്ടെത്തി ഉടന്‍ നാടുകടത്താനാണ് നിര്‍ദേശം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാക്കിസ്താന്‍ പൗരന്മാരോട് ഏപ്രില്‍ 27-നകം ഇന്ത്യ വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകള്‍ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാക്കിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിനുപിന്നാലെയുള്ള സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യയുമായുള്ള 1972-ലെ ഷിംല കരാര്‍ പാക്കിസ്താന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ചെയ്തു.
1988ല്‍ ഇസ്ലാമാബാദില്‍ നടന്ന നാലാം സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജനല്‍ കോഓപ്പറേഷന്‍) ഉച്ചകോടിയുടെ തുടര്‍ച്ചയായി 1992ല്‍ നടപ്പാക്കിയ സാര്‍ക്ക് വീസാ ഇളവു പദ്ധതി പ്രകാരമുള്ള യാത്രകളാണ് ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോള്‍ പരസ്പരം പ്രധാനമായും വിലക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് വീസ ആവശ്യമില്ലെന്ന സ്റ്റിക്കര്‍ വിദേശമന്ത്രാലയങ്ങളില്‍നിന്നു നല്‍കുകയായിരുന്നു രീതി. സ്റ്റിക്കര്‍ ലഭിക്കുന്നവര്‍ക്ക് 8 സാര്‍ക്ക് രാജ്യങ്ങളില്‍ എവിടെയും മറ്റു രേഖകളൊന്നും കൂടാതെ സഞ്ചരിക്കാം. നിലവില്‍ ജഡ്ജിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, നയതന്ത്രജ്ഞര്‍, സാര്‍ക്ക് പദ്ധതികളില്‍ പങ്കെടുക്കുന്ന സന്നദ്ധ സംഘടനകളിലെ ആളുകള്‍ തുടങ്ങി 24 വിഭാഗക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഒരു വര്‍ഷത്തേക്കാണ് ഈ വീസ സ്റ്റിക്കര്‍ സാധാരണ അനുവദിക്കുന്നത്.
1985 ഡിസംബര്‍ എട്ടിന് ബംഗ്ലദേശിലെ ധാക്കയില്‍ വച്ചാണ് സാര്‍ക്ക് രൂപീകൃതമാകുന്നത്. നിലവില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. വീസ ഇളവു മാത്രമല്ല, അക്കാദമിക തലത്തില്‍ ഇന്റേണ്‍ഷിപ് പദ്ധതിയുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം, വിനോദസഞ്ചാരം, കൃഷി തുടങ്ങിയ മേഖലകളിലും സാര്‍ക്ക് രാജ്യങ്ങള്‍ത്തമ്മില്‍ സഹകരണമുണ്ട്.